കൽപ്പേനി ബ്രേക്ക് വാട്ടർ അറ്റകുറ്റപ്പണി: എംപി ഇടപെടലോ ഹൈക്കോടതി നിർദ്ദേശഫലമോ? വിവാദം ശക്തം

കൽപ്പേനി ദ്വീപിലെ ബ്രേക്ക് വാട്ടർ അറ്റകുറ്റപ്പണികൾക്കായുള്ള ഹാർബർ ടെൻഡർ നടപടികൾ ആരംഭിച്ചതിനെ തുടർന്ന്, ഈ വികസനം ആരുടെ ഇടപെടലിന്റെ ഫലമാണെന്ന കാര്യത്തിൽ സാമൂഹ്യമാധ്യമങ്ങളിൽ വിവാദം ശക്തമാകുന്നു. മുൻ ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അലി അക്ബർ, നിലവിലെ എംപി ഹംദുള്ളാ സഈദിന്റെ ഇടപെടലിലൂടെ തന്നെയാണ് പദ്ധതി നടപ്പിലായതെന്ന വാദവുമായി ഫേസ്ബുക്കിൽ രംഗത്തെത്തിയിരുന്നു.

എന്നാൽ ഈ വാദം തെറ്റാണെന്ന് ആരോപിച്ച് മഹദ ഹുസൈൻ ടി.ഐ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചു. പാർലമെന്റിൽ എംപി ഉന്നയിച്ച ചോദ്യത്തിനുള്ള കേന്ദ്ര മന്ത്രാലയത്തിന്റെ മറുപടി പ്രകാരം, കൽപ്പേനി ബ്രേക്ക് വാട്ടർ അറ്റകുറ്റപ്പണി എംപിയുടെ നേരിട്ടുള്ള ഇടപെടലിന്റെ ഫലമല്ലെന്നതാണ് ഇവരുടെ നിലപാട്.

കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയം നൽകിയ മറുപടിയിൽ, ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ (UTLA) തുറമുഖ വികസനത്തിനായി കൊച്ചിൻ പോർട്ട് അതോറിറ്റിയെ (CoPA) സാങ്കേതിക കൺസൾട്ടൻസിയായി നിയമിച്ചിട്ടുണ്ടെന്നും, CoPA നടത്തിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിൽ കൽപ്പേനി കിഴക്കൻ ബ്രേക്ക് വാട്ടറിൽ അടിയന്തര അറ്റകുറ്റപ്പണികൾക്ക് ഏകദേശം ₹2.37 കോടി ചെലവിൽ അംഗീകാരം നൽകിയതായും വ്യക്തമാക്കുന്നു. കൂടാതെ, പ്രവൃത്തിക്കാലത്ത് സുരക്ഷ ഉറപ്പാക്കാൻ SOP തയ്യാറാക്കിയതായും മറുപടിയിൽ പറയുന്നു.

ഇതിന് പുറമെ, സാഗർമാല പദ്ധതിയുടെ ഭാഗമായി കൽപ്പേനി കിഴക്കൻ ജെട്ടി ഉൾപ്പെടെയുള്ള അടിസ്ഥാനസൗകര്യ വികസനത്തിനായി ₹272.95 കോടി അനുവദിച്ചതായും കേന്ദ്രം അറിയിച്ചു.

മറുവശത്ത്, മഹദ ഹുസൈൻ ഉൾപ്പെടെയുള്ളവർ ചൂണ്ടിക്കാണിക്കുന്നത്, കേരള ഹൈക്കോടതിയിൽ ഡോ. സാധിക്ക് നടത്തിയ നിയമ പോരാട്ടത്തിന്റെ അടിസ്ഥാനത്തിലാണ് ടെൻഡർ നടപടികൾക്ക് വേഗം ലഭിച്ചതെന്നാണ്. ഹൈക്കോടതി നിർദ്ദേശപ്രകാരം ജില്ലാ ജഡ്ജി നേരിട്ട് സ്ഥലം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചതും, അതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക അംഗീകാരം, ഫണ്ടിംഗ്, ടെൻഡർ നടപടികൾ എന്നിവ വേഗത്തിലായത് എന്നുമാണ് അവരുടെ വാദം.

ഹൈക്കോടതി നിർദ്ദേശങ്ങളിൽ പ്രധാനമായും UTLA CoPAയ്ക്ക് ഔദ്യോഗിക അംഗീകാരം നൽകണം, ഫണ്ടിംഗ് ഉറപ്പാക്കണം, ടെൻഡർ വഴി അടിയന്തരമായി ജോലി ആരംഭിക്കണം തുടങ്ങിയ നിർദ്ദേശങ്ങളാണ് ഉൾപ്പെട്ടത്.

അതേസമയം, അലി അക്ബർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ എംപി ഹംദുള്ളാ സഈദ് പാർലമെന്റിൽ ഉന്നയിച്ച ചോദ്യവും അതിന് ലഭിച്ച അനുകൂല മറുപടിയും അടിസ്ഥാനമാക്കിയാണെന്ന് വിശദീകരിച്ചു. വർഷങ്ങളായി മോശം അവസ്ഥയിൽ തുടരുന്ന ബ്രേക്ക് വാട്ടർ നവീകരണത്തിനായി കേന്ദ്രം പ്രത്യേക പദ്ധതി അംഗീകരിച്ചതും, CoPAയ്ക്ക് നിർദ്ദേശം നൽകിയതും രേഖകളിൽ വ്യക്തമാണെന്ന് അദ്ദേഹം പറയുന്നു.

കൂടാതെ, 2026 മാർച്ച് 27-ന് ലക്ഷദ്വീപ് ഹാർബർ വകുപ്പ് ഏകദേശം ₹1.82 കോടി ചെലവിൽ ടെൻഡർ നടപടികൾ ആരംഭിച്ചതോടെ, ദീർഘകാലമായി നിലച്ചിരുന്ന പദ്ധതി വീണ്ടും സജീവമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോടതി ഇടപെടലിലൂടെയാണ് തീരുമാനമായ തെങ്കിൽ പാർലമെൻ്റ് മെമ്പർക്ക് സർക്കാർ നൽകിയ മറുപടിയിൽ ഇത് സൂചിപ്പിക്കുമായിരുന്നുവെന്നും അലി അക്ബർ പറയുന്നുണ്ട്.

ഇതിനിടെ, വിഷയത്തിൽ പരസ്പരാരോപണങ്ങൾ ശക്തമായ സാഹചര്യത്തിൽ, കൽപ്പേനി ബ്രേക്ക് വാട്ടർ അറ്റകുറ്റപ്പണി നടപ്പിലാകുന്നതിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന ചർച്ച സമൂഹമാധ്യമങ്ങളിൽ തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *