ജനാധിപത്യവും പൗരത്വവും: അവകാശ സംരക്ഷണത്തിനായുള്ള ഒത്തുചേരൽ;


ഭരണഘടനയും ജനാധിപത്യ മൂല്യങ്ങളും ആധാരമാക്കി കെട്ടിപ്പെടുത്ത ഭാരതമെന്ന പ്രബുദ്ധ രാജ്യത്ത്, സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും നിർവചനങ്ങൾ അതിവേഗം മാറിമറിയുന്ന അടിയന്തരാവസ്ഥയ്ക്ക് സമാനമായ അവസ്ഥയ്ക്കാണ് ഇന്ന് നാം സാക്ഷ്യം വഹിക്കുന്നത്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ആഴത്തിൽ പരിശോധിക്കുമ്പോൾ, ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധ സമീപനങ്ങളും ഏകപക്ഷീയമായ തീരുമാനങ്ങളും ഏറ്റവും കൂടുതൽ ബാധിക്കുന്നത് രാജ്യത്തിന്റെ ഭാവിവാഗ്ദാനങ്ങളായ വിദ്യാർത്ഥികളെയും സാധാരണ പൗരന്മാരെയുമാണ്.
ഇന്നത്തെ ഇന്ത്യയിൽ ഒരു വിദ്യാർത്ഥിയായിരിക്കുക എന്നത് ഒരു കുറ്റവാളിയാകുന്നതിനേക്കാൾ പ്രയാസകരവും അപകടകരവുമായ അവസ്ഥയിലേക്ക് മാറിയിരിക്കുന്നു എന്നത് സ്വതന്ത്ര ചിന്താഗതിക്കാരെ ഞെട്ടിക്കുന്ന ഒരു യാഥാർത്ഥ്യമാണ്. അറിവ് സമ്പാദിക്കാനും, സത്യം തിരയാനും, ഭരണകൂട തിന്മകൾക്കെതിരെ സാമൂഹിക നീതിക്കായി ശബ്ദമുയർത്താനും ബാധ്യസ്ഥരായ വിദ്യാർത്ഥിസമൂഹം ഇന്നു അധികാരികളുടെ പ്രധാന ശത്രുക്കളായി മാറിയിരിക്കുന്നു. ക്യാമ്പസുകൾക്ക് ഉള്ളിലും പുറത്തും സമാധാനപരമായി പ്രതിഷേധിക്കാനുള്ള അവകാശം തടയപ്പെടുകയും, ചോദ്യങ്ങൾ ചോദിക്കുന്ന യുവത്വത്തിന്റെ മേൽ കടുത്ത രാജ്യദ്രോഹ വകുപ്പുകൾ ചുമത്തി ജയിലിലടയ്ക്കുകയും ചെയ്യുന്നത് പതിവു സംഭവമായി മാറിക്കഴിഞ്ഞു. ഒരു ഗുരുതരമായ കുറ്റം ചെയ്ത കുറ്റവാളിക്ക് പോലും നിയമപരമായി ലഭിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും, അവകാശങ്ങൾക്കായി ശബ്ദമുയർത്തുന്ന വിദ്യാർത്ഥികൾക്ക് ഭരണകൂടവും നീതിപീഠത്തിന്റെ ചില തലങ്ങളും നിഷേധിക്കുന്നത് അതീവ ഗുരുതരമായ ജനാധിപത്യ ലംഘനമാണ്.
പൗരന്മാരെ ഭയപ്പെടുത്തി ഭരിക്കുകയും, എതിർശബ്ദങ്ങളെ അടിച്ചമർത്തുകയും ചെയ്യുന്ന നയങ്ങൾ ഒരു ജനാധിപത്യ രാജ്യത്തിന് ചേർന്നതല്ല, മറിച്ച് അത് സ്വേച്ഛാധിപത്യത്തിന്റെ വ്യക്തമായ സൂചനയാണ്. ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പകരം പൗരത്വത്തെ ചോദ്യം ചെയ്യാനും, ചിന്തിക്കുന്ന മനുഷ്യരെ അന്യവൽക്കരിക്കാനുമാണ് ഭരണകൂടം ശ്രമിക്കുന്നത്. രാജ്യത്തിന്റെ നിലനിൽപ്പും വികസനവും ആരോഗ്യകരമായ വിമർശനങ്ങളിലാണ് അധിഷ്ഠിതമായിരിക്കുന്നത്. എന്നാൽ, ഇത്തരം വിമർശനങ്ങളെ സഹിഷ്ണുതയോടെ നേരിടുന്നതിന് പകരം നിശബ്ദമാക്കുക എന്നതാണ് നിലവിലെ രീതി.
