ലക്ഷദ്വീപ് ഗസ്റ്റ് ഹൗസുകളിലെ മദ്യ ലൈസൻസ്: ഭരണഘടനാവിരുദ്ധമെന്ന് എംപി ഹംദുള്ള സയീദ്

കവരത്തി: ലക്ഷദ്വീപിലെ സർക്കാർ ഗസ്റ്റ് ഹൗസുകൾക്ക് 2026 ഫെബ്രുവരി 17-ന് നൽകിയ മദ്യ ലൈസൻസ് ഭരണഘടനാ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്ന് ലക്ഷദ്വീപ് എംപി അഡ്വ. ഹംദുള്ള സയീദ് വ്യക്തമാക്കി. ഭാരതത്തിന്റെ ഭരണഘടനയിലെ Article 47 പ്രകാരം, പൊതുജനാരോഗ്യത്തിന് ഹാനികരമായ മദ്യപാനം പോലുള്ള ലഹരിവസ്തുക്കളുടെ ഉപയോഗം നിയന്ത്രിക്കുകയും നിരോധനത്തിലേക്ക് നയിക്കുകയും ചെയ്യേണ്ടത് സർക്കാരിന്റെ കടമയാണെന്ന് എംപി ചൂണ്ടിക്കാട്ടി.

ലോക്‌സഭയിൽ  പ്രശ്നമുന്നയിച്ചുകൊണ്ട്, ലക്ഷദ്വീപ് ഒരു ഷെഡ്യൂൾഡ് ട്രൈബ് ഭൂരിപക്ഷമുള്ള സമൂഹമാണെന്നും, ഇവിടെ സർക്കാർ ഗസ്റ്റ് ഹൗസുകളിൽ പോലും പരിമിതമായ രീതിയിൽ മദ്യം അനുവദിക്കുന്നത് ക്രമേണ മദ്യവിനിയോഗം സാധാരണമാക്കാൻ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഇത് സമൂഹത്തിന്റെ സമതുലിതാവസ്ഥയെ ബാധിക്കാനും, സാമൂഹിക ഘടന ദുർബലപ്പെടുത്താനും സാധ്യതയുണ്ടെന്നും, പ്രത്യേകിച്ച് യുവജനങ്ങളിൽ തെറ്റായ സ്വാധീനം സൃഷ്ടിക്കാമെന്നും എംപി മുന്നറിയിപ്പ് നൽകി. കൂടാതെ, പൊതുജനാരോഗ്യത്തിനും ഇത്തരം തീരുമാനങ്ങൾ ദോഷകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സമൂഹത്തിലെ ഐക്യവും സമാധാനവും നിലനിർത്തുന്നതിനായി, പൊതുജനാരോഗ്യത്തിന് ഹാനികരമായ ലഹരിവസ്തുക്കളെ പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ സർക്കാർ പുനഃപരിശോധിക്കണമെന്നും എംപി ഹംദുള്ള സയീദ് ആവശ്യപ്പെട്ടു.