ഡോ. സീജി.പൂക്കോയ കൽപേനി
1960 മാർച്ച് മാസത്തോടെ ഏഴാം ക്ലാസ് കഴിഞ്ഞു, എട്ടാം ക്ലാസും കൽപേനിയിൽ പൂർത്തിയായി. ഒൻപതും പത്തും പതിനൊന്നും കൽപേനിയിൽ ഇല്ല. അത് വരെ ലക്ഷദ്വീപിൽ എവിടെയും ഹൈസ്ക്കൂൾ ഇല്ലായിരുന്നു. ആ വർഷം അമേനി ദ്വീപിൽ ഒമ്പതാം ക്ലാസ് ആരംഭിക്കുന്നു എന്ന് അറിഞ്ഞു. കാലവർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ അമേനിയിൽ എത്തണം. അന്ന് ദ്വീപുകൾ തമ്മിൽ നല്ല കാലാവസ്ഥയിൽ യാത്രക്കായി ലക്കഡീവ്സ് എന്ന് പേരിൽ ഒരു ചെറിയ ലോഞ്ച് മാത്രം ഉണ്ടായിരുന്നു. ആ ലോഞ്ച് കൽപേനിയിലെ കൂട്ടികളെ അമേനിയിൽ എത്തിക്കുന്നതിനായി കൊണ്ടു പോകാൻ കൽപേനിയിൽ എത്തി. അതിന്റെ ഡ്രൈവർ അച്ചപ്പൻ എന്ന കേരളത്തിൽ നിന്നുള്ള ഒരാൾ ആയിരുന്നു. ആ ലോഞ്ചിൽ കൽപേനിയിൽ നിന്നും തൈക്കണ്ടി കുന്നി സഹായി ആയും ഉണ്ടായിരുന്നു. കൽപേനിയിൽ നിന്നും രാവിലെ ഏഴ് മണിയോടെ ലോഞ്ച് കവരത്തിയിലേക്ക് പുറപ്പെട്ടു.
ലോഞ്ച് എന്നാണ് അതിനെ അറിയപ്പെട്ടിരുന്നത് എങ്കിലും സാധനം ഒരു കാബിൻ ഉള്ള ഒരു കുള്ളൻ പാബ്ലോ ബോട്ട് ആയിരുന്നു. ഇന്ന് കാണുന്ന ചെറിയ പാബ്ലോ ബോട്ടിന്റെ നീളവും സ്വൽപം വീതിയും, പൊക്കവുമുണ്ട് എന്ന് മാത്രം. അതിനു ഒരു കൊച്ചു വീൽഹൗസും, വീൽ ഹൗസിനടിയിലായി എഞ്ചിനും, അതിനു മുമ്പിലായി രണ്ടു പേർക്ക് നീണ്ട് കിടക്കാൻ പാകത്തിലുള്ള ഇരു വശത്തും ഓരോ കുഷിൻ പിടിപ്പിച്ച രണ്ട് ഇരിപ്പിടം ഉള്ള ഒരു കാബിനും ഉണ്ടായിരുന്നു. കാബിനിന്റെ മുകളിൽ ഉറപ്പുള്ള മേൽക്കൂര ഉള്ളത് കൊണ്ട് അതിന്റെ മുകളിൽ ആളുകൾക്ക് ഇരിക്കാനാവും. അകവും പുറവും വെള്ള നിറത്തിലുള്ള പെയ്ന്റിംഗ് നടത്തിയത് കൊണ്ടും, മേൽക്കൂരക്ക് അരികിൽ സ്വർണം എന്ന പോലെ തിളങ്ങുന്ന ബ്രാസിന്റെ കൈവരി ഉള്ളത് കൊണ്ടും കുഞ്ഞനു കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു. അത് മാത്രമല്ല എഞ്ചിന്റ അരികിലും തിളങ്ങുന്ന ബ്രാസ് പിടിപ്പിച്ചത് കാണാം. അത് സാധനം വിദേശി ആണെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.
1960ൽ എം.വി. സീഫോക്സ് എന്ന ഒരു കപ്പൽ ഭരണകൂടം വാടകയ്ക്ക് എടുത്തു സർവീസ് നടത്തി എങ്കിലും ദ്വീപുകാർക്ക് അത് ഉപകാരപ്രദമായില്ല. കരി തുപ്പുന്ന ആ കപ്പലിൽ അഡ്മിനിസ്റ്റ്റേറ്ററുടെ ഉദ്യോഗസ്ഥരും, അഡ്മിനിസ്റ്റ്റേറ്ററും മാത്രമാണ് യാത്ര ചെയ്തിരിക്കുന്നത്. ഔദ്യോഗിക ചരക്കുകളും വഹിച്ചിരുന്നു. അതിനു മുമ്പ് 1958 ൽ എം.വി. അശോക എന്ന ഒരു കൊച്ചു കൽക്കരി എഞ്ചിനുള്ള മരക്കപ്പൽ അഡ്മിനിസ്റ്റ്റേറ്റർ എസ് മണി വാടകക്ക് വാങ്ങി എങ്കിലും അതും ദ്വീപുകാർക്ക് കാണാൻ മാത്രം ഉപകരിക്കുന്ന ഒന്ന് മാത്രം ആയിരുന്നു. സീഫോക്സ് കപ്പൽ സർവീസ് നടത്താൻ കാരണക്കാരൻ അഡ്മിസ്റ്റ്റേറ്റർ ആയിരുന്ന മിസ്റ്റർ സി.കെ.ബാലകൃഷ്ണൻ നായർ ആയിരുന്നു. അദ്ദേഹം 1961 ഡിസംബർ 5 നു വിരമിച്ചു. അദ്ദേഹം തന്നെ ആയിരുന്നു ആ ഭംഗിയുള്ള ലക്കഡീവ്സ് എന്ന ആ ലോഞ്ച് വാങ്ങിയതും. ആ കാലത്ത് എല്ലാ ദ്വീപുകാർക്കും ദ്വീപോടം ഉള്ളത് ആവശ്യത്തിനു വൻകരയുമായി ബന്ധപ്പെടുന്നതിനും ചരക്കുകൾ കച്ചവടം നടത്തുന്നതിനും ഉപകരിച്ചിരുന്നു.
