ഇന്ത്യയുടെ ബ്ലൂ ഇക്കോണമി വികസന പദ്ധതിയിൽ ലക്ഷദ്വീപിനും ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്കും നിർണായക പങ്ക് നൽകാൻ കേന്ദ്ര സർക്കാർ. ട്യൂണ മത്സ്യബന്ധനം, കടൽപ്പായൽ കൃഷി, അലങ്കാര മത്സ്യവളർത്തൽ എന്നീ മേഖലകളുടെ വികസനത്തിലൂടെ ദ്വീപുകളിലെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും വർധിപ്പിക്കുകയാണ് ലക്ഷ്യം. ലക്ഷദ്വീപിലെ ട്യൂണ മത്സ്യ ഉൽപ്പാദനം അഞ്ച് വർഷത്തിനുള്ളിൽ ഇരട്ടിയാക്കി 50,000 ടണ്ണിലെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിനായി ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളും മദർ വെസ്സലുകളും ഉൾപ്പെടുത്തുന്നതിനൊപ്പം പരമ്പരാഗത പോൾ ആൻഡ് ലൈൻ മത്സ്യബന്ധന രീതിക്കും പ്രോത്സാഹനം നൽകും.
പ്രധാനമന്ത്രി മത്സ്യസമ്പദ യോജനയ്ക്ക് (PMMSY) കീഴിൽ ലക്ഷദ്വീപിന്റെ മത്സ്യബന്ധന മേഖലയിലെ വികസനത്തിനായി 175 കോടി രൂപയുടെ നിക്ഷേപമാണ് വകയിരുത്തിയിരിക്കുന്നത്. കൂടാതെ, ലക്ഷദ്വീപിനെ പ്രത്യേക സീവീഡ് ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്. കടൽപ്പായൽ കൃഷി വ്യാപിപ്പിക്കുന്നതിനും വിത്ത് ബാങ്കുകൾ, ഹാച്ചറികൾ എന്നിവ സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്. ലക്ഷദ്വീപിലെ പവിഴപ്പുറ്റുകളുമായി ബന്ധപ്പെട്ട 300-ലധികം അലങ്കാര മത്സ്യയിനങ്ങളുടെ സാധ്യതകളും പ്രയോജനപ്പെടുത്താനാണ് കേന്ദ്രത്തിന്റെ നീക്കം. മത്സ്യത്തൊഴിലാളികൾക്കും പ്രാദേശിക സംരംഭകർക്കും പുതിയ വരുമാനമാർഗങ്ങൾ സൃഷ്ടിക്കുന്നതിനൊപ്പം സമുദ്ര ആവാസവ്യവസ്ഥയുടെ സംരക്ഷണവും ഉറപ്പാക്കുമെന്ന് പദ്ധതിയിൽ വ്യക്തമാക്കുന്നു.
കടപ്പാട്: DD News / PIB
