അമർ ജവാൻ ഷഹീദ് സൈനുദ്ദീൻ, നിൻറ ഓർമ്മകൾക്ക് മരണമില്ല

സിറാജ് കോയ അമിനി


ജമ്മുകശ്മീരിലാണ് ഞങ്ങൾ കണ്ടുമുട്ടുന്നത് അത് ഞങ്ങളുടെ ആദ്യത്തെ കൂടിക്കാഴ്ചയായിരുന്നു, അവസാനത്തേതും. ലക്ഷദ്വീപിൽ നിന്നു കോഴിക്കോട് എത്തി അവിടെയും അടച്ചു മൂടിയിരുന്നു മടുത്തു അങ്ങനെ പതിവുപോലെ പെട്ടെന്ന് തീരുമാനമെടുത്തു, ടിക്കറ്റ് ബുക്ക് ചൈത് രാത്രി കോഴിക്കോട് എയർപോർട്ടിൽ നിന്നു പുറപ്പെട്ട് പുലർച്ചെ ഡെൽഹി വഴി ശ്രീനഗർ എയർപോർട്ടിലിറങ്ങി.
അവിടെ കോഴിക്കോട്കാരനായ സുഹൃത്ത് ഉബൈദിനെ തപ്പിയെടുത്തു, രണ്ടാളും ഏകദേശം ഒരു മാസം കറങ്ങി. അതിശൈത്യം ആരമ്പിച്ചു അങ്ങനെ മലയിറങ്ങി ജമ്മുവിലേക്ക്, അവിടത്തെ കറക്കവും കഴിഞ്ഞു പഞ്ചാബിലേക്ക് പോവാൻ ബസ്സ് ബുക്ക് ചൈത് ട്രാവൽ ഏജൻസിയിലെത്തി അന്ന് 2020 നവംബർ നാല്.


അവിടെ ഇരിക്കുമ്പോഴാണ് കുറച്ചുപേർ തമിഴിൽ സംസാരിക്കുന്നതു കേട്ടത്. ഈ യാത്രയിൽ ഒറ്റ മലയാളിയെ പോലും കാണാനാവാത്ത നിരാശ തീർക്കാമെന്ന് വിചാരിച്ച് തമിഴനെങ്കിൽ തമിഴൻ എന്നു കരുതി കേറി മുട്ടി നോക്കിയതാണ് അപ്പോളാണ് കൂട്ടത്തിലെ പയ്യൻ താൻ മലയാളിയാണ് എന്നു പറയുന്നത്. കേരളത്തിലെവിടെ എന്നു ചോദിച്ചു എറണാകുളം എന്നു മറുപടി, എറണാകുളം എവിടെ എന്നു ചോദിച്ചു, അത് നിങ്ങൾക്ക് മനസ്സിലാവില്ല എന്നു പറഞ്ഞു. വിട്ടു കൊടുക്കാൻ ഞാനും തയ്യാറല്ല. എനിക്കറിയാത്ത കൊച്ചിയൊ..? ഒടുവിൽ ഉത്തരം വന്നു. ഞാൻ സന്തോഷം കൊണ്ട് അവനെ കെട്ടി പിടിച്ചു. അഭിമാനം തോന്നിയ നിമിഷങ്ങൾ.

മാഷാ അള്ളാ, ഇങ്ങ് ദൂരെ മഞ്ഞു മലകൾക്കിടയിൽ രാജ്യത്തിന്റെ അതിർത്തി കാക്കുന്ന ദ്വീപുകാരനായ പട്ടാളക്കാരൻ സൈനുദ്ദീൻ. ബസ്സ് വരാൻ ഒരുപാട് സമയമുണ്ട് ഞാൻ ചായ കുടിക്കാൻ അവരെ അഞ്ചാളെയും വിളിച്ചു, വരാൻ ആരും തയ്യാറല്ല കാരണം അവർക്ക് സുരക്ഷാ ഭീഷണിയുണ്ടത്രെ. എൻറെ നിർബന്ധത്തിനു വഴങ്ങി അവർ സൈനുവിന് അനുമതി നൽകി അതും അവരുടെ നോട്ടമെത്തുന്നിടത്തോളം. അങ്ങനെ ഉബൈദും ഞാനും സൈനുവും കൂടി റുമാലി റൊട്ടിയും കശ്മീരി തുജ്ജും കഴിച്ച് ഏറെ നേരം സംസാരിച്ചു.

മിത ഭാഷി, പുകവലിയും മധ്യപാനവുമൊന്നുമില്ല. സൈനുദ്ദീൻറ സംസാരത്തിൽ കുടുംബം, നാട്, സ്കൂൾ ഇതു മാത്രം അവൻറ അധ്യാപകരിൽ പലരും എൻറെ സഹപാഠികൾ. വളരെ നല്ല കുട്ടി, എനിക്കു ഒരുപാട് ഇഷ്ടമായി. അന്നു കാണുമ്പോൾ ഏകദേശം പത്തുവർഷത്തോളം സൈനു പട്ടാള സേവനമനുഷ്ഠിച്ചിട്ടുണ്ട്. കശ്മീരിൽ പട്ടാളക്കാർ അവിടെയുള്ള ആരുമായും ബന്ധപ്പെടാനും പുറത്തിറങ്ങാനും പാടില്ലത്രെ എല്ലാവരും എപ്പോഴും അതീവ സുരക്ഷയിലാണ്. എൻറെ കൂടെയുള്ള ആ കുറഞ്ഞ സമയങ്ങൾ സൈനുദ്ദീൻ ഏറെ ആസ്വദിച്ചു, ആന്ത്രോത്ത് സ്വദേശിയാണെങ്കിലും സൈനുദ്ദീൻറ വേരുകൾ ചെത്ത്ലാത്ത് ദ്വീപുവരെ എത്തി നിൽക്കുന്നു.


സാറ് നാട്ടിൽ വരുമ്പോൾ വീട്ടീൽ വരണം എന്നു പറഞ്ഞു. സൈനുദ്ദീൻറ സഹോദരി ഭർത്താവ് അമിനിയിലെ എൻറെ ഒരു ബന്ധു കൂടിയാണ്. വണ്ടി വന്നപ്പോൾ രണ്ടാളും രണ്ടു വഴിക്ക് പിരിഞ്ഞു. സിക്കിമിൽ മണ്ണിടിച്ചിലിൽ പ്രിയപ്പെട്ട ജവാൻ സൈനുദ്ദീനും അകപ്പെട്ടു എന്നറിഞ്ഞതുമുതൽ ഒന്നും വരരുതേ എന്നു പ്രാർത്ഥിക്കുകയായിരുന്നു. ഇന്നലെ ഏറെ വൈകിയാണ് രക്തസാക്ഷിത്വം ഞാനറിയുന്നത്.
ധീര ജവാനെ സല്യൂട്ട് ചെയ്യുന്നു.
ജൈ ഹിന്ദ്.

Leave a Reply

Your email address will not be published. Required fields are marked *