കവരത്തി: സുഹലി ഔട്ട്‌പോസ്റ്റിൽ പട്രോളിംഗ് ഡ്യൂട്ടിക്കിടെ കടലിൽ കാണാതായ രണ്ട് പോലീസുകാർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും ശക്തമാക്കി. തിരച്ചിൽ-രക്ഷാപ്രവർത്തനങ്ങൾക്കായി പോലീസ്, IRBn, ഫയർ സർവീസ് വിഭാഗങ്ങളിൽ നിന്നായി 23 അംഗ സംഘത്തെ സുഹലിയിലേക്ക് നിയോഗിച്ചു.
കവരത്തി പോലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ-ചാർജ് പുറപ്പെടുവിച്ച ഓഗസ്റ്റ് 15-ലെ മൂവ്‌മെന്റ് ഓർഡർ പ്രകാരമാണ് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും സുഹലി ഔട്ട്‌പോസ്റ്റിലേക്ക് അടിയന്തരമായി നിയോഗിച്ചത്. ഇവർ തുടർ ഉത്തരവുണ്ടാകുന്നതുവരെ സുഹലിയിൽ സെർച്ച് ആൻഡ് റെസ്ക്യൂ ഡ്യൂട്ടിയിൽ തുടരണമെന്നാണ് നിർദേശം.
സംഘത്തിൽ പോലീസ്, IRBn വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരും ഫയർ സർവീസ് ജീവനക്കാരും ഉൾപ്പെടുന്നു. കൂടാതെ നാല് പോലീസുകാരെ ഉൾപ്പെടുത്തി പ്രത്യേക Rescue Dive Team-നും രൂപീകരിച്ചിട്ടുണ്ട്.
ഓഗസ്റ്റ് 11-ന് രാവിലെ പട്രോളിംഗ് നടത്തുന്നതിനിടെ കടലിൽ കാണാതായ മൂന്ന് പോലീസുകാരിൽ ഉമർ (അമിനി) നീന്തി രക്ഷപ്പെട്ടിരുന്നു. എന്നാൽ ഹിദായത്ത് (ആന്ത്രോത്ത്), നബീൽ (കവരത്തി) എന്നിവരെ കണ്ടെത്താനുള്ള തിരച്ചിലാണ് ഇപ്പോൾ നടക്കുന്നത്.
