സൂപ്പർമാർക്കറ്റ് കവർച്ച; ലക്ഷദ്വീപ് സ്വദേശി ഉൾപ്പെടെ മൂന്ന് പേർ പിടിയിൽ

കോഴിക്കോട് നഗരമധ്യത്തിലെ സൂപ്പർമാർക്കറ്റിൽ കവർച്ച നടത്തിയ യുവാക്കളെ സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് പോലീസും ചേർന്ന് പിടികൂടി. ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി ബേപ്പൂർ സ്വദേശി വിശ്വജിത്ത്, അഫ്ലഹ് ചെമ്മാടൻ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മോഷണം നടത്തിയ ശേഷം ലക്ഷദ്വീപിലേക്ക് കടക്കാനായിരുന്നു പദ്ധതി. ഒരാഴ്ചത്തെ പഴുതടച്ച അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. മോഷണം നടന്ന അന്നുതന്നെ ടൗൺ ACP അഷറഫ് TK യുടെ നിർദ്ദേശപ്രകാരം നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിൻ്റെ നേതൃത്വത്തിൽ പോലീസ് ശാസ്ത്രീയരീതിയിൽ തെളിവുകൾ ശേഖരിച്ചിരുന്നു. സിസിടിവി ദൃശ്യങ്ങളിൽ നിന്നും പ്രതികൾ പൂർണമായും മുഖം മറച്ചിരുന്നതും കയ്യുറകൾ ധരിച്ചതും ആസൂത്രിതമായ കവർച്ചയിലേക്കാണ് വിരൽചൂണ്ടിയത്.
ഫറോക്കിലെ രഹസ്യകേന്ദ്രത്തിൽനിന്നും കവർച്ച ആസൂത്രണം ചെയ്ത് പ്രതികൾ ബൈക്കിൽ രാത്രി രണ്ടേമുക്കാലോടെ നടക്കാവിലേക്ക് പുറപ്പെട്ടു. രണ്ടാഴ്ചയോളം ലക്ഷദ്വീപ് സ്വദേശിയായ മുഹമ്മദ് റാസി കടയില്‍ ജോലിചെയ്ത് സിസിടിവിയുടെ ചിത്രീകരണപരിധിയുൾപ്പെടെ സാങ്കേതിക സജ്ജീകരണങ്ങളെകുറിച്ചും സമീപത്തുള്ള മറ്റ് നിരീക്ഷണ ക്യാമറകളെകുറിച്ചും മനസ്സിലാക്കിയിരുന്നു. രണ്ടുപേർ അകത്ത് കടന്ന് മോഷണം നടത്തുമ്പോൾ ഒരാൾ പുറത്ത് കാവൽ നിന്ന് വേണ്ട നിർദ്ദേശങ്ങൾ നൽകുന്ന രീതിയിലാണ് മോഷണം ആസൂത്രണം ചെയ്ത്.
തുടക്കത്തിൽ യാതൊരു തെളിവും അവശേഷിപ്പിക്കാതെ നടത്തിയ കവർച്ചയ്ക്ക് പിന്നിൽ സൂപ്പർമാർക്കറ്റുമായി ബന്ധമുള്ള ആളാണെന്ന് സിറ്റി ക്രൈം സ്ക്വാഡിൻ്റെ ശരീരഭാഷാവിശകലന വിദഗ്ദർ കണ്ടെത്തിയിരുന്നെങ്കിലും ഒരു വർഷം മുമ്പ് മാനേജരുമായി പ്രശ്നമുണ്ടാക്കി ജോലി ഉപേക്ഷിച്ച് ഇറങ്ങിയ പ്രതിയിലേക്കെത്താൻ സിറ്റിയിലെ നൂറോളം സിസിടിവി ദൃശ്യങ്ങളാണ് ശേഖരിച്ചത്. പോലീസിനെ വഴിതിരിച്ചുവിടാനായി ഫറോക്ക് റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നും പുറപ്പെട്ട് തിരികെ അതേ സ്ഥലത്ത് തന്നെ എത്തുകയായിരുന്നു. പ്രതികൾ റെയിൽവേ സ്റ്റേഷനിലെത്തിയ സമയം ട്രെയിൻ കടന്നുപോയിരുന്നുവെങ്കിലും അതിന് ഫറോക്കിൽ സ്റ്റോപ്പ് ഉണ്ടാകാതിരുന്നത് കേസിൽ വഴിത്തിരിവായി. തുടർന്ന് ഫറോക്കിൽ താത്കാലിക താവളമൊരുക്കി സിറ്റി ക്രൈം സ്ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. വിശദമായ ചോദ്യം ചെയ്തതിൽ കഴിഞ്ഞ മാസം ഇരുപതിന് തിരൂർ മാർക്കറ്റിലെ മാങ്ങാടൻ ബിൽഡിങ്ങിലെ കടയിലും സമാനമായ രീതിയിൽ മോഷണം നടത്തിയതായി പ്രതികൾ പോലീസിനോട് പറഞ്ഞു. ആഢംഭര ജീവിതത്തിനും ലഹരി ഉപയോഗത്തിനുമാണ് മോഷ്ടിച്ചു കിട്ടിയ പണം ഉപയോഗിക്കുന്നത്. പ്രതികൾക്ക് മറ്റു സഹായങ്ങൾ ലഭിച്ചിട്ടുണ്ടോ എന്നത് പരിശോധിച്ചു വരികയാണ്.

കടപ്പാട്: കോഴിക്കോട് സിറ്റി പോലീസ്

Leave a Reply

Your email address will not be published. Required fields are marked *