IRBn ഉദ്യോഗസ്ഥരുടെ സ്വന്തം ദ്വീപുകളിലേക്കുള്ള പോസ്റ്റിംഗ് നയം പിൻവലിച്ചു; 2008ലെ ഉത്തരവ് റദ്ദാക്കി ലക്ഷദ്വീപ് ഭരണകൂടം

കവരത്തി: ലക്ഷദ്വീപിൽ സേവനമനുഷ്ഠിക്കുന്ന ഇന്ത്യ റിസർവ് ബറ്റാലിയൻ (IRBn) ഉദ്യോഗസ്ഥർക്ക് സ്വന്തം ദ്വീപുകളിൽ നിയമനം നൽകുന്നതുമായി ബന്ധപ്പെട്ട 2008ലെ ഉത്തരവ് ലക്ഷദ്വീപ് ഭരണകൂടം റദ്ദാക്കി. 2026 നവംബർ 6ന് IRBn കമാൻഡന്റ് പുറത്തിറക്കിയ പുതിയ ഓഫീസ് ഉത്തരവിലൂടെയാണ് പഴയ ഉത്തരവ് പിൻവലിച്ചത്.

2008 ജൂൺ 18ന് പുറപ്പെടുവിച്ച F.No. 03/02/2007-IRBn നമ്പർ ഉത്തരവ് പ്രകാരം, ഓരോ ദ്വീപിലും വിന്യസിക്കുന്ന IRBn ഉദ്യോഗസ്ഥരിൽ മൂന്നിലൊരുഭാഗം അതത് ദ്വീപുകളിൽ നിന്നുള്ളവരായിരിക്കണമെന്നായിരുന്നു വ്യവസ്ഥ.

പഴയ നയമനുസരിച്ച് സ്വന്തം ദ്വീപിൽ നിയമനം ലഭിക്കുന്ന ഉദ്യോഗസ്ഥരുടെ കാലാവധി ഒരു വർഷമായിരുന്നു. താൽപര്യമുള്ള ഉദ്യോഗസ്ഥരിൽ സീനിയോറിറ്റി അടിസ്ഥാനമാക്കിയായിരുന്നു നിയമനം. ഒരു വർഷം പൂർത്തിയാക്കുന്നവരെ മറ്റ് ദ്വീപുകളിലേക്ക് മാറ്റുകയും പകരം അടുത്ത വിഭാഗം ഉദ്യോഗസ്ഥർക്ക് സ്വന്തം ദ്വീപിൽ സേവനമനുഷ്ഠിക്കാൻ അവസരം നൽകുകയും ചെയ്തിരുന്നു.

കൂടാതെ, ലക്ഷദ്വീപിൽ രണ്ട് വർഷത്തെ സേവനം പൂർത്തിയാക്കുന്ന ഉദ്യോഗസ്ഥരെ കമ്പനി ട്രാൻസ്ഫർ മുഖേന ദാമൻ, ദിയു, ദാദ്ര ആൻഡ് നഗർ ഹവേലി എന്നിവിടങ്ങളിലേക്ക് മാറ്റുന്നതിനും പഴയ ഉത്തരവിൽ വ്യവസ്ഥയുണ്ടായിരുന്നു.

എന്നാൽ, ഭരണപരമായ കാരണങ്ങൾ ചൂണ്ടിക്കാട്ടി 2008ലെ ഉത്തരവ് അടിയന്തര പ്രാബല്യത്തിൽ പിൻവലിക്കുന്നതായി നവംബർ 6ലെ പുതിയ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
പുതിയ ഉത്തരവോടെ IRBn ഉദ്യോഗസ്ഥരുടെ സ്വന്തം ദ്വീപുകളിലേക്കുള്ള നിയമനരീതിയിൽ എന്തെല്ലാം മാറ്റങ്ങളുണ്ടാകുമെന്നോ പകരം ഏത് നയമാണ് നടപ്പാക്കുകയെന്നോ സംബന്ധിച്ച് ഉത്തരവിൽ വ്യക്തത വരുത്തിയിട്ടില്ല. ഇതുസംബന്ധിച്ച കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *