ലക്ഷദ്വീപ് വികസന നിയന്ത്രണം: കേന്ദ്രം പട്ടികവർഗ്ഗ കമ്മീഷനുമായി കൂടിയാലോചിക്കണം.മുൻ കേന്ദ്ര സെക്രട്ടറി ഇ.എ.എസ്. ശർമ്മ

ന്യൂ ദില്ലി:
ലക്ഷദ്വീപ് ജനതയുടെ ജീവിതത്തെയും ഭൂമിയെയും ബാധിക്കുന്ന  നിയമങ്ങളും നിയന്ത്രണങ്ങളും പുറപ്പെടുവിക്കുന്നതിന് മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നാഷണൽ കമ്മീഷൻ ഫോർ ഷെഡ്യൂൾഡ് ട്രൈബ്സിന്റെ (NCST) അഭിപ്രായം തേടണമെന്ന് ആവശ്യപ്പെട്ട് മുൻ കേന്ദ്ര സെക്രട്ടറിയും ആന്ധ്രാപ്രദേശ് മുൻ ഗോത്രക്ഷേമ കമ്മീഷണറുമായ ഇ.എ.എസ്. ശർമ്മ എൻ.സി.എസ്.ടി സെക്രട്ടറി പ്രശാന്ത് കുമാർ സിംഗിന് കത്തയച്ചു.

അടുത്തിടെ കേന്ദ്ര സർക്കാർ പുറത്തിറക്കിയ ‘ലക്ഷദ്വീപ് ടൗൺ ആൻഡ് കൺട്രി പ്ലാനിംഗ് ആൻഡ് ഡെവലപ്‌മെന്റ് റഗുലേഷൻ, 2026’ എന്ന രാഷ്ട്രപതിയുടെ വിജ്ഞാപനത്തിനെതിരെയാണ് അദ്ദേഹം കത്തിലൂടെ ശക്തമായ ആശങ്ക പ്രകടിപ്പിച്ചത്. ദ്വീപിലെ ടൂറിസം പദ്ധതികൾ ഉൾപ്പെടെയുള്ള നഗരവികസനത്തിനായി ഭൂവിനിയോഗം നിയന്ത്രിക്കാനും ഭൂമി ഏറ്റെടുക്കാനും പ്രാദേശിക ഭരണകൂടത്തിന് പൂർണ്ണ അധികാരം നൽകുന്നതാണ് ഈ പുതിയ ഉത്തരവ്.
പട്ടികവർഗ്ഗക്കാരെ ബാധിക്കുന്ന പ്രധാന നയപരമായ വിഷയങ്ങളിൽ ദേശീയ പട്ടികവർഗ്ഗ കമ്മീഷനുമായി (NCST) കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നിർബന്ധമായും കൂടിയാലോചന നടത്തണമെന്ന് ഭരണഘടനയുടെ ആർട്ടിക്കിൾ 338A (9) വ്യക്തമായി അനുശാസിക്കുന്നുണ്ട്. എന്നാൽ ഈ നിയമം നടപ്പിലാക്കുന്നതിൽ അത്തരം കൂടിയാലോചനകൾ നടന്നിട്ടുണ്ടോ എന്ന് സംശയമാണ്.
കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ സ്വന്തമായി നിയമസഭയില്ലെന്നിരിക്കെ, ഇത്തരം നിർണ്ണായക നയമാറ്റങ്ങൾ നടപ്പിലാക്കുമ്പോൾ പ്രാദേശിക ജനങ്ങളുമായും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളായ പഞ്ചായത്തുകളുമായും പാർലമെന്റിലെ എസ്ടി ജനപ്രതിനിധികളുമായും വിപുലമായ ചർച്ചകൾ നടത്തേണ്ടതായിരുന്നു.
ദ്വീപിലെ ഭൂരിഭാഗം താമസക്കാരും പട്ടികവർഗ്ഗ (ST) വിഭാഗത്തിൽപ്പെട്ടവരാണ്. തങ്ങളുടെ ഭൂമിയുമായും പരിസ്ഥിതിയുമായും ആഴത്തിൽ ബന്ധപ്പെട്ടു ജീവിക്കുന്ന അവിടുത്തെ പ്രാദേശിക നിവാസികളാണ് തങ്ങൾക്ക് ആവശ്യമായ വികസനം എന്താണെന്ന് തീരുമാനിക്കാൻ ഏറ്റവും അനുയോജ്യർ.

ദ്വീപ് നിവാസികളുമായോ പഞ്ചായത്തുകളുമായോ ആലോചിക്കാതെ ഏകപക്ഷീയമായി നടപ്പാക്കുന്ന ഇത്തരം വിജ്ഞാപനങ്ങൾ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും, വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് പുതിയ നിയന്ത്രണങ്ങളുടെ ആഘാതം വിലയിരുത്താൻ എൻ.സി.എസ്.ടി തയ്യാറാകണമെന്നും ഇ.എ.എസ്. ശർമ്മ കത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *