കിൽത്താൻ :- ലക്ഷദ്വീപ് ഭരണകൂടം നടത്തിക്കൊണ്ടിരിക്കുന്ന ജനദ്രോഹ നടപടികൾക്കെതിരെ ദ്വീപിലാകമാനം നടക്കുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കിൽത്താൻ ദ്വീപിലെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ പ്രസിദ്ധമായ കോക്ക ഫുളുക്കിയാർ കടപ്പുറത്ത് സംഘടിപ്പിച്ച സർഗാത്മക പ്രതിഷേധ പരിപാടി പ്രസിദ്ധ സാഹിത്യകാരൻ കെ.ബാഹിർ ഉദ്ഘാടനം ചെയ്തു. വനിതാ പ്രവർത്തക ശ്രീമതി നഫീസാബി അധ്യക്ഷത വഹിച്ചു. സിനിമാ പിന്നണി ഗായകൻ ശഫീഖ് സി.കെ.സ്വാഗത പ്രസംഗം നടത്തി.
ലക്ഷദ്വീപ് യൂത്ത് കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ബി.പി.സിയാദ്, പ്രമുഖ എൻ.സി.പി.യുവനേതാവ് ഹിദായത്ത് കെ.സി. എന്നിവർ പ്രസംഗിച്ചു. ജന്മനാട്ടിൽ സുഖത്തിലും സ്വാതന്ത്ര്യത്തിലും ജീവിക്കുവാൻ വേണ്ടി വരും ദിവസങ്ങളിൽ നടക്കുന്ന പ്രതിഷേധങ്ങളിൽ എല്ലാവരും പങ്കെടുക്കണമെന്ന് പ്രാസംഗികർ ആഹ്വാനം ചെയ്തു. വിദ്യാർത്ഥികളും യുവാക്കളും എല്ലാം ചേർന്ന് വിവിധയിനം കലാപരിപാടികളും അവതരിപ്പിച്ചു. നൂറു കണക്കിന് ആളുകൾ പരിപാടിയിൽ പങ്കെടുത്തു. പ്രതിഷേധത്തിൻ്റെ പുതിയ രൂപങ്ങൾ സൃഷ്ടിക്കപ്പെടുകയാണ് വേറിട്ട പ്രതിഷേധങ്ങൾക്കൊണ്ട് ചരിത്രമെഴുതിയ പാരമ്പര്യമുള്ള കിൽത്താൻ ദ്വീപ്.
