ലക്ഷദ്വീപിലെ ദുർഭരണാരോപണം: ‘എന്തുകൊണ്ട് മുഴുവൻ സമയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നില്ല? കേരള ഹൈക്കോടതി കേന്ദ്ര സർക്കാറിനോട് ചോദിച്ചു.

കൊച്ചി: കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിലെ അനിയന്ത്രിതമായ ഭരണനടപടികളിലും അടിസ്ഥാന സൗകര്യങ്ങളുടെ തകർച്ചയിലും രൂക്ഷവിമർശനവുമായി കേരള ഹൈക്കോടതി. തന്ത്രപ്രധാനമായ സ്ഥാനത്ത് സ്ഥിതി ചെയ്യുന്നതും നിരവധിയായ പ്രശ്നങ്ങൾ നേരിടുന്നതുമായ ലക്ഷദ്വീപിൽ എന്തുകൊണ്ടാണ് ഒരു മുഴുവൻ സമയ (സ്ഥിരം) അഡ്മിനിസ്ട്രേറ്ററെ നിയമിക്കാത്തതെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ചോദിച്ചു.
നിലവിലെ അഡ്മിനിസ്ട്രേറ്ററുടെ ഉപദേശകന്റെ സ്വേച്ഛാധിപത്യപരമായ തീരുമാനങ്ങൾ ചോദ്യം ചെയ്തുകൊണ്ടും, ദ്വീപിനായി മുഴുവൻ സമയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൗമൻ സെൻ, ജസ്റ്റിസ് ശ്യാം കുമാർ വി.എം. എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ചോദ്യം.

“തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള ഒരു അഡ്മിനിസ്ട്രേറ്ററെ എന്തുകൊണ്ട് നിയമിച്ചുകൂടാ? എന്തിനാണ് ഈ താൽക്കാലിക അഡ്മിനിസ്ട്രേറ്റർ?” എന്ന് കോടതി ആരാഞ്ഞു. എന്നാൽ അഡ്മിനിസ്ട്രേറ്ററെ നിയമിക്കുന്നതും അധികച്ചുമതല നൽകുന്നതും രാഷ്ട്രപതിയുടെ വിവേചനാധികാരമാണെന്നും, ഇതിനായി പ്രത്യേക നിയമങ്ങളൊന്നുമില്ലെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ പി. ശ്രീകുമാർ വിശദീകരിച്ചു.
അഡ്മിനിസ്ട്രേറ്റർക്ക് അധികച്ചുമതല നൽകിയ രാഷ്ട്രപതിയുടെ തീരുമാനത്തെ റിട്ട് ഹർജിയിലൂടെ ചോദ്യം ചെയ്യാൻ കഴിയില്ലെങ്കിലും, ദ്വീപിലെ ഉദ്യോഗസ്ഥരുടെ പ്രവർത്തനങ്ങളെക്കുറിച്ചും ദുർഭരണ ആരോപണങ്ങളെക്കുറിച്ചും രണ്ട് ആഴ്ചയ്ക്കുള്ളിൽ മറുപടി സത്യവാങ്മൂലം നൽകാൻ ലക്ഷദ്വീപ് ഭരണകൂടത്തോടും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോടും കോടതി നിർദ്ദേശിച്ചു. കേസ് ഓഗസ്റ്റ് 19-ലേക്ക് മാറ്റി.
മുഹമ്മദ് മുസ്ലിം ഖാൻ പി.പി. ഫയൽ ചെയ്ത ഹർജിയിൽ (WP(PIL) No. 155 of 2026) ദ്വീപ് ജനത അനുഭവിക്കുന്ന കടുത്ത ദുരിതങ്ങൾ ചൂണ്ടിക്കാണിക്കുന്നു

സ്കൂൾ കെട്ടിടങ്ങൾ പൊളിച്ചുമാറ്റിയതിനെ തുടർന്ന് വിദ്യാർത്ഥികൾ തിങ്ങിപ്പാർക്കുന്ന ഒറ്റ സ്കൂളിലേക്ക് പോകേണ്ട അവസ്ഥയാണുള്ളത്. ഇതിൽ അടിയന്തര സാങ്കേതിക ഓഡിറ്റ് വേണമെന്ന് ഹർജി ആവശ്യപ്പെടുന്നു.

ട്യൂണ പ്രോസസ്സിംഗ് യൂണിറ്റും ഡി.സി.പി യൂണിറ്റും അടച്ചുപൂട്ടി ആളുകളുടെ ജോലി കളഞ്ഞു. അഡ്മിനിസ്ട്രേറ്ററുടെ അസാന്നിധ്യത്തിൽ ഉദ്യോഗസ്ഥർ തന്നിഷ്ടപ്രകാരം ജീവനക്കാരെ മുൻകൂട്ടി വിരമിപ്പിക്കുന്നു.

അവശ്യമരുന്നുകളുടെ ക്ഷാമവും, അഗത്തി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ഡോക്ടർമാരുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കടുത്ത കുറവും ജനങ്ങളെ ദുരിതത്തിലാക്കുന്നു.

നിർമ്മാണ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയ സമ്പൂർണ്ണ നിരോധനം വികസനവും ഭവനനിർമ്മാണവും തടസ്സപ്പെടുത്തി.

ടൂറിസത്തിന്റെ മറവിൽ മദ്യവിൽപ്പന അനുവദിച്ച് മുസ്ലിം ഭൂരിപക്ഷ മേഖലയായ ദ്വീപിൽ സാംസ്കാരിക അധിനിവേശം നടത്തുന്നു.

ദ്വീപിന്റെ സാമ്പത്തിക അടിത്തറയായ തെങ്ങുകളെ ബാധിച്ച രൂക്ഷമായ വൈറ്റ് ഫ്ലൂ ഫംഗസ് ബാധ തടയാൻ നടപടിയില്ല. മൃഗസംരക്ഷണ മേഖലയും നിശ്ചലമാണ്.

സ്കൂളുകളിലെയും അഗത്തി ആശുപത്രിയിലെയും നിലവിലെ അവസ്ഥയെക്കുറിച്ചും ഒഴിവുകൾ നികത്താൻ എടുത്ത നടപടികളെക്കുറിച്ചും റിപ്പോർട്ട് സമർപ്പിക്കാൻ ഉത്തരവിടണമെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ അഡ്വ. റീന ഷാരോൺ സുരേഷ്, കെ.പി.എസ്. സുരേഷ് എന്നിവർ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *