അമിനിയിൽ ഡെപ്യൂട്ടി കളക്ടറുടെ ഓഫീസ് മാർച്ചിൽ സംഘർഷം; 22 പേർ അറസ്റ്റിൽ

അമിനി/കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വിവാദ ഉത്തരവുകൾക്കെതിരെ ലക്ഷദ്വീപിൽ പ്രതിഷേധം ശക്തമാകുന്നു. തരംമാറ്റ സർട്ടിഫിക്കറ്റുകൾ (Land Conversion Certificates) റദ്ദാക്കിക്കൊണ്ടുള്ള അഡ്മിനിസ്ട്രേഷന്റെ പുതിയ നടപടിക്കെതിരെ അമിനിയിൽ NCP(SP), NYC(SP) പ്രവർത്തകർ നടത്തിയ മാർച്ചിൽ വൻ സംഘർഷം. അമിനി NCP(SP) യൂണിറ്റ് പ്രസിഡന്റ് ഉൾപ്പെടെ 22 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു.

ഡെപ്യൂട്ടി കളക്ടറുടെ ഓഫീസിലേക്ക് ഇരച്ചെത്തിയ പ്രതിഷേധക്കാരെ പോലീസ് തടയാൻ ശ്രമിച്ചതോടെയാണ് സ്ഥിതിഗതികൾ കൈവിട്ടുപോയത്. പ്രവർത്തകരും പോലീസും തമ്മിലുണ്ടായ കയ്യാങ്കളിക്കിടെ ഓഫീസിന്റെ ഗേറ്റും കോമ്പൗണ്ട് മതിലും ഭാഗികമായി തകർന്നു. പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റമുൾപ്പെടെ ചുമത്തിയാണ് പോലീസ് നടപടി സ്വീകരിച്ചിരിക്കുന്നത്.

NCP(SP) യൂണിറ്റ് പ്രസിഡന്റ് പാറ്റാക്കാട പൂക്കുഞ്ഞി സമരം ഉദ്ഘാടനം ചെയ്തു. സെക്രട്ടറിമാരായ ഹംസക്കോയ, മുർത്തസ എന്നിവർ സംസാരിച്ചു. ജനങ്ങളുടെ ഭൂമി സംബന്ധിച്ച അവകാശങ്ങളെ ബാധിക്കുന്ന ‘തരം മാറ്റ സർട്ടിഫിക്കറ്റ് റദ്ദാക്കൽ’ ഉത്തരവിനെതിരെയാണ് പ്രധാനമായും പ്രതിഷേധം. അമിനിക്ക് പുറമെ കവരത്തി, മിനിക്കോയി ദ്വീപുകളിലും NCP(SP), കോൺഗ്രസ് പാർട്ടികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.

തദ്ദേശീയരുടെ താൽപ്പര്യങ്ങൾ ബലികഴിച്ചും ഉപജീവനമാർഗ്ഗങ്ങൾ തടസ്സപ്പെടുത്തിയുമുള്ള ഭരണകൂട നടപടികൾ അംഗീകരിക്കാനാവില്ല. അറസ്റ്റ് ചെയ്തവരെ ഉടൻ മോചിപ്പിക്കണമെന്ന് പാർട്ടി നേതൃത്വം. അതിക്രമിച്ച് ഓഫീസിലേക്ക് കയറി പൊതുമുതൽ നശിപ്പിച്ചു എന്ന കുറ്റം ചുമത്തി അമിനി പോലീസ് കണ്ടാൽ തിരിച്ചറിയാവുന്ന ഇരുപതാളുകൾക്കെതിരെ കേസെടുത്തു.