കവരത്തി: ലക്ഷദ്വീപിലെ ഗസ്റ്റ് അധ്യാപക തസ്തികകളിലേക്ക് ഇന്ന് നടത്താൻ നിശ്ചയിച്ച സ്കിൽ ടെസ്റ്റിനെതിരെ പ്രതിഷേധവുമായി ഉദ്യോഗാർഥികൾ. വർഷങ്ങളായി തുടരുന്ന താൽക്കാലിക നിയമനരീതി അവസാനിപ്പിച്ച് സ്ഥിരനിയമനം ഉറപ്പാക്കണമെന്ന ആവശ്യവുമായാണ് ഉദ്യോഗാർഥികൾ പരീക്ഷ ബഹിഷ്കരിക്കുന്നത്. നിലവിലെ അധ്യയന വർഷത്തിന്റെ അവസാന ഘട്ടത്തിൽ, മാർച്ച് 31 വരെ മാത്രം കാലാവധിയുള്ള മൂന്ന് മാസത്തെ അക്കാദമിക് കാലയളവിനായി സ്കിൽ ടെസ്റ്റ് നടത്തുന്നത് ഉദ്യോഗാർഥികളിൽ അനാവശ്യ ആശങ്കയും മാനസിക സമ്മർദ്ദവും സൃഷ്ടിക്കുന്നതായി പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
ഒഴിവുള്ള അധ്യാപക തസ്തികകളിൽ സ്ഥിരനിയമനം നടത്താതെ വീണ്ടും താൽക്കാലിക നിയമന നടപടികളുമായി മുന്നോട്ടുപോകുന്ന ഭരണകൂടത്തിന്റെ സമീപനത്തിനെതിരെയാണ് പ്രതിഷേധം. കൃത്യമായ സിലബസ് പ്രസിദ്ധീകരിക്കാതെയും മതിയായ തയ്യാറെടുപ്പ് സമയം അനുവദിക്കാതെയും 90 മിനിറ്റിൽ 60 മാർക്കിനായി പരീക്ഷ നടത്തുന്നതിലും ഉദ്യോഗാർഥികൾ അതൃപ്തി രേഖപ്പെടുത്തി. ഇത്തരം നടപടികൾ പരീക്ഷയുടെ സുതാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നും അവർ ആരോപിക്കുന്നു.
സി.ടി.ഇ.ടി (CTET), കെ.വി.എസ് (KVS), എൻ.വി.എസ് (NVS), ഇ.എം.ആർ.എസ് (EMRS) തുടങ്ങിയ ദേശീയതല മത്സരപ്പരീക്ഷകൾക്കായി ദീർഘകാലം തയ്യാറെടുക്കുകയും മികച്ച സ്കോർ നേടുകയും ചെയ്യുന്ന യോഗ്യരായ ഉദ്യോഗാർഥികളുടെ കഴിവുകൾ വിലയിരുത്തുന്നതിന് വ്യക്തമായ മാനദണ്ഡങ്ങൾ വേണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. അടുത്ത അധ്യയന വർഷത്തേക്കുള്ള കോൺട്രാക്ട് നിയമന നടപടികൾ നേരത്തേ ആരംഭിക്കുക, സ്കിൽ ടെസ്റ്റിന്റെ സിലബസും പരീക്ഷാ തീയതിയും മുൻകൂട്ടി പ്രസിദ്ധീകരിക്കുക, ഗസ്റ്റ് അധ്യാപകരുടെ വേതനം വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളും പ്രതിഷേധക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്.
പ്രത്യേക പരിഗണനകളല്ല, മറിച്ച് സുതാര്യവും നീതിയുക്തവുമായ നിയമന നടപടികളാണ് തങ്ങളുടെ ആവശ്യമെന്ന് ഉദ്യോഗാർഥികൾ വ്യക്തമാക്കി. വർഷങ്ങളായി തുടരുന്ന താൽക്കാലിക നിയമന സമ്പ്രദായത്തിന് പകരം സമയബന്ധിതമായി സ്ഥിരനിയമനം നടപ്പിലാക്കുന്നതുവരെ കൂട്ടായ പ്രതിഷേധവുമായി മുന്നോട്ടുപോകാനാണ് അധ്യാപക കൂട്ടായ്മയുടെ തീരുമാനം.