1961 ഡിസംബർ 6 ആം തിയതി മൂർക്കോത്ത് രാമുണ്ണി ലക്കഡീവ് മിനിക്കോയി ആന്റ് അമിൻദീവി ഐലന്റ്സ് ന്റെ അഡ്മിനിസ്റ്റ്റേറ്റർ ആയി ചാർജ് എടുത്തു. എയർഫോഴ്സിൽ വിംഗ് കമാൻഡർ ഐ എ എഫ് എസ് (ഇന്ത്യൻ അഡ്മിനിസ്റ്റ്രേറ്റീവ് എയർഫോഴ്സ് സർവീസ്) കാരനും, തികഞ്ഞ കോൺഗ്രസ്കാരനും ആയിരുന്ന രാമുണ്ണിക്ക് അന്ന് പ്രധാന മന്ത്രിയായിരുന്ന ജവഹർലാൽ നെഹ്രുവുമായി അടുത്ത ബന്ധവും ഉണ്ടായിരുന്നു. മൂർക്കോത്ത് രാമുണ്ണിയുടെ കാലത്താണ് ദ്വീപുകളിൽ വിദ്യാഭ്യാസത്തിൽ കുതിപ്പ് ഉണ്ടായതും, എല്ലാ ദ്വീപിലും ആശുപത്രി തുടങ്ങിയതും. അത് മാത്രമല്ല അക്കാലത്ത് മറ്റ് പല പുരോഗതിയും ഉണ്ടായതും.
അമേനിയിലേക്കുള്ള ആ ലോഞ്ച് യാത്ര അവിസ്മരണീയമായ ഒന്നാണ്. നേരിട്ട് കൽപേനിയിൽ നിന്നും അമേനിയിലേക്ക് ആ ലോഞ്ചിനു യാത്ര ചെയ്യാൻ സാധിക്കുമായിരുന്നില്ല. അത്കൊണ്ട് കവരത്തിയിൽ ചെന്നു ഡീസൽ നിറച്ച് വേണം അമേനിയിലേക്ക് പുറപ്പെടാൻ. അത് മാത്രമല്ല ഞങ്ങളോടൊപ്പം കവരത്തിയിൽ നിന്നും ഉള്ള കുട്ടികളെയും കൂടി അതിൽ കയറ്റണം. അന്ന് കവരത്തി തലസ്ഥാനം ആയിട്ടില്ല. എന്റെ കൂടെ എന്റെ ബാപ്പയും ആ ലോഞ്ചിൽ കയറി യാത്ര ചെയ്യാനുണ്ടായിരുന്നു. കൽപേനിയിൽ നിന്നും കവരത്തിയിലേക്കുള്ള യാത്ര സുഖകരമായിരുന്നു. കടൽക്ഷോഭം ഇല്ല. തണുത്ത മന്ദമാരുതൻ ചൂട് കുറച്ചു, എങ്കിലും കാബിനിനകത്ത് ചൂട് കൂടുതലാണ്. അത് കൊണ്ട് കാബിനിന്റെ പുറത്ത് തന്നെ ഇരുന്നു ആഴക്കടലിന്റെ ഭംഗിയും, പറക്കുന്ന മൽസ്യം ആയ പറവകളേയും കണ്ടു കൊണ്ടിരുന്നു. അങ്ങ് അകലെ വലിയ ജൂൺജൂലായി കപ്പലുകൾ പോകുന്നതും കണ്ടു. മൺസൂൺ കാലാവസ്ഥയിലും ഓടികൊണ്ടിരുന്ന വലിയ ചരക്ക് കപ്പലുകളെ ദ്വീപുകാർ അന്ന് വിളിച്ചിരുന്ന പേരാണ് ജൂൺജൂലായ് കപ്പൽ എന്ന്. വൈകുന്നേരം ആയപ്പോൾ ഞങ്ങൾ കവരത്തി ദ്വീപിൽ എത്തി.
കവരത്തിയിൽ മൂന്ന് ദിവസത്തെ താമസം ഉണ്ട്. എല്ലാവർക്കും താമസത്തിനു പരിചയക്കാർ ഉണ്ട്. ഇല്ലെങ്കിലും ആരെങ്കിലും അവരുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോകുകയും ചെയ്യും. എന്നെയേയും ബാപ്പയേയും അരേനാക്കാട കോയ തങ്ങൾ അദ്ദേഹത്തിന്റെ ഭാര്യ വീടായ ഏക്കാർപള്ളിയിലേക്ക് കൂട്ടിക്കൊണ്ടു പോയി. അവരുടെ വീട്ടിനു മുമ്പിൽ ഒരു പൂമുഖം ഉണ്ടായിരുന്നു. അവിടെ കിടക്ക വിരിച്ച ഒരു ഈട്ടി മരത്തിന്റെ പല്ലങ്കി കട്ടിലും. ബാപ്പ അവിടെ കിടന്നു. എനിക്ക് വീട്ടിനകത്തുള്ള തറയിൽ കിടക്കാൻ സൗകര്യപ്പെടുത്തി തന്നു.
ആദ്യമായിട്ടാണ് ഞാൻ കവരത്തി ദ്വീപിൽ എത്തുന്നത്. പല വീടുകളിലും ഭക്ഷണവും ചായ സൽകാരവും ഉണ്ടായിരുന്നു. അക്കാലത്ത് ദ്വീപുകാർ ഇന്നത്തേതിലും കൂടുതൽ സൽകാരപ്രിയരായിരുന്നു. കോയ തങ്ങളുടെ മകൻ ഏക്കാർപള്ളി ആറ്റക്കോയ എന്റെ സമപ്രായക്കാരനായിരുന്നു. ഞങ്ങൾ ദ്വീപ് ചുറ്റി കണ്ടു. തെക്ക് ഭാഗത്ത് ഇന്ന് ആശുപത്രിയും ഓഫീസ് കെട്ടിടങ്ങളും ഉള്ള സ്ഥലങ്ങൾ എല്ലാം അന്ന് വിജനമാണ്. അവിടെ തെക്ക് പണ്ടാരത്തിൽ പുല്ലു മേടകളും മരങ്ങളും ആൽ വൃക്ഷവും ഏറെ ഉണ്ടായിരുന്നു. താഴ്ന്ന സ്ഥലങ്ങളിൽ പയർ, വാഴ എന്നിവയും, അത്യാവശ്യം മറ്റ് കൃഷിയും ഉണ്ടായിരുന്നു.
മൂന്ന് ദിവസം കഴിഞ്ഞ് കവരത്തിയിൽ നിന്നുമുള്ള കുട്ടികളും രക്ഷിതാക്കളും അടക്കം ഏതാണ്ട് നാൽപത് പേരെങ്കിലും കാണും, ആ കൊച്ചു ലോഞ്ചിൽ ഞെരുങ്ങി കൊണ്ട് സാഹസയാത്ര തുടങ്ങി. കുറെ പേര് കാബിനകത്ത് തിങ്ങിക്കൂടി. മറ്റുള്ളവർ പുറത്തും മുകളിലും. ഞാൻ പുറത്താണിരുന്നത്. ഇരുന്നവർക്ക് കാൽ നീട്ടി വെക്കാൻ സാധിച്ചില്ല. നിന്നവർക്ക് ഇരിക്കാൻ സ്ഥലമില്ല. അന്ന് ഇതല്ലാതെ മറ്റൊരു യാത്രാ മാർഗമില്ല. ഗത്യന്തരമില്ലാത്തതിനാൽ പരാതിയില്ലാതെ എല്ലാം ആസ്വദിച്ചു എന്ന് തന്നെ പറയാം. അക്കാലത്ത് പാബ്ലോ ബോട്ടുകളും ദ്വീപിലെങ്ങും ഇല്ല. ഔട്ട് ബോർഡും ഇല്ല. വേണമെങ്കിൽ കൊന്തളം എന്ന വലിയ തോണി കൊങ്കി കെട്ടി തുഴഞ്ഞു കൊണ്ട് അല്ലെങ്കിൽ പായ് വലിച്ചു കൊണ്ട് തന്നെ തരപ്പെടുത്തണം. അതും മെനക്കേട് തന്നെ. അതിനു ഒരുപാടു മുൻകരുതലുകൾ വേണ്ടി വരും. ആ ലോഞ്ചിൽ മലമൂത്ര വിസർജനത്തിനു പോലും യാതൊരു സൗകര്യവും ഇല്ലായിരുന്നു. ആ ലോഞ്ചിന്റെ സ്പീഡ് മണിക്കൂറിൽ ആറ് കിലോമീറ്റർ എന്ന് പറയുന്നത് കേട്ടു. ഭാഗ്യത്തിന് അഞ്ച് മണിക്കൂർ കൊണ്ടു അമേനി ദ്വീപിലെത്തി.
അമേനിയിൽ അന്ന് ഹൈസ്കൂളിനു മതിയായ സൗകര്യവും ഇല്ലായിരുന്നു. പുതിയ സ്കൂളിന്റെയും ഹോസ്റ്റലിന്റെയും പണി തുടങ്ങിയിട്ടേ ഉള്ളു. ചുരുങ്ങിയത് മൂന്ന് മാസം എടുക്കും. ഞങ്ങൾക്ക് താമസം പരിചയക്കാരുടെ വീട്ടിൽ തന്നെ. ബാപ്പക്ക് അമേനിയിൽ പരിചയക്കാർ ഏറെ ഉണ്ടായിരുന്നു. പൊന്നിക്കം ശേഖോയയുടെ ബാപ്പ പുറാടം ജായിക്കോയയും കീളാവേലി കോയയും ബാപ്പയുടെ ഉറ്റ സുഹൃത്തുക്കളായിരുന്നു. കടപ്പുറത്ത് നിന്നു തന്നെ ഞങ്ങൾ രണ്ടു പേരെയും ജായിക്കോയ പൊന്നിക്കം വീട്ടിലേക്ക് കൊണ്ടുപോയി. എന്റെ താമസം അവിടെ ഉറപ്പിച്ചു. ബാപ്പയുടെ ഉറക്കം കീളാവേലി വീട്ടിലേക്ക് മാറി. കീളാവേലിക്ക് അടുത്താണ് ജമാഅത്ത് പള്ളി. അത് ബാപ്പക്ക് ജമാഅത്ത് പള്ളിയിൽ ജമാഅത്ത് കൂടാൻ സൗകര്യമായി. രാത്രി ഭക്ഷണം ഞാനും കീളാവേലി വീട്ടിൽ വെച്ചായിരുന്നു കഴിച്ചിരുന്നത്. പ്രാതൽ പുവ്വാക്കെ ചെറ്റയിലും.
സ്കൂൾ തുറക്കുന്നതിന് ഒരു മാസത്തിന്റെ താമസം ഉണ്ട്. അതിനു പൊന്നിക്കം ശേഖോയയോടൊപ്പം ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സയിൽ ആറാം ക്ലാസ് പഠനത്തിനായി ചേർന്നു. ഞങ്ങൾ ആ മദ്റസയിൽ പഠിക്കുമ്പോൾ ശംസുൽ ഉലമ അമേനി ഖിദ്മത്തുൽ ഇസ്ലാം മദ്രസ്സയിലെ ഒരു വാർഷിക പരിപാടിയിൽ പങ്കെടുക്കുന്നതിനായി അമേനിയിൽ എത്തി. അപ്പോൾ അവിടെ ചിലർ അദ്ദേഹത്തിന് എതിരെ കരിങ്കൊടി പിടിച്ച് മുദ്രാവാക്യം വിളിക്കുന്നത് കാണാനിടയായി. എന്താണെന്നും എന്തിനാണെന്നും എനിക്ക് അന്ന് ഒരു എത്തും പിടിയും കിട്ടിയില്ല. വേറൊരു മദ്രസയിലെ വിദ്യാർത്ഥികളാണതെന്നും കേരളത്തിലെ സുന്നി ഗ്രൂപ്പിൽ വിഭജനം നടന്നതിന്റെ പ്രതിഫലം ആണ് ആ പ്രതിഷേധം എന്നും നുസ്റത്തുൽ ഇസ്ലാം സംഘടനയാണ് അത് നടത്തിയത് എന്നും പിന്നീട് അറിഞ്ഞു.
ഞാനും ശേഖോയയും ദിവസവും രാവിലെ എണീറ്റ് തൊട്ടടുത്തുള്ള പള്ളിക്കുളത്തിൽ ചെന്നു കുളിച്ച്, ചായയും കഴിച്ചു രാത്രിയിൽ കരുതി വെച്ചിരുന്ന ഭക്ഷണം കഴിച്ച് മദ്രസയിലേക്ക് പുറപ്പെടും. അക്കാലത്ത് അമേനി ദ്വീപിൽ സൂര്യൻ ഉദിക്കുന്നത് പതിനൊന്ന് മണിക്ക് ആണ് എന്ന് തോന്നും. പത്തോ പതിനൊന്നോ മണി ആവാതെ മിക്ക വീടുകളിലും സ്ത്രീകൾ ഉണരാറില്ല. രാത്രി ഉറങ്ങാൻ നന്നെ വൈകും. അത് കൊണ്ട് മദ്രസ കഴിഞ്ഞാൽ പൂവ്വാക്കെ ചെറ്റ വീട്ടിൽ ചെന്നു ബ്രേക്ക് ഫാസ്റ്റ് ഭക്ഷണം കഴിച്ചു തിരിച്ചെത്തുമ്പോൾ ഉച്ചയോടടുക്കും.
ജൂൺ മാസം ഒന്നിന് തന്നെ സ്കൂൾ തുറന്നു. മിക്ക അധ്യാപകരും കേരളത്തിൽ നിന്നുള്ളവരാണ്. കെ.കെ.ഗോപാലൻ നമ്പിയാർ ആയിരുന്നു ഹൈസ്കൂൾ ഹെഡ്മാസ്റ്റർ. ഹെഡ്മാസ്റ്റർക്ക് മിക്ക വിഷയവും കൈകാര്യം ചെയ്യേണ്ടതായും വന്നിരുന്നു. പി.ഗോപിനാഥൻ സാർ മലയാളം പഠിപ്പിച്ചു. അവർ രണ്ടു പേരും വെജിറ്റേറിയൻ ആയിരുന്നു. ഹൈസ്കൂൾ ബിൽഡിംഗിന്റെ പണി നടന്നു കൊണ്ടിരിക്കുന്നതിനാൽ എസ് ബി സ്കൂൾ കെട്ടിടത്തിൽ തന്നെയാണ് ആദ്യം ഹൈസ്കൂൾ ക്ലാസ് തുടങ്ങിയത്. ഗോപാലൻ നമ്പ്യാർ സാർ നന്നായി ഇംഗ്ലീഷ് ക്ലാസ് എടുത്തിരുന്നു. ഹിന്ദി അധ്യാപകനായ ഗോപി മാസ്റ്റർ ഗൗരവക്കാരനാണെങ്കിലും സ്നേഹമുള്ള മനസ്സായിരുന്നു. അദ്ദേഹം തന്നെയാണ് പിന്നീട് ഹോസ്റ്റൽ തുറന്നപ്പോൾ ഹോസ്റ്റൽ വാർഡൻ ആയത്. എൻസിസി മാസ്റ്ററും ഡ്രോയിംഗ് മാസ്റ്ററും പ്രസാദ് സാർ ആയിരുന്നു. ചെറുപ്പക്കാരനായ അദ്ദേഹം വിദ്യാർഥികളോട് നല്ല സൗഹൃദത്തിലായിരുന്നു പെരുമാറിയിരുന്നത്. അക്കാലത്ത് അവർ എല്ലാവരും കേരളത്തിൽ നിന്നും ജോലിക്കായി ദ്വീപ് ഓടത്തിൽ ആയിരുന്നു ദ്വീപിൽ വന്നത് എന്നെ ഏറെ അൽഭുതപ്പെടുത്തിയിട്ടുണ്ട്.
ഹോസ്റ്റൽ തുടങ്ങുന്നത് വരെ ഉച്ചയൂണ് പലർക്കും പ്രശ്നമായിരുന്നു. കാരണം അന്ന് അമേനിയിൽ മിക്ക വീടുകളിലും ഉച്ച ഭക്ഷണം അസർ സമയത്ത് ആയിരിക്കും കഴിക്കുക. അന്ന് ചോട്ടാ സാഹിബിന്റെ ബങ്ക്ളാപ്പുര വീട്ടിൽ മാത്രം കൃത്യം ഒരു മണിക്ക് ഉച്ച ഭക്ഷണം റെഡിയാവും. അന്ന് ചോട്ടാ സാഹിബ് സ്കൂളിന്റെ അടുത്തു തന്നെ ഒരു കാന്റീനും നടത്തിയിരുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ മരുമകൻ സാബുജാനും എന്റെ ബാപ്പയുടെ സുഹൃത്തുക്കൾ ആയിരുന്നു. അവർ ഉച്ചഭക്ഷണത്തിനു മകൻ ദൂരെ ചെന്നു ബുദ്ധിമുട്ടേണ്ടതില്ല, സ്കൂളിനടുത്ത് തന്നെയുള്ള അവരുടെ ബങ്കളാപ്പുരയിൽ വെച്ച് കഴിക്കാം എന്ന് പറഞ്ഞത് കാരണം എന്റെ ഉച്ച ഭക്ഷണം സ്കൂൾ തുറന്ന ശേഷം ബങ്കളാപ്പുരയിലേക്ക് മാറ്റി.
അവരുടെ വീട് അന്ന് ഓട് മേഞ്ഞതും, വലിയ ഒരു പൂമുഖവും അതിന്റെ മൂന്നു വശത്തും വരാന്തയും അതിൽ ചുറ്റും നല്ല തറയും ഉണ്ടായിരുന്നു. അന്ന് അവർ വലിയ ഒരു ഓടം നിർമ്മാണം നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. അതിന്റെ ജോലിക്കാരും ചരക്കിറക്കുന്നതും കച്ചവടത്തിൽ സഹായിക്കുന്നവരും, മറ്റ് അമേനി ഗ്രൂപ്പിൽ നിന്നും എത്തിയവരുമായി കുറഞ്ഞത് മുപ്പത് പേര് ഉച്ചഭക്ഷണത്തിനു അവിടെ കണ്ടിരുന്നു. നിർഭാഗ്യവശാൽ ചോട്ടാ സാഹിബിന്റെ ഓടം കന്നിയാത്രയിൽ തന്നെ മോശം കാലാവസ്ഥയിൽ കോഴിക്കോടിനു തീരത്ത് വെച്ചു തകർന്നുപോയി. ആ ഓടത്തിൽ തന്നെ സാഹിബും അന്ത്യശ്വാസം വലിക്കുകയുണ്ടായി. അദ്ദേഹം ഒരു ഗുജറാത്തി പത്താൻ(പട്ടാണി)കാരൻ ആയിരുന്നു. നല്ല മനുഷ്യസ്നേഹിയും, ഉൽസാഹഭരിതനും, കർമനിരതനും ആയിരുന്നു. അവർ മംഗലാപുരത്ത് നിന്നും അമേനിയിൽ വന്നു കച്ചവടം ചെയ്തു.
