കാണാതായ പോലീസുകാർക്കായി സാറ്റലൈറ്റ് സഹായം തേടി വി. ശിവദാസൻ എംപി



കവരത്തി: സുഹേലി ചെറിയകര ദ്വീപിന് സമീപം പട്രോളിങ്ങിനിടെ കാണാതായ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്കായുള്ള തിരച്ചിൽ ശക്തമാക്കാൻ സാറ്റലൈറ്റ് ചിത്രങ്ങളും അത്യാധുനിക ജിയോസ്പേഷ്യൽ സാങ്കേതിക സഹായങ്ങളും ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം ഡോ. വി. ശിവദാസൻ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗിന് കത്തയച്ചു.

നബീൽ കെ. എം., ഹിദായത്തുള്ള കെ. സി. എന്നിവരാണ് കടലിൽ കാണാതായ പൊലീസ് ഉദ്യോഗസ്ഥർ. പൊലീസ് വകുപ്പ്, ഇന്ത്യൻ കോസ്റ്റ് ഗാർഡ്, പ്രാദേശിക ഭരണകൂടം, മത്സ്യത്തൊഴിലാളികൾ എന്നിവർ ഏകോപിപ്പിച്ച് തിരച്ചിൽ നടത്തിവരുന്നുണ്ടെങ്കിലും പ്രദേശത്തെ കടൽ-ഭൗമശാസ്ത്രപരമായ വെല്ലുവിളികൾ കണക്കിലെടുത്ത് കേന്ദ്ര സർക്കാരിന്റെ ലഭ്യമായ എല്ലാ സാങ്കേതിക സംവിധാനങ്ങളും അടിയന്തരമായി വിനിയോഗിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.

സാറ്റലൈറ്റ് ഇമേജറി, റിമോട്ട് സെൻസിങ്, മാപ്പിങ്, ജിയോസ്പേഷ്യൽ വിവരങ്ങൾ തുടങ്ങിയ സംവിധാനങ്ങൾ ഉപയോഗിച്ച് തിരച്ചിൽ കൂടുതൽ കാര്യക്ഷമമാക്കാനാകുമെന്നാണ് പ്രതീക്ഷ. തിരച്ചിൽ-രക്ഷാപ്രവർത്തനത്തിൽ ഓരോ മണിക്കൂറും നിർണായകമാണെന്നും കാണാതായ ഉദ്യോഗസ്ഥരെ കണ്ടെത്തുന്നതിന് സാങ്കേതിക സഹായം അടിയന്തരമായി ലഭ്യമാക്കണമെന്നും ശിവദാസൻ എംപി കത്തിൽ വ്യക്തമാക്കി.

കാണാതായ ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾ കടുത്ത ആശങ്കയിലാണെന്നും ആവശ്യമായ എല്ലാ സഹായങ്ങളും അടിയന്തരമായി ലഭ്യമാക്കാൻ ബന്ധപ്പെട്ട കേന്ദ്ര ഏജൻസികൾക്ക് നിർദേശം നൽകണമെന്നും അദ്ദേഹം പ്രതിരോധമന്ത്രിയോട് അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *