കവരത്തി: സുഹേലി ദ്വീപിൽ കടൽ പട്രോളിങ്ങിനിടെ കാണാതായ രണ്ട് ലക്ഷദ്വീപ് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കാൻ ഉപഗ്രഹ ചിത്രങ്ങളും ജിയോസ്പേഷ്യൽ വിവരങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ലക്ഷദ്വീപ് എം.പി. അഡ്വ. എം. ഹംദുള്ള സഈദ് നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC) ഡയറക്ടർക്ക് കത്തയച്ചു.
കവരത്തി സ്വദേശിയായ നബീൽ കെ. എം. ആന്ത്രോത്ത് സ്വദേശിയായ ഹിദായത്തുള്ള കെ. സി. എന്നിവരാണ് ആഗസ്റ്റ് 11 മുതൽ സുഹേലി ദ്വീപിന് സമീപം കടൽ പട്രോളിങ്ങിനിടെ കാണാതായിരിക്കുന്നത്.
ലക്ഷദ്വീപ് പൊലീസ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, ലക്ഷദ്വീപ് ഭരണകൂടം, പ്രാദേശിക മത്സ്യത്തൊഴിലാളികൾ എന്നിവർ ഏകോപിപ്പിച്ച് തിരച്ചിൽ തുടരുകയാണ്. എന്നാൽ സുഹേലി മേഖലയിലെ ദുഷ്കരമായ ഭൂമിശാസ്ത്ര-സമുദ്ര സാഹചര്യങ്ങൾ കണക്കിലെടുത്ത് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാൻ ആധുനിക സാങ്കേതിക സംവിധാനങ്ങൾ അടിയന്തരമായി ഉപയോഗിക്കേണ്ടതുണ്ടെന്ന് ഹംദുള്ള സഈദ് വ്യക്തമാക്കി.
ഏറ്റവും പുതിയ ഉയർന്ന റെസല്യൂഷൻ ഉപഗ്രഹ ചിത്രങ്ങൾ, റിമോട്ട് സെൻസിംഗ് ഡാറ്റ, മറ്റ് ജിയോസ്പേഷ്യൽ വിവരങ്ങൾ എന്നിവ NRSC/ISROയിൽ നിന്ന് ലഭ്യമാക്കി തിരച്ചിൽ-രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്ന ലക്ഷദ്വീപ് ഭരണകൂടം, പൊലീസ്, കോസ്റ്റ് ഗാർഡ് തുടങ്ങിയ ഏജൻസികളുമായി പങ്കുവെക്കണമെന്നും എം.പി. ആവശ്യപ്പെട്ടു.
തിരച്ചിൽ-രക്ഷാപ്രവർത്തനത്തിൽ ഓരോ മണിക്കൂറും നിർണായകമാണെന്നും ഉപഗ്രഹ അധിഷ്ഠിത വിവരങ്ങൾ സമയബന്ധിതമായി ലഭിക്കുന്നത് കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്താനുള്ള ശ്രമങ്ങൾക്ക് വലിയ സഹായമാകുമെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.
NRSC ഡയറക്ടർ പ്രകാശ് ചൗഹാനോടാണ് ആഗസ്റ്റ് 18-ന് ഹംദുള്ള സഈദ് എം.പി. അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കത്തയച്ചത്.