അങ്ങനെ അദ്ദേഹം അറിയപ്പെട്ട ഒരു പണക്കാരൻ ആയി മാറി.
എന്റെ ബാപ്പ കാലവർഷം തുടങ്ങുന്നതിനു മുമ്പ് തന്നെ കൽപേനിയിലേക്ക് മടങ്ങി. ഹോസ്റ്റൽ ആവശ്യത്തിനുള്ള സോപ്പ്, ചീർപ്പ്, കണ്ണാടി എന്നിവയും, ബ്രഷ്, പേസ്റ്റ്, തോർത്ത് എന്നിവയും എനിക്ക് വാങ്ങി തന്നു. പോകുന്നതിനു മുമ്പ് അഞ്ച് രൂപ പോക്കറ്റ് മണിയായും തന്നു. ഹോസ്റ്റൽ മുറിയിൽ ആവശ്യം വരുമെന്ന് കരുതി ഒരു കയറ്റു കട്ടിൽ നിർമ്മിക്കുന്നതിനു ഒരാളെ ഏൽപ്പിച്ചു. പിന്നീട് ഹോസ്റ്റൽ തുറന്നപ്പോൾ ആദ്യനാളുകളിൽ ആ ഒരു കട്ടിൽ മാത്രമെ ഹോസ്റ്റലിൽ ഉണ്ടായിരുന്നുള്ളൂ. പിന്നീട് കുറേ നാളുകൾക്ക് ശേഷം കട്ടിലുകൾ നാട്ടുകാർ നിർമിച്ചു ഹോസ്റ്റലിനു നൽകി. ഹോസ്റ്റലിൽ ആകെ അഞ്ചു മുറികളായിരുന്നു ഉണ്ടായിരുന്നത്. പ്രായം കൂടിയ പലരും, മറ്റു ദ്വീപുകളിൽ നിന്നും വന്നവരും ഉണ്ടായിരുന്നു. പ്രായം കുറഞ്ഞ ഇരുപത് പേരെ ഒന്നിച്ചു ഒരു വലിയ അഞ്ചാം നമ്പർ മുറിയിലാണ് താമസിപ്പിച്ചിരുന്നത്. ഹോസ്റ്റൽ ജീവിത കാലത്ത് കുളിക്കുന്നതും വസ്ത്രം അലക്കുന്നതും തൊട്ടടുത്തുള്ള പള്ളിക്കുളത്തിൽ ആയിരുന്നു.
അന്ന് കവരത്തി, അഗത്തി എന്നീ ദ്വീപുകളിൽ നിന്നും വന്ന് ഞങ്ങളോടൊപ്പം പഠിച്ചിരുന്ന പലരും മൂപ്പതും നാൽപതും വയസ്സുള്ളവരും ആറാം ക്ലാസ് പഠനം കഴിഞ്ഞ് കുറെ വർഷം നാടൻ പണികളുമായി കഴിഞ്ഞവരും ആയിരുന്നു. എന്നാൽ കടമം, കിൽത്താൻ, ചേത്തിലാത്ത്, കൽപേനി എന്നീ ദ്വീപുകളിൽ നിന്നും വന്ന കുട്ടികൾ അധികവും എന്റെ പ്രായക്കാർ ആയിരുന്നു.
അന്ന് ഞങ്ങളോടൊപ്പം പഠിച്ചിരുന്നവരിൽ ചിലർ പത്താം ക്ലാസ്സ് പഠനം പൂർത്തിയാക്കുന്നതിനു മുമ്പ് തന്നെ പഠിത്തം നിർത്തി. അവർക്ക് മൂർക്കോത്ത് രാമുണ്ണി ജോലിയും നൽകി. സർവ്വേ ജോലി, കൃഷി, പോലീസ്, ഫിഷറീസ് എന്നീ വകുപ്പുകളിൽ പഠനം പൂർത്തിയാക്കാതെ ഉദ്യോഗത്തിൽ കയറിയവർ ആയിരുന്നു അവർ. അന്ന് അമേനി സ്കൂളിൽ പഠിച്ച പലരും നമ്മെ വിട്ടുപോയി.
അന്ന് അമേനിയുടെ ബേളാപുരം എന്ന തുറമുഖത്ത് ഒരു പീരങ്കി അഴിമുഖത്തേക്ക് തിരിച്ചു ഉറപ്പിച്ചു വെച്ചിരുന്നത് ഉണ്ടായിരുന്നു. അത് പറങ്കികൾ കോട്ട കെട്ടാൻ വന്നപ്പോൾ കൊണ്ടുവന്നതാണെന്നും പിന്നീട് അബൂബക്കർ ഖാളിയുടെ നേതൃത്വത്തിൽ നടന്നിരുന്ന യുദ്ധത്തിൽ അവർ ഇട്ടിട്ട് പോയതാണെന്നും കേട്ടു. അവർ കെട്ടാൻ ശ്രമിച്ച കോട്ടയുടെ അടിത്തറയുടെ ചില കല്ലുകൾ ഇന്നത്തെ ഗവർമെന്റ് ഗസ്റ്റ് ഹൗസ് കിടക്കുന്ന സ്ഥലത്ത് കണ്ടു. ആ പീരങ്കി ഇന്ന് അഗത്തി മ്യൂസിയത്തിൽ വെച്ചിട്ടുണ്ട്.
മേയ് 15 മുതൽ സപ്തംബർ 15 വരെ ദ്വീപുകൾ തമ്മിലും വൻകരയും അന്ന് പൂർണമായും ഒറ്റപ്പെട്ടു കിടന്നിരുന്നു. ആ നിലക്ക് കടൽ യാത്ര ചെയ്യാനുള്ള ‘ബോട്ട്ക്ലി’ എന്ന പെർമിറ്റ് നൽകിയിരുന്നുമില്ല. ഒക്ടോബറോടു കൂടി ലക്കഡീവ്സ് ലോഞ്ച് വീണ്ടും സർവീസ് തുടങ്ങി. കൽപേനിയിൽ നിന്നും കാലവർഷത്തിനു ശേഷം അതെ ലോഞ്ചിൽ ഒക്ടോബറിൽ തന്നെ ബാപ്പ തിരികെ അമേനിയിൽ എത്തി.
