‘വൺ ആക്ടിവിറ്റി, വൺ ലൈസൻസ്’ നയം പ്രാബല്യത്തിൽ; ലക്ഷദ്വീപിൽ ബിസിനസ് ലൈസൻസിംഗിൽ വൻ പരിഷ്കാരം, മദ്യ വിതരണ ലൈസൻസും പട്ടികയിൽ

കവരത്തി: ലക്ഷദ്വീപിൽ ബിസിനസ് ആരംഭിക്കുന്നതിനും നടത്തുന്നതിനുമുള്ള ലൈസൻസിംഗ് നടപടികൾ ലളിതമാക്കുന്നതിന്റെ ഭാഗമായി ഭരണകൂടം പുതിയ ‘വൺ ആക്ടിവിറ്റി, വൺ ലൈസൻസ്’ (One Activity, One Licence) നയം പ്രാബല്യത്തിൽ വരുത്തി. അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (ADM) അവിനാഷ് സിംഗ് പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനപ്രകാരം, തദ്ദേശീയമായി ഒരു വ്യാപാര സ്ഥാപനത്തിന് പ്രവർത്തനം ആരംഭിക്കാൻ അതത് ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർ നൽകുന്ന പ്രാഥമിക ട്രേഡ് ലൈസൻസ് മാത്രം മതിയാകും. ഇതിലൂടെ ഒന്നിലധികം തദ്ദേശീയ ലൈസൻസുകൾ എടുക്കേണ്ട സാഹചര്യം ഒഴിവാക്കി ലൈസൻസ് നടപടികൾ കൂടുതൽ ലളിതമാക്കാനാണ് ലക്ഷ്യമിടുന്നത്.

അതേസമയം, കേന്ദ്ര നിയമങ്ങൾ പ്രകാരം ആവശ്യമായ FSSAI, ഡ്രഗ് ലൈസൻസ്, PESO, ലീഗൽ മെട്രോളജി, ഫയർ എൻ.ഒ.സി., ലിക്കർ ലൈസൻസ് തുടങ്ങിയ നിയമപരമായ അനുമതികൾ ആവശ്യമായ സ്ഥാപനങ്ങൾ അവ പ്രത്യേകം നേടേണ്ടതുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പ്രത്യേകിച്ച്, ഫുഡ് ആൻഡ് ബെവറേജ് സ്ഥാപനങ്ങളുടെ വിഭാഗത്തിൽ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, റിസോർട്ടുകൾ, ഗസ്റ്റ് ഹൗസുകൾ എന്നിവയിൽ മദ്യം വിതരണം ചെയ്യുന്ന സ്ഥാപനങ്ങൾ കേന്ദ്ര നിയമങ്ങൾക്ക് വിധേയമായി ലിക്കർ ലൈസൻസ് കരസ്ഥമാക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. തീരദേശ മേഖലയിലും വിനോദസഞ്ചാര മേഖലയിലും മദ്യനയവുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ് മദ്യ വിതരണ ലൈസൻസ് ഔദ്യോഗിക ബിസിനസ് വിഭാഗങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.

റീട്ടെയിൽ വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണശാലകൾ, വർക്ക്‌ഷോപ്പുകൾ, ഐ.ടി.യും ഡിജിറ്റൽ സേവനങ്ങളും, നിർമാണ മേഖല, ട്രാവൽ ആൻഡ് ടൂറിസം, മത്സ്യസംസ്‌കരണ കേന്ദ്രങ്ങൾ, വാട്ടർ സ്‌പോർട്സ് സ്ഥാപനങ്ങൾ, മെഡിക്കൽ ഷോപ്പുകൾ എന്നിവ ഉൾപ്പെടെ 12-ഓളം പ്രധാന ബിസിനസ് വിഭാഗങ്ങൾക്കുള്ള ലൈസൻസിംഗ് മാനദണ്ഡങ്ങളും അനുബന്ധ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ലൈസൻസ് നടപടികളിലെ ആവർത്തനങ്ങൾ ഒഴിവാക്കി സംരംഭകർക്ക് കൂടുതൽ സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുന്നതിന് പുതിയ പരിഷ്കാരം സഹായിക്കുമെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിലയിരുത്തൽ.

Leave a Reply

Your email address will not be published. Required fields are marked *