കിൽത്താൻ: കിൽത്താൻ ദ്വീപിലെ പുതിയ ഖാസിയായി ഇ. അബ്ദുള്ളക്കോയ ബാഖവിയെ നിയമിച്ചുകൊണ്ട് ഡെപ്യൂട്ടി കളക്ടർ ഉത്തരവിറക്കി. നിലവിൽ ഖാസി, അസിസ്റ്റന്റ് ഖാസി സ്ഥാനങ്ങളിൽ ഇരുന്നവർ ദീർഘകാലമായി ദ്വീപിന് പുറത്ത് താമസിക്കുന്നത് ഭരണപരമായ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ദ്വീപിലെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിലാണ് പുതിയ ഖാസിയെ തിരഞ്ഞെടുത്തത്.
ഖാസി: ഇ. അബ്ദുള്ളക്കോയ ബാഖവി, അസിസ്റ്റന്റ് ഖാസി: മുഹമ്മദ് ഫൈസി (പള്ളിതിത്തിയോട ഹൗസ്), ഖത്തീബുമാർ: അബ്ദുൽ റൗഫ് ഫൈസി, ജസീർ ഖാൻ ബാഖവി, അഷ്‌റഫ് ഫൈസി.
ദീർഘകാലമായി കിൽത്താൻ ദ്വീപിൽ ഖാസിയായിരുന്ന സി.എച്ച്. ഷമ്മൂൻ ഫൈസി 2024 മാർച്ചിൽ അന്തരിച്ചതിനെത്തുടർന്നാണ് പുതിയ നിയമനം നടത്തിയത്. നേരത്തെ ഖാസിയായി തിരഞ്ഞെടുക്കപ്പെട്ട അസ്ഹർ ഫൈസി കഴിഞ്ഞ 20 വർഷമായി കർണാടകയിലെ മംഗളൂരുവിലാണ് താമസം. പ്രായമായ അദ്ദേഹം ചികിത്സയിലാണെന്നും വർഷത്തിൽ ചുരുങ്ങിയ കാലം മാത്രമാണ് ദ്വീപ് സന്ദർശിക്കുന്നതും. ഒന്നാം അസിസ്റ്റന്റ് ഖാസിയായിരുന്ന നാസർ ഫൈസി കഴിഞ്ഞ 15 വർഷമായി കേരളത്തിലെ കാസർഗോഡ് ജില്ലയിൽ മദ്രസ പ്രധാനാധ്യാപകനായി ജോലി ചെയ്തു വരികയാണ്. ഇവരുടെ അഭാവം നാട്ടിലെ കാര്യങ്ങളിലും ഭരണപരമായ ചടങ്ങുകളിലും വലിയ തടസ്സങ്ങൾ സൃഷ്ടിച്ചിരുന്നു.
മദ്രസ കമ്മിറ്റി അംഗങ്ങൾ, മതപണ്ഡിതർ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്ത യോഗത്തിൽ സുന്നി വിഭാഗങ്ങൾക്കിടയിൽ (ഇ.കെ, എ.പി വിഭാഗങ്ങൾ) വ്യത്യസ്ത അഭിപ്രായങ്ങൾ ഉയർന്നെങ്കിലും, ഒടുവിൽ ഭരണകൂടത്തിന്റെ സാന്നിധ്യത്തിൽ പുതിയ ഖാസിയെ നിശ്ചയിക്കുകയായിരുന്നു.
ദ്വീപിന്റെ വികസന പ്രവർത്തനങ്ങളിലും ദുരന്തനിവാരണ പ്രവർത്തനങ്ങളിലും ഭരണകൂടത്തിന് പിന്തുണ നൽകാനും സാമൂഹിക ഐക്യം നിലനിർത്താനും പ്രാദേശികമായി ലഭ്യമായ നേതൃത്വം വേണമെന്നത് കണക്കിലെടുത്താണ് മുതിർന്ന മതപണ്ഡിതനും സാമൂഹിക പ്രവർത്തകനുമായ അബ്ദുള്ളക്കോയ ബാഖവിയെ ഖാസിയായി നിയമിച്ചതെന്ന് ഡെപ്യൂട്ടി കളക്ടർ കെ. ബുസർ ജംഹർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കുന്നു.
