ന്യൂഡൽഹി: ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ പാർലമെന്റിൽ ശക്തമായി ഉന്നയിക്കണമെന്നാവശ്യപ്പെട്ട് അഡ്വ. ഹംദുള്ള സയീദും ലക്ഷദ്വീപ് ടെറിട്ടോറിയൽ കോൺഗ്രസ് കമ്മിറ്റി (LTCC) നേതാക്കളും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അധ്യക്ഷനും രാജ്യസഭയിലെ പ്രതിപക്ഷ നേതാവുമായ ശ്രീ. മല്ലികാർജുൻ ഖാർഗെയെ സന്ദർശിച്ച് നിവേദനം സമർപ്പിച്ചു.
ന്യൂഡൽഹിയിലെ ഇന്ദിരാഭവനിൽ വെച്ചായിരുന്നു കൂടിക്കാഴ്ച. ലക്ഷദ്വീപിലെ നിലവിലെ ഭരണപരമായ വിഷയങ്ങൾ, ജനങ്ങളുടെ അവകാശങ്ങൾ, പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ പ്രവർത്തനം, ഭൂമി സംബന്ധമായ വിഷയങ്ങൾ, തൊഴിലവസരങ്ങൾ തുടങ്ങിയ വിവിധ വിഷയങ്ങൾ പ്രതിനിധിസംഘം ഖാർഗെയുടെ ശ്രദ്ധയിൽപ്പെടുത്തി.
ലക്ഷദ്വീപുമായി ബന്ധപ്പെട്ട വിഷയങ്ങൾ പാർലമെന്റിൽ കൂടുതൽ ശക്തമായി ഉന്നയിക്കുന്നതിനായി ലോക്‌സഭയിലെയും രാജ്യസഭയിലെയും എല്ലാ കോൺഗ്രസ് എം.പിമാർക്കും ആവശ്യമായ നിർദേശങ്ങൾ നൽകണമെന്നും നേതാക്കൾ ഖാർഗെയോട് അഭ്യർഥിച്ചു.
ലക്ഷദ്വീപിലെ ജനങ്ങളുടെ ആശങ്കകൾ ദേശീയതലത്തിൽ ശക്തമായി ഉന്നയിക്കാനും കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താനും കോൺഗ്രസ് നേതൃത്വം ഇടപെടണമെന്ന് നിവേദനത്തിൽ ആവശ്യപ്പെട്ടു.
ലക്ഷദ്വീപിന്റെ ഭരണപരവും വികസനപരവുമായ വിഷയങ്ങളിൽ കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടൽ ആവശ്യമായ സാഹചര്യത്തിലാണ് ഖാർഗെയുമായുള്ള കൂടിക്കാഴ്ചയും നിവേദന സമർപ്പണവും നടന്നത്.
