ലക്ഷദ്വീപ് ടെനൻസി റൂൾസ് 2026 നിലവിൽ വന്നു: വാടക കരാറുകൾക്ക് ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധം





കവരത്തി: ലക്ഷദ്വീപിൽ വാടക കെട്ടിട ഉടമകളുടെയും വാടകക്കാരുടെയും അവകാശങ്ങളും ഉത്തരവാദിത്തങ്ങളും വ്യക്തമാക്കുന്ന പുതിയ വാടക നിയമങ്ങൾ (Lakshadweep Tenancy Rules, 2026) കേന്ദ്രഭരണ ഭരണകൂടം ഔദ്യോഗികമായി വിജ്ഞാപനം ചെയ്തു. 2026 ഓഗസ്റ്റ് 12-ലെ ഗസറ്റിലൂടെ പുറത്തിറക്കിയ വിജ്ഞാപനം അനുസരിച്ച് ലക്ഷദ്വീപ് കേന്ദ്രഭരണ പ്രദേശത്തുടനീളം പുതിയ നിബന്ധനകൾക്ക് ഉടനടി പ്രാബല്യമുണ്ടാകും.

അഡ്മിനിസ്ട്രേറ്ററുടെ ഉത്തരവുപ്രകാരം റവന്യൂ സെക്രട്ടറി ഡോ. ആർ. ഗിരി ശങ്കർ ആണ് പുതിയ ഉത്തരവിൽ ഒപ്പുവെച്ചിരിക്കുന്നത്. ലക്ഷദ്വീപിലെ വാടക ഇടപാടുകൾ കൂടുതൽ സുതാര്യവും കാര്യക്ഷമവുമാക്കാനും, തർക്കങ്ങൾ കൃത്യമായ സമയപരിധിക്കുള്ളിൽ പരിഹരിക്കാനും ലക്ഷ്യമിട്ടാണ് ഈ പരിഷ്കാരം നടപ്പിലാക്കിയിരിക്കുന്നത്.

പുതിയ നിയമപ്രകാരം എല്ലാ വാടക കരാറുകളും രൂപീകരിച്ച് രണ്ടു മാസത്തിനുള്ളിൽ നിർബന്ധമായും ഡിജിറ്റൽ പ്ലാറ്റ്‌ഫോം വഴി രജിസ്റ്റർ ചെയ്യേണ്ടതുണ്ട്. വിവരങ്ങൾ സമർപ്പിച്ചു കഴിഞ്ഞാൽ ഏഴു ദിവസത്തിനുള്ളിൽ സവിശേഷമായ ഒരു ‘യൂണിക് ഐഡന്റിഫിക്കേഷൻ നമ്പർ’ കക്ഷികൾക്ക് ലഭ്യമാക്കും. ഓൺലൈൻ പ്ലാറ്റ്‌ഫോമിൽ നൽകുന്ന വിവരങ്ങളുടെ സ്വകാര്യത പൂർണ്ണമായി സംരക്ഷിക്കുമെന്നും ബന്ധപ്പെട്ട കക്ഷികൾക്കും അതോറിറ്റിക്കും അല്ലാതെ പൊതുജനങ്ങൾക്ക് ഇത് കാണാനാകില്ലെന്നും വിജ്ഞാപനത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.

വാടക തുകയിലോ കറന്റ്, വെള്ളം, മെയിന്റനൻസ് തുടങ്ങിയ മറ്റ് ചാർജുകളിലോ മാറ്റങ്ങൾ വരുത്താനും കുടിശ്ശിക തുകകൾ ഈടാക്കാനും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുതിയ റൂളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വാടക നിർണ്ണയത്തിൽ തൃപ്തിയില്ലെങ്കിൽ ഗവൺമെന്റ് അംഗീകൃത ‘വാല്യുവറെ’ നിയമിക്കാൻ അപേക്ഷിക്കാം. ഉടമസ്ഥൻ വാടക തുക സ്വീകരിക്കാൻ വിസമ്മതിച്ചാൽ ബാങ്ക് ട്രാൻസ്ഫർ വഴി അയക്കാവുന്നതും, തുടർച്ചയായി രണ്ടു മാസം സ്വീകരിച്ചില്ലെങ്കിൽ തുക റെന്റ് അതോറിറ്റിയിൽ നേരിട്ട് ഡിപ്പോസിറ്റ് ചെയ്യാവുന്നതുമാണ്. വാടക കുടിശ്ശിക വരുത്തുകയോ സെക്യൂരിറ്റി ഡിപ്പോസിറ്റ് തിരികെ നൽകാൻ വൈകുകയോ ചെയ്താൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (SBI) ഉയർന്ന MCLR നിരക്കിനേക്കാൾ രണ്ടു ശതമാനം അധിക പലിശ ഈടാക്കാൻ നിയമപരമായ വ്യവസ്ഥയുണ്ട്.

വാടകക്കാരുമായുള്ള തർക്കങ്ങൾ പരിഹരിക്കാനും ഒഴിയൽ നടപടികൾക്കുമായി ‘റെന്റ് കോർട്ട്’, ‘റെന്റ് ട്രിബ്യൂണൽ’ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. റെന്റ് ട്രിബ്യൂണലിൽ എത്തുന്ന അപ്പീലുകളിൽ നോട്ടീസ് അയച്ച് 120 ദിവസത്തിനുള്ളിൽ അന്തിമ തീരുമാനമെടുക്കും. കെട്ടിടം തിരിച്ചെടുക്കൽ, അപ്പീൽ നൽകൽ, പരാതി സമർപ്പിക്കൽ തുടങ്ങിയ എല്ലാ ആവശ്യങ്ങൾക്കുമായി ഏഴ് മാതൃകാ അപേക്ഷാ ഫോമുകളും റവന്യൂ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
വാടക വിഷയത്തിൽ വലിയ തർക്കങ്ങളൊന്നും ഇല്ലാതിരുന്ന ഒരു പ്രദേശത്താണ് ഈ നിയമം നടപ്പിലാക്കുന്നതെന്ന പ്രത്യേകത കൂടി ഈ നിയമത്തിനുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *