ലക്ഷദ്വീപ് പോലീസിൽ നിന്ന് 18 ഹോം ഗാർഡ് വോളന്റിയർമാരെ പിരിച്ചുവിട്ടു

കവരത്തി: ലക്ഷദ്വീപ് പോലീസിന് കീഴിൽ കരാർ അടിസ്ഥാനത്തിൽ സേവനമനുഷ്ഠിച്ചിരുന്ന 18 ഹോം ഗാർഡ് വോളന്റിയർമാരെ സർവീസിൽ നിന്ന് നീക്കം ചെയ്തുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. 2026 മാർച്ച് 31 മുതൽ പ്രാബല്യത്തിൽ വരുന്ന രീതിയിലാണ്  ഡിസെൻഗേജ്മെൻ്റ്  ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹോം ഡിപ്പാർട്ട്മെന്റ് 2026 ഏപ്രിൽ 10-നാണ് ഇത് സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് (F.NO. LD/91/2024-LP-UT-LKS/517) പുറത്തിറക്കിയത്. ഡി.എഫ്.പി (DFP) ചട്ടം 2017-ലെ സെക്ഷൻ 9(b), 28 എന്നിവ പ്രകാരം നിക്ഷിപ്തമായ അധികാരം ഉപയോഗിച്ചാണ് ഈ നടപടി.

09.02.2026 മുതൽ 31.03.2026 വരെയുള്ള കാലയളവിലേക്കായിരുന്നു ഇവരുടെ കരാർ പുതുക്കി നൽകിയിരുന്നത്. 2026 മാർച്ച് 31 ഉച്ചയ്ക്ക് ശേഷം (AN) മുതൽ സേവനത്തിൽ നിന്ന് ഒഴിവാക്കി. അഗത്തി, ആൻഡ്രോത്ത്, അമിനി, ചെത്‌ലാത്ത്, കടമത്ത്, കവരത്തി, കൽപേനി, കിൽത്താൻ എന്നിവിടങ്ങളിൽ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെയാണ് പിരിച്ചുവിട്ടത്.


സെക്രട്ടറി ഹോം കം ഫിനാൻസ് (UTLA), പ്രിൻസിപ്പൽ സെക്രട്ടറി (ഹോം) എന്നിവരുടെ അംഗീകാരത്തോടെയാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ലക്ഷദ്വീപ് ഹോം ഗാർഡ് കമാൻഡന്റ് കൂടിയായ പോലീസ് സൂപ്രണ്ടാണ് ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പുതിയ നിയമനങ്ങൾ ഉണ്ടാകുമോ എന്ന കാര്യത്തിൽ ഭരണകൂടം വ്യക്തത വരുത്തിയിട്ടില്ല.