ബോട്ടിലുള്ളവർ ഉറങ്ങി; മൗലാബുഖാരി ബോട്ട് നിയന്ത്രണം വിട്ടു

കടമത്ത്: കിൽത്താനിൽ നിന്നും അമിനിയിലേക്ക് ഉദ്യോഗസ്ഥരുടെ കെട്ടുകളുമായി എത്തിയ ബോട്ട് തിരികെ കിൽത്താനിലേക്ക് മടങ്ങുന്നതിനിടയിൽ നിയന്ത്രണം വിട്ട് അപകടാവസ്ഥ സൃഷ്ടിച്ചു. “മൗലാബുഖാരി” എന്ന പേരിലുള്ള ബോട്ടിലാണ് സംഭവം നടന്നത്.
രാത്രി മുഴുവൻ വിശ്രമമില്ലാതെ ബോട്ട് ഓടിച്ചതിന്റെ ഭാഗമായി സ്റ്റിയറിംഗ് നിയന്ത്രിച്ചിരുന്നയാളും കൂടെയുണ്ടായിരുന്നയാളും ഉറങ്ങിപ്പോയതാണെന്നാണ് വിവരം. ഇതോടെ നിയന്ത്രണം നഷ്ടപ്പെട്ട ബോട്ട് കടമത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്ത് വട്ടം ചുറ്റി സഞ്ചരിക്കുകയായിരുന്നു.


ഇതിനിടെ കടമത്തിൽ നിന്ന് മീൻപിടിത്തത്തിനായി പുറപ്പെട്ട “വരക്കൽ” ബോട്ടിലെ മത്സ്യതൊഴിലാളികൾ നിയന്ത്രണം വിട്ട ബോട്ടിന് സമീപത്തെത്തി ശബ്ദം മുഴക്കി വിളിച്ചിട്ടും ബോട്ടിലുണ്ടായിരുന്നവർ ഉണരാതെയിരുന്നു. പിന്നീട് കടൽവെള്ളം ഒഴിച്ചാണ് അവരെ ഉറക്കത്തിൽ നിന്ന് ഉണർത്തിയത്.
സംഭവത്തിന് പിന്നാലെ ബോട്ട് സുരക്ഷിതമായി കിൽത്താനിൽ തിരിച്ചെത്തിയതായി അറിയുന്നു. അറക്കലപ്പുര സ്വദേശിയായ ആൺപിള്ളയുടേതാണ് ബോട്ട്.

Leave a Reply

Your email address will not be published. Required fields are marked *