കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ദ്വീപുകളിലെ സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി പുതിയ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. അനധികൃത പ്രവേശനം തടയുന്നതിനായി ദ്വീപുകളിലെത്തുന്ന എല്ലാ കപ്പലുകളിലും വെസ്സലുകളിലും കർശന പരിശോധന നടത്താനാണ് ഭരണകൂടത്തിന്റെ തീരുമാനം.
ഇതുസംബന്ധിച്ച് അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് അവിനാഷ് സിംഗ് എല്ലാ ഡെപ്യൂട്ടി കളക്ടർമാർക്കും (DC) ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർമാർക്കും (BDO) പ്രത്യേക നിർദ്ദേശം നൽകി.
പ്രധാന തീരുമാനങ്ങൾ:
നിർബന്ധിത പരിശോധന: കപ്പലുകൾ ദ്വീപുകളിൽ എത്തുമ്പോഴും അവിടെനിന്ന് പുറപ്പെടുമ്പോഴും കൃത്യമായ നിരീക്ഷണവും പരിശോധനയും നടത്തണം.
ഏകോപനം: പരിശോധനകൾ ഫലപ്രദമാക്കാൻ പോർട്ട് അധികൃതർ, പോലീസ്, മറ്റ് ബന്ധപ്പെട്ട ഏജൻസികൾ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
ഉത്തരവാദിത്തം: നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ട പൂർണ്ണ ഉത്തരവാദിത്തം അതത് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർമാർക്കും ബി.ഡി.ഒ മാർക്കുമാണ്.
കർശന നടപടി:സുരക്ഷാ പരിശോധനകളിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഭരണകൂടം അറിയിച്ചു.
ദ്വീപുകളിലേക്കുള്ള അനാവശ്യമായ പ്രവേശനവും സുരക്ഷാ ഭീഷണികളും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ അടിയന്തര നടപടി.
