കവരത്തി: ലക്ഷദ്വീപ് ഭരണകൂടം നടപ്പാക്കുന്ന കൂട്ടത്തോടെയുള്ള പ്രീമേച്ചർ റിട്ടയർമെന്റ് നടപടിക്കെതിരെ ആശങ്ക പ്രകടിപ്പിച്ച് എം.പി. അഡ്വ. എം. ഹംദുള്ള സയീദ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്ത് നൽകി. ആഭ്യന്തര മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനായ ഗോവിന്ദ് മോഹനിനാണ് എം.പി. കത്ത് നൽകിയിരിക്കുന്നത്.
ഫണ്ടമെന്റൽ റൂൾ 56(j), FR 56(1), സി.സി.എസ് പെൻഷൻ നിയമം 1972 (ഇപ്പോൾ 2021-ൽ പുതുക്കിയത്) എന്നിവയുടെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കുന്നുണ്ടെങ്കിലും, ഈ നടപടി യഥാർത്ഥത്തിൽ “പബ്ലിക് ഇന്ററസ്റ്റ്” അടിസ്ഥാനമാക്കിയല്ലെന്നും മറിച്ച് ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുള്ള ലക്ഷ്യത്തോടെയാണെന്നും എം.പി. ആരോപിച്ചു.
റിട്ടയർമെന്റിന് പരിഗണിക്കുന്ന പല ജീവനക്കാരുടെയും സർവീസ് രേഖകളിൽ പ്രതികൂല കുറിപ്പുകളോ അഴിമതി ആരോപണങ്ങളോ ഇല്ലാത്ത സാഹചര്യത്തിൽ, വെറും 30 വർഷത്തെ സേവനം പൂർത്തിയാക്കിയതോ 50/55 വയസ് പിന്നിട്ടതോ എന്ന കാരണങ്ങൾ മാത്രം അടിസ്ഥാനമാക്കി നടപടി സ്വീകരിക്കുന്നത് നിയമപരമായി ശരിയല്ലെന്ന് കത്തിൽ ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരം ഇത്തരം നടപടികൾ വ്യക്തിഗതമായി വിലയിരുത്തിയ ശേഷമേ എടുക്കാവൂ എന്നും നടപടികൾ അനുവദനീയമല്ലെന്നും എം.പി. വ്യക്തമാക്കി.
ഇതിനൊപ്പം, ബാധിതരാകുന്നവരിൽ വലിയൊരു വിഭാഗം പട്ടികവർഗ്ഗത്തിൽപ്പെട്ടവരാണെന്നത് ഗൗരവമായ ആശങ്കയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇത് ഭരണഘടനയിലെ സമത്വാവകാശം, തൊഴിൽ അവകാശം, പട്ടികവർഗ്ഗ സംരക്ഷണം എന്നിവയ്ക്ക് വിരുദ്ധമായിരിക്കാമെന്നും കത്തിൽ പറയുന്നു. ലക്ഷദ്വീപിലെ പ്രത്യേക സാമൂഹ്യ സാഹചര്യത്തിൽ ഇത്തരം നടപടികൾ വലിയ തൊഴിൽ നഷ്ടത്തിനും സാമൂഹിക പ്രതിസന്ധികൾക്കും ഇടയാക്കുമെന്നും മുന്നറിയിപ്പ് നൽകി.
ഈ സാഹചര്യത്തിൽ പ്രീമേച്ചർ റിട്ടയർമെന്റ് നടപടികൾ ഉടൻ നിർത്തിവെക്കുക, നടപടിക്രമങ്ങളിൽ വിശദമായ അന്വേഷണം നടത്തുക, കേന്ദ്ര സർക്കാർ മാർഗ്ഗനിർദ്ദേശങ്ങളും ഭരണഘടനാപരമായ സുരക്ഷകളും കർശനമായി പാലിക്കുക, പട്ടികവർഗ്ഗ ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കുക എന്നിവയ്ക്കായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അടിയന്തരമായി ഇടപെടണമെന്ന് എം.പി. ആവശ്യപ്പെട്ടു. ഈ വിഷയം നിയമപരമായ കാര്യങ്ങൾ മാത്രമല്ല, നിരവധി കുടുംബങ്ങളുടെ ജീവിതോപാധിയും മാനവികതയും ഉൾക്കൊള്ളുന്നതാണെന്നും അതിനാൽ അടിയന്തര ശ്രദ്ധ ആവശ്യമാണ് എന്നും ഹംദുള്ള സയീദ് കത്തിൽ ചൂണ്ടിക്കാട്ടി.
