കിൽത്താൻ: മത്സ്യബന്ധന ബോട്ടുകൾ പാസഞ്ചർ വാഹനങ്ങളായി ഉപയോഗിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിച്ച് കിൽത്താൻ പോലീസ്. സ്റ്റേഷൻ ഹൗസ് ഓഫീസർ പുറപ്പെടുവിച്ച ഉത്തരവുപ്രകാരം ഇനിമുതൽ ഫിഷിംഗ് ബോട്ടുകളിൽ യാത്രക്കാരെ കയറ്റി മറ്റു ദ്വീപുകളിലേക്ക് ഗതാഗതം നടത്തുന്നത് നിരോധിച്ചിരിക്കുകയാണ്.
കിൽത്താൻ ദ്വീപിൽ നിന്നും കടമത്ത്, അമിനി ഉൾപ്പെടെയുള്ള സമീപ ദ്വീപുകളിലേക്കും തിരിച്ചും ആളുകൾ മത്സ്യബന്ധന ബോട്ടുകൾ ആശ്രയിച്ച് യാത്ര ചെയ്യുന്നത് പതിവായിരുന്നു. പ്രത്യേകിച്ച് കപ്പൽ സർവീസ് ഉള്ള ദിവസങ്ങളിൽ നിയന്ത്രണമില്ലാതെ വിനോദസഞ്ചാരികളെ ഉൾപ്പെടെ വലിയ തോതിൽ യാത്രക്കാരെ കയറ്റി അപകടകരമായ രീതിയിൽ യാത്ര നടത്തിയതായി അധികൃതർ കണ്ടെത്തിയിട്ടുണ്ട്.
സമീപകാലത്ത് അഗത്തിയിൽ വിനോദസഞ്ചാരികളെ കൊണ്ടുപോയ ബോട്ട് അപകടത്തിൽപ്പെട്ട സംഭവം വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. കൂടാതെ, ബോട്ട് ഓടിക്കൊണ്ടിരിക്കെ ജീവനക്കാർ ഉറങ്ങിപ്പോയ സംഭവവും റിപ്പോർട്ട് ചെയ്തിരുന്നു. ഇത്തരത്തിലുള്ള ഗുരുതരമായ സുരക്ഷാ ലംഘനങ്ങൾ തുടരുന്ന സാഹചര്യത്തിലാണ് പോലീസ് ഇടപെടൽ ശക്തമാക്കിയത്.
യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കുന്ന അനധികൃത ഗതാഗത പ്രവർത്തനങ്ങൾ അവസാനിപ്പിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നത്. നിയമലംഘനം നടത്തുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
