ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് ഇനി ദിവസേന യാത്ര; 250 പേർക്ക് സഞ്ചരിക്കാവുന്ന ‘തേജ’ ബേപ്പൂരിൽ എത്തി

കോഴിക്കോട്: കേരളത്തിന്റെ സമുദ്രഗതാഗത ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ച്, ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് ദിവസേന യാത്രാസർവീസ് നടത്തുന്നതിനുള്ള സ്വകാര്യ യാത്രാക്കപ്പൽ ‘തേജ’ (TEJA) ബേപ്പൂർ തുറമുഖത്ത് എത്തി. 250 യാത്രക്കാരെ ഒരേസമയം വഹിക്കാൻ ശേഷിയുള്ളതാണ് ഈ കപ്പൽ. ആവശ്യമായ ഔദ്യോഗിക നടപടികളും അനുമതികളും പൂർത്തിയാകുന്ന മുറയ്ക്ക് ഈ മാസം തന്നെ സർവീസ് ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.

കേരളത്തിന്റെ തീരദേശവും തുറമുഖങ്ങളും സമുദ്രഗതാഗത സാധ്യതകളും പ്രയോജനപ്പെടുത്തി പുതിയ സാമ്പത്തിക-വാണിജ്യ അവസരങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തിന് ഈ പദ്ധതി പുതിയ ഊർജം പകരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഷുഭം എന്റർപ്രൈസസിന്റെ ഉടമയും സി.ഇ.ഒയുമായ ഡോ. സുന്ദരരാജ് പൊന്നുസാമിയും, നാഷണൽ ട്രേഡേഴ്സ് വെൽഫെയർ ബോർഡ് അംഗം സിറാജുദ്ദീൻ ഇല്ലത്തോടിയും മുഖ്യമന്ത്രിയെ കണ്ട് പദ്ധതിയുടെ പുരോഗതിയും പ്രാധാന്യവും ചർച്ച ചെയ്തിരുന്നു. കേവലം ഒരു യാത്രാസംവിധാനം എന്നതിലുപരി, ലക്ഷദ്വീപിലെ ജനങ്ങൾക്ക് കേരളത്തിലേക്കുള്ള യാത്ര കൂടുതൽ സുഗമമാക്കുന്നതിനും ചികിത്സ, വിദ്യാഭ്യാസം, വ്യാപാരം, വിനോദസഞ്ചാരം, ചരക്കുനീക്കം തുടങ്ങിയ മേഖലകളിൽ പുതിയ അവസരങ്ങൾ തുറക്കുന്നതിനുമുള്ള ചുവടുവെപ്പാണ് ഈ സർവീസ്. ചരിത്രപ്രസിദ്ധമായ ബേപ്പൂർ തുറമുഖത്തിന് യാത്രാ-വിനോദസഞ്ചാര മേഖലയിൽ പുതിയ മുഖം നൽകാനും, കേരളവും ലക്ഷദ്വീപും തമ്മിലുള്ള സാമ്പത്തിക-സാമൂഹിക ബന്ധം കൂടുതൽ ശക്തമാക്കാനും ഇതിലൂടെ സാധിക്കും. ഔദ്യോഗിക അനുമതികൾ ലഭിക്കുന്നതോടെ ബേപ്പൂരിൽ നിന്നുള്ള ലക്ഷദ്വീപ് കടൽയാത്രയ്ക്ക് വൈകാതെ തുടക്കമാകും.

Leave a Reply

Your email address will not be published. Required fields are marked *