മേയ് മാസത്തിൽ ബാപ്പ തന്ന അഞ്ചു രൂപാ പോക്കറ്റ് മണിയിൽ നിന്നും രണ്ടര രൂപ പേസ്റ്റും സോപ്പും വാങ്ങാനായി ഞാൻ ചിലവിട്ടിരുന്നു. ബാക്കി രണ്ടര രൂപ എന്റെ കൈവശം ഉണ്ടായിരുന്നു.
ബാപ്പക്ക് മരണപ്പെട്ട മഹത്തുക്കളുടെ ഖബറിനടുത്ത് സന്ദർശനം നടത്തുന്നതും അവിടെ നിന്ന് യാസീൻ ഓതുന്നതും പതിവായിരുന്നു. അങ്ങനെ ബാപ്പ പുറാടം ജായിക്കോയ യോടൊപ്പം ജമാഅത്ത് പള്ളിയിൽ പോയപ്പോൾ ഞാനും കൂടെ ചെന്നിരുന്നു. നിസ്കാരം കഴിഞ്ഞു പള്ളിയുടെ വടക്ക് കിഴക്ക് കിടക്കുന്ന ഒരു ഖബറിനടുത്ത് ചെന്നു. അത് കിളുത്തൻ ദ്വീപിലെ കിളുത്തൻ തങ്ങൾ എന്ന് അറിയപ്പെട്ടിരുന്ന അഹ്മദ് നഖ്ഷബന്തി എന്ന ആളുടെ ഖബറായിരുന്നു. ഇന്ന് കാണുന്നത് പോലെ അത് കെട്ടിപ്പൊക്കിയതോ മേൽപുര ഉള്ളതോ അല്ലായിരുന്നു. രണ്ട് വശത്തും ഓരോ മീസാൻ കല്ലുകൾ മാത്രം. അതും മറ്റ് രണ്ട് മൂന്ന് ഖബറുകളും സിയാറത്ത് കഴിച്ചു.
സിയാറത്ത് കഴിഞ്ഞപ്പോൾ ജായിക്കോയ ഒരു നോട്ടുബുക്കിൽ എന്തോ എഴുതിയതുമായി വന്നു. അത് ‘ഫുതുഹാത്തുൽ ജസായിർ’ എന്ന ലഘുലേഖയുടെ പകർപ്പ് ആയിരുന്നു. കൽപേനി ജമാഅത്ത് പള്ളിയിൽ ഉണ്ടായിരുന്ന അതിന്റെ കോപ്പി 1947 ലെ കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടു എന്നും അപ്പോൾ ഭൂമി സർവ്വെ തുടങ്ങാൻ പരിപാടി ഉള്ളതിനാൽ വഖ്ഫ് ചെയ്ത കൃത്യമായ അളവ് അതിൽ ഉണ്ടെന്നും അത്കൊണ്ട് അമേനി ജമാഅത്ത് പള്ളിയിൽ ഉള്ള കോപ്പിയിൽ നിന്നും പകർത്തിവെക്കാൻ പറഞ്ഞതനുസരിച്ച് മുദരിസ് എഴുതി വെച്ചത് ആയിരുന്നുവെന്നും പറഞ്ഞു.
ആ പള്ളിയുടെ തെക്ക് വശത്ത് വലിയ ഒരു കുളം ഉണ്ട്. അതിൽ നിറയെ തിലോപ്പിയ മൽസ്യങ്ങളും ഉണ്ടായിരുന്നു. ആരാണ് അതിൽ അത് കൊണ്ടിട്ടത് എന്നറിയില്ല. എന്നാലും അക്കാലത്ത് അമേനി ദ്വീപിൽ മിക്ക കുളങ്ങളിലും തിലോപ്പിയ വളർത്തിയിരുന്നു. ഞാനും ശേഖോയയും തിലോപ്പിയ ചൂണ്ടയിട്ടു പിടിക്കാറുണ്ടായിരുന്നു. വലിയ ലഗൂൺ ഇല്ലാത്ത അമേനി ദ്വീപിൽ കാലവർഷത്തിൽ മൽസ്യം ഒരു കിട്ടാക്കനി ആയിരുന്നു. ആ നാളുകളിൽ തിലോപ്പിയ മുളകിട്ട കറി മിക്ക വീടുകളിലും കാണപ്പെട്ടിരുന്നു.
പിന്നീട് ഒരിക്കൽ ഞാൻ ബാപ്പയോടും ജായിക്കോയയോടും ഒപ്പം പഴയ ജമാഅത്ത് പള്ളിയിൽ അബൂബക്കർ ഖാളി യുടെ ഖബർ സിയാറത്ത് ചെയ്യാൻ പോയിരുന്നു. പഴയ ജമാഅത്ത് പള്ളി പടിഞ്ഞാറെ കടപ്പുറത്തിനടുത്ത് ആയിരുന്നു. ഹസ്രത്ത് ഉബൈദുല്ല(റ) പണിത ആ പള്ളി ആയിരുന്നു അമേനിയിലെ ആദ്യത്തെ പള്ളി. അബൂബക്കർ ഖാസിയുടെ രക്തസാക്ഷിത്വം ഹിജ്റ 967 (ക്രി.1559) ലിലാണെന്ന് ‘തുഹ്ഫത്തുൽ മുജാഹിദീൻ എന്ന ഗ്രന്ഥത്തിൽ സൈനുദ്ദീൻ മഖ്ദൂം രേഖപ്പെടുത്തിയത് കാണാം. ആ പള്ളിയുടെ മുൻവശത്ത് സാമാന്യം വലുപ്പമുള്ള അബൂബക്കർ ഖാളിയുടെ ഖബർ കിടപ്പുണ്ടായിരുന്നു. അതിനു തൊട്ടുകൊണ്ട് അതെ വലിപ്പത്തിൽ വേറൊരു ഖബറും ഉണ്ടായിരുന്നു. അത് അബൂബക്കർ ഖാളി യുടെ ഭാര്യയുടെ ഖബർ ആണെന്നും രണ്ടു പേരും പറങ്കികളുമായി ഏറ്റുമുട്ടി ശഹീദ് ആയതാണെന്നും ജായിക്കോയ പറഞ്ഞു തന്നു. ആ ഖബറിനടുത്ത് തന്നെ ഒരു കുമ്മായം തേച്ചു മിനുക്കിയ ഇടക്കിടെ പൊളിഞ്ഞ ഒരു തറയും കണ്ടു. അവിടെയാണ് ഹസ്രത്ത് ഉബൈദുല്ല(റ) വിനെ ദ്വീപുകാർ ആദ്യം കണ്ടെത്തിയത് എന്നും അതിന്റെ ഓർമ്മയ്ക്കായി ആണ് ആ തറ നിലനിർത്തി പോരുന്നത് എന്നും പറഞ്ഞിരുന്നു. ഹസ്രത്ത് ഉബൈദുല്ല (റ) കപ്പൽ പൊളിഞ്ഞു ഒരു മരക്കഷ്ണത്തിൽ ആദ്യമായി എത്തപ്പെട്ടത് അമേനി ദ്വീപിലാണ് എന്നും അത് കൊണ്ട് ‘നീറ്റിമ്മേൽ വന്നവർ’ എന്ന പേരിൽ ആയിരുന്നു അവർ അമേനിയിൽ അറിയപ്പെട്ടിരുന്നത് എന്നും പറഞ്ഞു തന്നു. മറ്റു പല ദ്വീപുകളിലും ‘മുമ്പ് മൗല’ എന്ന പേരിൽ ആണ് ഹസ്റത്ത് ഉബൈദുല്ല(റ) അറിയപ്പെടുന്നത്.
