കടമത്ത് ബി.എഡ്. കോളേജ് കവരത്തിയിലേക്ക് മാറ്റാനുള്ള ഉത്തരവിന് ഹൈക്കോടതി സ്റ്റേ

കവരത്തി: കടമത്ത് പ്രവർത്തിച്ചുവരുന്ന ഗവൺമെന്റ് ബി.എഡ്. കോളേജ് കവരത്തിയിലേക്ക് മാറ്റാനുള്ള ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിന് ഹൈക്കോടതി സ്റ്റേ. കോളേജ് മാറ്റാനുള്ള ഭരണകൂടത്തിന്റെ തീരുമാനത്തിനെതിരെ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.

കോളേജ് കവരത്തിയിലെ DIET ക്യാമ്പസിലേക്ക് മാറ്റാനുള്ള ഉത്തരവ് 2026 ഓഗസ്റ്റ് 11-നാണ് ലക്ഷദ്വീപ് വിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചത്. അധ്യാപക വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഏകീകരിക്കുകയും വിദ്യാഭ്യാസ സംവിധാനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് കോളേജ് മാറ്റുന്നതെന്നായിരുന്നു അധികൃതരുടെ വിശദീകരണം.

എന്നാൽ, കടമത്ത് കോളേജിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ഹോസ്റ്റൽ സൗകര്യങ്ങളും നിലവിലുണ്ടെന്നും, വിദ്യാർത്ഥികളുടെയും ജീവനക്കാരുടെയും താൽപര്യങ്ങളെ ബാധിക്കുന്ന തരത്തിൽ കോളേജ് മാറ്റാനുള്ള തീരുമാനം എടുത്തത് ചോദ്യം ചെയ്തുമാണ് ഹർജി സമർപ്പിച്ചത്.

ഹൈക്കോടതി സ്റ്റേ ഉത്തരവോടെ കടമത്ത് ബി.എഡ്. കോളേജ് കവരത്തിയിലേക്ക് മാറ്റാനുള്ള നടപടികൾ താൽക്കാലികമായി തടഞ്ഞിരിക്കുകയാണ്. വിഷയത്തിൽ കോടതി തുടർവാദം കേൾക്കും.

2021-ലാണ് ബി.എഡ്. പഠനകേന്ദ്രം കവരത്തിയിൽ നിന്ന് കടമത്തിലേക്ക് മാറ്റുന്നതിനുള്ള നടപടികൾ ആരംഭിച്ചത്. അന്ന് കടമത്തിലെ സർക്കാർ കെട്ടിടവും ഹോസ്റ്റൽ സൗകര്യങ്ങളും കൂടുതൽ അനുയോജ്യമാണെന്ന് വിദ്യാഭ്യാസ വകുപ്പ് ചൂണ്ടിക്കാട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *