35-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസിന് സമാപനം; 192 പോയിന്റുമായി ആന്ത്രോത്തിന് കിരീടം

കൽപേനി: കായിക ആവേശം നിറഞ്ഞ മത്സരങ്ങൾക്ക് വിരാമമിട്ട് 35-ാമത് ലക്ഷദ്വീപ് സ്കൂൾ ഗെയിംസ് 2026 സമാപിച്ചു. കൽപേനി GSPSSS ഗ്രൗണ്ടിൽ നവംബർ 9ന് വൈകിട്ട് നടന്ന സമാപനച്ചടങ്ങിൽ 192 പോയിന്റ് നേടി ആന്ത്രോത്ത് ഓവറോൾ ചാമ്പ്യന്മാരായി. 163 പോയിന്റുമായി അഗത്തി രണ്ടാം സ്ഥാനവും 120 പോയിന്റുമായി അമിനി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കായിക ഇനങ്ങളിലെ മികച്ച പ്രകടനമാണ് ആന്ത്രോത്തിന് കിരീടം നേടിക്കൊടുത്തത്. അത്‌ലറ്റിക്സിൽ 84, അക്വാട്ടിക്സിൽ 56, ഗെയിംസിൽ 52 എന്നിങ്ങനെയാണ് ആന്ത്രോത്ത് പോയിന്റുകൾ നേടിയത്. 21 സ്വർണം, 14 വെള്ളി, 13 വെങ്കലം ഉൾപ്പെടെ ആകെ 48 മെഡലുകളും ദ്വീപ് സ്വന്തമാക്കി.

അഗത്തി 19 സ്വർണം, 14 വെള്ളി, 6 വെങ്കലം ഉൾപ്പെടെ 39 മെഡലുകൾ നേടി. അമിനി 8 സ്വർണം, 13 വെള്ളി, 12 വെങ്കലം ഉൾപ്പെടെ 33 മെഡലുകളുമായി മൂന്നാം സ്ഥാനത്തെത്തി.

മറ്റ് ദ്വീപുകളുടെ പോയിന്റ് നില:

  • കടമത്ത് – 105 പോയിന്റ് (26 മെഡലുകൾ)
  • കവരത്തി – 93 പോയിന്റ് (36 മെഡലുകൾ)
  • കിൽത്താൻ – 65 പോയിന്റ് (24 മെഡലുകൾ)
  • കൽപേനി – 56 പോയിന്റ് (12 മെഡലുകൾ)
  • ചെത്‌ലാത്ത് – 52 പോയിന്റ് (9 മെഡലുകൾ)
  • മിനിക്കോയ് – 41 പോയിന്റ് (14 മെഡലുകൾ)
  • ബിത്ര – 4 പോയിന്റ് (2 മെഡലുകൾ)

കൽപേനി ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ എൻ. ജമാലുദ്ദീൻ മുഖ്യാതിഥിയായി പങ്കെടുത്ത സമാപനച്ചടങ്ങിൽ വിദ്യാഭ്യാസ വകുപ്പ് എജ്യുക്കേഷൻ ഓഫീസർ സുബൈദാബി സി.പി. മുഖ്യപ്രഭാഷണം നടത്തി. സംഘാടക സമിതി ചെയർമാൻ സഫിയ സി.ഒ. സ്വാഗതം ആശംസിച്ചു. മീറ്റ് സെക്രട്ടറി എ.കെ. സനീബ് ഖാൻ മത്സരങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു. വിദ്യാഭ്യാസ വകുപ്പ് സബ്ജക്ട് എക്സ്പെർട്ട് കെ.കെ. ഷാനവാസ് ആശംസകൾ നേർന്നു.

തുടർന്ന് വിവിധ വിഭാഗങ്ങളിലെ വിജയികൾക്കുള്ള ട്രോഫികൾ മുഖ്യാതിഥിയും മറ്റ് വിശിഷ്ടാതിഥികളും ചേർന്ന് വിതരണം ചെയ്തു. കൽപേനി എ.എ.എം. ചീഫ് മെഡിക്കൽ ഓഫീസർ ഡോ. മുഹമ്മദ് വാകിദ് സി.ജി., ഇലക്ട്രിസിറ്റി വിഭാഗത്തിലെ എഞ്ചിനീയർ അൻവർ സാദത്ത് സി.ടി., നീന്തൽ പരിശീലകൻ മുജീബ് റഹ്മാൻ, സ്പോർട്സ് ആൻഡ് യൂത്ത് അഫയേഴ്സ് എ.എസ്.ഒ. നജ്മുദ്ദീൻ സയ്യിദ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

മത്സരങ്ങൾ ഔദ്യോഗികമായി സമാപിച്ചതായി പ്രഖ്യാപിച്ച ശേഷം മീറ്റ് പതാക താഴ്ത്തി. സംഘാടക സമിതി വൈസ് ചെയർമാൻ ഹൈദർ അലി കെ.ഐ.എൻ. നന്ദി രേഖപ്പെടുത്തി. ദേശീയഗാനത്തോടെ സമാപനച്ചടങ്ങുകൾ പൂർത്തിയായി.

Leave a Reply

Your email address will not be published. Required fields are marked *