അവിടെ അന്ന് അബൂബക്കർ ഖാളിയുടെ ഖബറിനു മേൽപുര ഒന്നും തന്നെ ഇല്ലാതിരുന്നു. ഞാൻ 1979 – 82 വരെ അമേനിയിൽ മെഡിക്കൽ ഓഫീസർ ആയി ജോലി നോക്കിയിരുന്നപ്പോഴും അവിടെ മേൽപുരയോ സ്മാരകമോ ഒന്നും തന്നെ ഇല്ലായിരുന്നു. ഇന്ന് അവിടെ ഒരു വലിയ കെട്ടിടവും ദാബൂത്ത് മൂടിയ മഖ്ബറയും കാണുന്നുണ്ട്. അവിടെ ആണ്ട് നടക്കുന്നതും കാണുന്നുണ്ട്. അത് അന്വേഷിച്ചപ്പോൾ അറിഞ്ഞത് കുറെ വർഷങ്ങൾക്കു മുൻപു കുണ്ടൂർ ഉസ്താദ് അമേനിയിൽ വന്നുവെന്നും, അദ്ദേഹത്തിന്റെ ഉപദേശപ്രകാരം ആണ് അവിടെ ഒരു ദർഗയും നടപ്പുരയും നിർമ്മിച്ചത് എന്നും, അദ്ദേഹം വന്ന ദിവസം വർഷം തോറും അവിടെ ആണ്ട് നടക്കുന്നു എന്നും അറിഞ്ഞു.
ആദ്യമായി പറങ്കികൾ ലക്ഷദ്വീപുകളിൽ ആക്രമണം നടത്തിയത് കൽപേനിയിൽ ആണെങ്കിൽ കോട്ട കെട്ടി കയർ വ്യാപാരം നടത്താൻ തുനിഞ്ഞത് അമേനിയിൽ ആയിരുന്നു. അവരാണ് അമേനിയിൽ ചവോക്ക് മരങ്ങൾ പിടിപ്പിച്ചത് എന്നും പറഞ്ഞു കേട്ടിട്ടുണ്ട്. ഞങ്ങൾ അമേനിയിൽ പഠിക്കുന്ന കാലത്തു കച്ചേരിക്ക് സമീപം കുറെ ചവോക്ക് മരങ്ങൾ കണ്ടിരുന്നു. അത് പരിസ്ഥിതി പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതിനാൽ ലോകാരോഗ്യ സംഘടന നിരോധിച്ചിട്ടുണ്ട്. അതിന്റെ ഇലകൾ ഉണങ്ങിയത് കാറ്റിൽ സഞ്ചരിച്ച് മനുഷ്യരിൽ ശ്വാസകോശരോഗങ്ങൾ ഉണ്ടാക്കുന്നു എന്ന് മാത്രമല്ല അതിന്റെ വേരുകൾ ആഴത്തിൽ ഇറങ്ങി വെള്ളം വലിച്ചെടുത്ത് കുടിവെള്ളക്ഷാമം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.
പാമ്പും പള്ളിയുടെ മുൻ വശത്ത് ഇന്ന് കാണുന്ന അബൂബക്കർ ഖാളിയുടെ ചരിത്രം എഴുതിയ ഫലകം അന്ന് അവിടെ ഇല്ലായിരുന്നു. അത് ഇന്ത്യൻ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ അമേനി സന്ദർശനവേളയിൽ അദ്ദേഹത്തെ കൊണ്ട് ഉൽഘാടനം ചെയ്തത് ആയിട്ടാണ് കാണുന്നത്. ചരിത്രം അന്വേഷിച്ചതിൽ പാമ്പിൻ പള്ളിയിൽ വെച്ചു പറങ്കികളെ നേരിടാൻ കോലത്തിരി രാജാവിന്റെ പ്രതിനിധിയായി വന്ന ഒരാളും അബൂബക്കർ ഖാളിയും മറ്റു പലരും ചർച്ച നടന്നതായി കാണപ്പെടുന്നുണ്ട്. അബൂബക്കർ ഖാളിയുടെ ഖബർ കിടക്കുന്നത് പഴയ ജുമാമസ്ജിദിന്റെ മുൻവശത്ത് ആണ്. കോട്ട കെട്ടി പണിയുന്നതിന് മുമ്പ് തന്നെ പറങ്കികളുമായി
ഏറ്റുമുട്ടലിൽ അബൂബക്കർ കാളിയും ഭാര്യയും മറ്റ് പലരും ശഹീദ് ആയി എന്നും, ആ സംഭവത്തിനു ശേഷം പറങ്കികൾ ദ്വീപ് വിട്ടു പോയി എന്നുമാണ് കാണുന്നത്.
അമേനി ദ്വീപ് വടക്ക് പടിഞ്ഞാറ് ഭാഗം അസാധാരണമായി പൊങ്ങിക്കിടക്കുന്നത് കാണുന്നുണ്ട്. അത് ഹസ്രത്ത് ഉബൈദുല്ല(റ) അവിടെ വന്നപ്പോൾ ദ്വീപുകാർ ആക്രമിക്കാൻ ചെന്നുവെന്നും അപ്പോൾ അദ്ദേഹം പ്രാർഥിച്ചു തെക്ക് ഭാഗത്ത് ചവിട്ടി എന്നും അപ്പോൾ ദ്വീപ് ചരിയുന്നത് കണ്ട് ഭയപ്പെട്ടു എല്ലാവരും ഇസ്ലാം മതം സ്വീകരിച്ചു എന്നും ഒരു ഐതിഹ്യമുണ്ട്. ഹസ്രത്ത് ഉബൈദുല്ല അമേനിയിൽ എത്തിയത് ഹിജ്റ 41 ലാണെന്ന് ‘ഫുതുഹാത്തുൽ ജസായീർ’ എന്ന ഗ്രന്ഥത്തിൽ കാണപ്പെടുന്നു.
അമേനിയിൽ പെരുന്നാൾ ദിനത്തിൽ മറ്റ് ദ്വീപുകാരുടെതിൽ നിന്നും വ്യത്യസ്ഥമായ ചില ആചാരങ്ങൾ ഉണ്ടായിരുന്നു. ദഫ്മുട്ട് ദിക്റുകളുമായി ആളുകൾ വീട് വീടാന്തരം കയറി ഇറങ്ങുമ്പോൾ അവരെ അനുഗമിച്ചു കുട്ടികളും സ്ത്രീകളും രാത്രിയും പകലും കറങ്ങി നടക്കും. ഇത് മൂന്ന് ദിവസം ഉണ്ടാവും. കുട്ടികൾ പലരും ബീഡി വലിക്കുന്നവരും വെറ്റില മുറുക്കുന്നവരും ആയിരുന്നു. കുട്ടികൾ കെട്ടു കണക്കിന് ബീഡി കൊണ്ട് വന്ന് മൽസരിച്ച് കത്തിക്കും. ഒരു ഗ്രൂപ്പിൽ പത്തും പന്ത്രണ്ടും കുട്ടികൾ ഉണ്ടെങ്കിൽ അവർ എല്ലാവരുടെ വീട്ടിലും ചെന്നു ഭക്ഷണം കഴിക്കും. പെരുന്നാളിനു വേണ്ടി പലതരം പലഹാരങ്ങളും മുൻകൂട്ടി തയാറാക്കി വെക്കും. അപ്രകാരം പലഹാരങ്ങൾ കല്യാണത്തിനും മുൻകൂട്ടി തയാറാക്കി വെക്കാറുണ്ടായിരുന്നു. ദിക്റും കുത്ത് റാത്തീബും പള്ളിയിൽ ഉണ്ടാവും.
പൊന്നിക്കം മുത്തുക്കോയയുടെ കല്യാണം ഞാൻ ഉള്ളപ്പോൾ ആണ് അമേനിയിൽ നടന്നത്. ഭാര്യവീട് കീളാവേല്യം ആയിരുന്നു. ആ കല്യാണാഘോഷം ഗംഭീരമായിരുന്നു. കളിയും സദ്യയും എല്ലാ ദ്വീപുകളിലും ഉള്ള വിധമാണ് എങ്കിൽ അവിടെ വീടും ബെഡ് റൂമും വർണ്ണക്കടലാസു കൊണ്ട് അലങ്കരിക്കുന്നതിൽ പ്രത്യേകത ഉണ്ടായിരുന്നു. പ്രത്യേകിച്ച് വീടിന്റെ അകത്തുള്ള രണ്ടു തറകൾ. അതിനു വാതിലുകളും ജനാലകളും വർണ്ണക്കടലാസ് കൊണ്ട് ഉണ്ടാക്കി അതിൽ കടലാസിൽ ഉണ്ടാക്കിയ പൂക്കളും, ഡിസൈനുകളും പിടിപ്പിച്ചു മനോഹലമാക്കും. ആ തറയിൽ കിടക്കയും ബെഡ്ഷീറ്റും വിരിച്ചു ഒരു ബെഡ്റൂം പോലെ ഉണ്ടാക്കും. അവിടെ ആയിരിക്കും പുതിയാപ്ല ആദ്യം കുറെ ദിവസം ഉറങ്ങുന്നത്.
അവിടത്തെ പോലീസ് സ്റ്റേഷനിൽ പാച്ചുക്കുട്ടി എന്ന പേരിൽ ഒരു എസ് ഐ യെ പോസ്റ്റ് ചെയ്തു. നല്ല ശരീരഭാരവും, ഉയരവുമുള്ള പാച്ചുക്കുട്ടി നല്ല വോളിബോൾ കളിക്കാരനായിരുന്നു. അയാളുടെ നേതൃത്വത്തിൽ സ്കൂളിനടുത്ത് ഒരു വോളിബോൾ കോർട്ട് ഉണ്ടാക്കി നാട്ടുകാരും പങ്കെടുത്തിരുന്നു. പാച്ചുകുട്ടി ഒരു മുൻകോപിയും. ചെറിയ പ്രശ്നങ്ങൾക്ക് ആളുകളെ പോലീസ് സ്റ്റേഷനിൽ വിളിച്ചു തല്ലുമായിരുന്നു. പാത്തുമാട അബ്ദുല്ലക്കോയയുടെ നേതൃത്വത്തിൽ അതിന് പ്രതിഷേധം നടത്തി എന്ന് പറഞ്ഞു അദ്ദേഹത്തെയും സ്റ്റേഷനിൽ വിളിച്ചു ചീത്ത പറഞ്ഞു അടിക്കുകയും, വീണ്ടും തല്ലാൻ കൈ ഓങ്ങിയതും അദ്ദേഹം കയ്യിൽ കയറി പിടിച്ചു തിരിച്ചടിച്ചു. അത് പ്രശ്നമായി. അഡ്മിനിസ്ട്രേറ്റർ മൂർക്കോത്ത് രാമുണ്ണിക്ക് പരാതി നൽകി പാച്ചുക്കുട്ടിയെ തിരികെ കേരളത്തിലേക്ക് അയച്ചു.
അമേനിയിൽ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴേക്കും ആ വർഷം കൽപേനിയിൽ ഹൈസ്കൂൾ തുടങ്ങുന്നുവെന്ന് അറിഞ്ഞു. കൽപേനി അന്ത്രോത്ത് ദ്വീപുകളിലുള്ള കുട്ടികളും കൽപേനിയിൽ വെച്ച് ആയിരിക്കും ഹൈസ്കൂൾ പഠനം എന്നും അറിഞ്ഞു.
