ലക്ഷദ്വീപിൽ കള്ളക്കടൽ മുന്നറിയിപ്പ്



കവരത്തി: ദക്ഷിണ ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള ഉയർന്ന ഊർജമുള്ള നീണ്ട തിരമാലകളുടെ (Swell Waves) സ്വാധീനത്തെ തുടർന്ന് ലക്ഷദ്വീപിൽ കള്ളക്കടൽ (Kallakadal) / Swell Surge ന് സാധ്യതയുള്ളതായി മുന്നറിയിപ്പ്. INCOIS 2026 ആഗസ്റ്റ് 18-ന് പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം ആഗസ്റ്റ് 19, 20 തീയതികളിൽ തീരദേശ മേഖലകളിൽ ജാഗ്രത പാലിക്കുവാൻ നിർദേശം നൽകിയിട്ടുണ്ട്.

ഉയർന്ന ഊർജമുള്ള തിരമാലകളുടെ സ്വാധീനത്തെ തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ തീരദേശ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു.

പൊതുജനങ്ങളുടെയും വിനോദസഞ്ചാരികളുടെയും സുരക്ഷ മുൻനിർത്തി കിൽത്താൻ, ചെത്‌ലാത്ത്, ബിത്ര ദ്വീപുകളിലെ മത്സ്യത്തൊഴിലാളികൾ, പ്രദേശവാസികൾ, ഡൈവിംഗ് ഓപ്പറേറ്റർമാർ തുടങ്ങിയവർ മുന്നറിയിപ്പ് കാലയളവിൽ കടലിൽ നിന്ന് അകന്നുനിൽക്കണമെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.

കിൽത്താൻ, ചെത്‌ലാത്ത്, ബിത്ര ദ്വീപുകളിലെ ബീച്ച്, തീരത്തോട് ചേർന്നുള്ള മേഖലകളിലെ എല്ലാ തരത്തിലുള്ള വിനോദ ജല പ്രവർത്തനങ്ങളും ആഗസ്റ്റ് 19, 20 തീയതികളിൽ പൂർണമായും നിർത്തിവെക്കേണ്ടതാണ്.

ചെറിയ വള്ളങ്ങളും ബോട്ടുകളും തീരത്തോട് ചേർന്ന് സഞ്ചരിക്കുന്നത് ഒഴിവാക്കണമെന്നും നിർദേശമുണ്ട്. ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടമോ കേടുപാടുകളോ ഉണ്ടാകാതിരിക്കാൻ പരസ്പരം മതിയായ അകലം പാലിച്ച് സുരക്ഷിതമായ ദൂരത്ത് നങ്കൂരമിടണമെന്നും അധികൃതർ അറിയിച്ചു.

പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും എന്തെങ്കിലും തരത്തിലുള്ള അപകടമോ അനിഷ്ട സംഭവമോ ഉണ്ടായാൽ കിൽത്താൻ, ചെത്‌ലാത്ത്, ബിത്ര ദ്വീപുകളിലെ പ്രാദേശിക പോലീസിൽ ഉടൻ വിവരം അറിയിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *