കരാർ-താൽക്കാലികനിയമനങ്ങൾക്ക് ഇനി ഹൈലെവൽ കമ്മിറ്റിഅംഗീകാരം വേണം

കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന് കീഴിലുള്ള വിവിധ വകുപ്പുകളിലെയും കേന്ദ്രാവിഷ്കൃത പദ്ധതികളിലെയും കരാർ (Contractual), താത്കാലിക (Temporary) നിയമനങ്ങളിൽ സുതാര്യതയും ഏകീകൃത സ്വഭാവവും ഉറപ്പാക്കാൻ പുതിയ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഇനി മുതൽ ഇത്തരം എല്ലാ നിയമനങ്ങളും ഭരണകൂടം രൂപീകരിച്ച പ്രത്യേക ഉന്നതതല സമിതിയുടെ (High-Level Committee) കർശന നിരീക്ഷണത്തിലായിരിക്കും.

നിലവിൽ വിവിധ വകുപ്പുകൾ സ്വന്തം നിലയിലാണ് താത്കാലിക നിയമനങ്ങളും അവയുടെ കാലാവധി നീട്ടലും നടത്തിവരുന്നത്. ഈ രീതിക്ക് പകരം കേന്ദ്രീകൃതമായ ഒരു മേൽനോട്ടം കൊണ്ടുവരികയാണ് പുതിയ ഉത്തരവിലൂടെ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് സ്പെഷ്യൽ സെക്രട്ടറി (സർവീസ്) പത്മകർ റാം ത്രിപാഠി പുറത്തിറക്കി.

കമ്മിറ്റിയുടെ ഘടന ചുവടെപ്പറയുന്നതുപോലെയാണ്:

  • ധനകാര്യ സെക്രട്ടറി — ചെയർമാൻ
  • ബന്ധപ്പെട്ട വകുപ്പിന്റെ സെക്രട്ടറി — അംഗം
  • പ്രത്യേക സെക്രട്ടറി (സർവീസസ്) — അംഗം

ഇനിമുതൽ എല്ലാ കരാർ-താൽക്കാലിക നിയമനങ്ങളും സേവനകാലാവധി ദീർഘിപ്പിക്കലുകളും ഈ കമ്മിറ്റിയുമായി ആലോചിച്ച ശേഷമേ നടത്താവൂ. വകുപ്പുകൾ അവരുടെ ആവശ്യങ്ങളും നിർദേശങ്ങളും കമ്മിറ്റിയുടെ മുൻപാകെ സമർപ്പിക്കണം. കമ്മിറ്റിയുടെ അംഗീകാരം അല്ലെങ്കിൽ ശുപാർശ ലഭിച്ചതിനുശേഷം മാത്രമേ നിയമനങ്ങളോ കാലാവധി നീട്ടലുകളോ അനുവദിക്കുകയുള്ളു.

ഈ നിർദ്ദേശങ്ങൾ ഉടൻ പ്രാബല്യത്തിൽ വരുന്നതാണ്. 2026 മാർച്ച് 25-ന് യോഗ്യ അതോറിറ്റിയുടെ അനുമതിയോടെയാണ് ഉത്തരവ് പുറത്തിറക്കിയത്.