ഈ അതീവ ഗുരുതരമായ രാഷ്ട്രീയ സാഹചര്യത്തിൽ, ജനാധിപത്യത്തിന്റെ വീണ്ടെടുപ്പിനായി പ്രതിപക്ഷ നേതാക്കളും വിവിധ രാഷ്ട്രീയ-സാമൂഹിക പ്രസ്ഥാനങ്ങളും നടത്തുന്ന സമരങ്ങൾക്കും പോരാട്ടങ്ങൾക്കും വലിയ ചരിത്രപരമായ പ്രസക്തിയുണ്ട്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആയാലും, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളോ മറ്റ് പ്രതിപക്ഷ കക്ഷികളോ ആയാലും, അതല്ലെങ്കിൽ സാമൂഹിക-ബഹുജന പ്രസ്ഥാനങ്ങളുടെ നേതാക്കന്മാരായാലും—അവർ ഭരണഘടന സംരക്ഷിക്കാനും ജനാധിപത്യ മൂല്യങ്ങൾ വീണ്ടെടുക്കാനുമായി തെരുവിൽ പോരാടുമ്പോൾ, അതിനെ കേവലം ഒരു കക്ഷിരാഷ്ട്രീയ സമരമായി മാത്രം ചുരുക്കിക്കാണരുത്.
നമുക്കിടയിൽ ആശയപരമായും തത്ത്വാധിഷ്ഠിതമായും കക്ഷിരാഷ്ട്രീയപരമായും നിരവധിയായ വിയോജിപ്പുകൾ ഉണ്ടാകാം. എന്നാൽ, രാജ്യത്തിന്റെ ജനാധിപത്യ അടിത്തറയും ഭരണഘടനാ സ്ഥാപനങ്ങളും തകർക്കപ്പെടുന്ന ഈ ഘട്ടത്തിൽ, ആ വ്യക്തിഗത വിയോജിപ്പുകൾ താൽക്കാലികമായി മാറ്റിവെക്കേണ്ടതുണ്ട്. വിയോജിപ്പുകൾക്കതീതമായി രാജ്യത്തിന്റെ അഖണ്ഡതയ്ക്കും ജനാധിപത്യത്തിനും വേണ്ടി ഒരു സാധാരണ പൗരൻ എന്ന നിലയിൽ ഇത്തരം സമരങ്ങളോടൊപ്പം നിലയുറപ്പിക്കുക എന്നത് നമ്മുടെ ഓരോരുത്തരുടെയും ചരിത്രപരമായ കടമയാണ്.
ജനാധിപത്യം എന്നാൽ കേവലം അഞ്ചുവർഷത്തിലൊരിക്കൽ രേഖപ്പെടുത്തുന്ന വോട്ടവകാശം മാത്രമായി ചുരുങ്ങരുത്; മറിച്ച് ഓരോ പൗരന്റെയും അന്തസ്സും, സ്വതന്ത്ര ചിന്തയും, ജീവിക്കാനുള്ള അവകാശവും ഉറപ്പുവരുത്തൽ കൂടിയാണ്. നീതിയും സത്യവും നിഷേധിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ഭരണകൂടത്തിന്റെ അടിച്ചമർത്തലുകൾക്കെതിരെയും ജനാധിപത്യ സംരക്ഷണത്തിനായും ഉയരുന്ന ശബ്ദങ്ങളോട് ചേർന്നുനിൽക്കാൻ നമ്മൾ തയ്യാറാകേണ്ടതുണ്ട്.


      Aboosalih k

Leave a Reply

Your email address will not be published. Required fields are marked *