കവരത്തി: മിലാദ് ആഘോഷങ്ങളുടെ ഭാഗമായി പൊതുനിരത്തുകളിലും റോഡരികിലും താൽക്കാലിക കമാനങ്ങൾ, ബാനറുകൾ, കൊടികൾ, ലൈറ്റിംഗ് ഫ്രെയിമുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതിന് മുൻകൂർ എഴുത്തുപരമായ അനുമതി നിർബന്ധമാക്കി ലക്ഷദ്വീപ് ഭരണകൂടം.
ഓഗസ്റ്റ് 18ന് പുറത്തിറക്കിയ പൊതുജന അറിയിപ്പിലാണ് ഡെപ്യൂട്ടി കളക്ടർ ഇക്കാര്യം വ്യക്തമാക്കിയത്. റോഡിനോട് ചേർന്ന് സ്ഥാപിക്കുന്ന ചില താൽക്കാലിക നിർമ്മാണങ്ങൾ വാഹന-കാൽനട ഗതാഗതത്തിന് തടസ്സമാകാനും വളവുകളിലും ജംഗ്ഷനുകളിലും കാഴ്ച മറയ്ക്കാനും സുരക്ഷാ പ്രശ്നങ്ങൾ സൃഷ്ടിക്കാനും സാധ്യതയുണ്ടെന്ന് അറിയിപ്പിൽ പറയുന്നു.
അനുമതിക്കായി സ്ഥലവിവരങ്ങൾ, സൈറ്റ് സ്കെച്ച്, നിർമ്മാണത്തിന്റെ അളവുകൾ, വൈദ്യുതി ക്രമീകരണങ്ങളുടെ വിവരങ്ങൾ, സംഘാടകരുടെ പേരും ബന്ധപ്പെടാനുള്ള വിവരങ്ങളും ഉൾപ്പെടുത്തി അപേക്ഷ സമർപ്പിക്കണം. ഗതാഗതത്തിനും അടിയന്തര സേവനങ്ങൾക്കും തടസ്സമുണ്ടാകാത്തതും സുരക്ഷിതമായി സ്ഥാപിക്കാവുന്നതുമായ നിർമ്മാണങ്ങൾക്കു മാത്രമേ അനുമതി പരിഗണിക്കുകയുള്ളൂ.
അനുമതിയില്ലാതെ സ്ഥാപിക്കുന്നതോ സുരക്ഷിതമല്ലെന്ന് കണ്ടെത്തുന്നതോ ആയ നിർമ്മാണങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് മുൻകൂർ അറിയിപ്പില്ലാതെ നീക്കം ചെയ്യാം എന്നും അറിയിപ്പിൽ പറയുന്നു. ഇതിന്റെ ചെലവ് ബന്ധപ്പെട്ട ഉത്തരവാദിത്തമുള്ളവരിൽ നിന്ന് ഈടാക്കുമെന്നും ഭരണകൂടം അറിയിച്ചു.
