മിനിക്കോയ്: വിരിംഗിലിക്ക് സമീപം മുൻകൂർ പൊതുഅറിയിപ്പോ മുന്നറിയിപ്പോ നൽകാതെ സായുധ സേന ആയുധങ്ങൾ ഉപയോഗിച്ച് വെടിവെപ്പ് നടത്തിയെന്ന പരാതിയുമായി മത്സ്യത്തൊഴിലാളി.
മിനിക്കോയ് ഫിഷറീസ് യൂണിറ്റിലെ ഓഫീസർ ഇൻ ചാർജിനാണ് ആരീഫ് കലുബായഗെ പരാതി നൽകിയത്. ആഗസ്റ്റ് 3ന് രാവിലെ 10 മണിയോടെ വിരിംഗിലിക്ക് സമീപമാണ് സംഭവം നടന്നതെന്ന് പരാതിയിൽ പറയുന്നു.
വെടിവെപ്പ് നടക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളികൾക്ക് യാതൊരു അറിയിപ്പോ പൊതുപ്രഖ്യാപനമോ സുരക്ഷാ മുന്നറിയിപ്പോ നൽകിയിരുന്നില്ലെന്നാണ് ആരോപണം. സംഭവം പ്രദേശത്തെ മത്സ്യത്തൊഴിലാളികൾക്കിടയിൽ ഭീതിയും ആശങ്കയും സൃഷ്ടിച്ചതായും, ആവശ്യമായ സുരക്ഷാ നടപടികൾ സ്വീകരിക്കാത്തത് മത്സ്യത്തൊഴിലാളികളുടെ ജീവന് ഗുരുതരമായ അപകടം ഉണ്ടാക്കാൻ സാധ്യതയുണ്ടായിരുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്തണമെന്നും വെടിവെപ്പ് പരിശീലനവുമായി ബന്ധപ്പെട്ട് ആവശ്യമായ സുരക്ഷാ നടപടികളും പൊതുഅറിയിപ്പ് നൽകുന്നതിനുള്ള മാനദണ്ഡങ്ങളും പാലിച്ചിരുന്നോയെന്ന് പരിശോധിക്കണമെന്നും പരാതിക്കാരൻ ആവശ്യപ്പെട്ടു. വീഴ്ചകൾ കണ്ടെത്തിയാൽ ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഭാവിയിൽ ഇത്തരം പരിശീലനങ്ങൾ നടത്തുമ്പോൾ മത്സ്യത്തൊഴിലാളികൾക്ക് മതിയായ മുൻകൂർ അറിയിപ്പും സുരക്ഷാ മുന്നറിയിപ്പും ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.
പരാതിയുടെ പകർപ്പ് മിനിക്കോയ് പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒയ്ക്കും മിനിക്കോയ് MMJ പ്രസിഡന്റിനും നൽകിയിട്ടുണ്ട്.
