ആത്മഹത്യ ഇസ്‌ലാം കർശനമായി നിരോധിച്ച മഹാപാപങ്ങളിൽ ഒന്നാണ്. എന്നാൽ ഒരു ആത്മഹത്യ ചെയ്ത വ്യക്തി ഇസ്‌ലാമിൽ നിന്ന് പുറത്തുപോകുമോ? അയാൾക്ക് മയ്യിത്ത് നിസ്കരിക്കാമോ? മുസ്ലിം ഖബർസ്ഥാനിൽ മറവ് ചെയ്യാമോ? ഈ വിഷയത്തിൽ പലർക്കും സംശയങ്ങളുണ്ട്.
ഖുർആൻ, സുന്നത്ത്, സ്വഹാബാക്കളുടെ പ്രവർത്തനം, നാല് മദ്ഹബുകളുടെയും പ്രമുഖ പണ്ഡിതന്മാരുടെയും അഭിപ്രായങ്ങൾ പരിശോധിക്കുമ്പോൾ ഉത്തരം വളരെ വ്യക്തമാണ്.
ആത്മഹത്യയെക്കുറിച്ച് ഖുർആനിൽ
അല്ലാഹു പറയുന്നു:
> ﴿وَلَا تَقْتُلُوا أَنْفُسَكُمْ ۚ إِنَّ اللَّهَ كَانَ بِكُمْ رَحِيمًا﴾
“നിങ്ങൾ നിങ്ങളെത്തന്നെ കൊല്ലരുത്. തീർച്ചയായും അല്ലാഹു നിങ്ങളോട് അത്യന്തം കരുണയുള്ളവനാകുന്നു.” (സൂറത്തുന്നിസാ: 29)
മറ്റൊരിടത്ത് അല്ലാഹു പറയുന്നു:
> ﴿وَلَا تُلْقُوا بِأَيْدِيكُمْ إِلَى التَّهْلُكَةِ﴾
“നിങ്ങൾ നിങ്ങളെത്തന്നെ നാശത്തിലേക്ക് തള്ളിയിടരുത്.” (സൂറത്തുൽ ബഖറ: 195)
ആത്മഹത്യയെക്കുറിച്ചുള്ള നബി ﷺയുടെ മുന്നറിയിപ്പ് ഹദീസുകളിൽ കാണാം.
അബൂഹുറൈറ رضي الله عنه നിവേദനം ചെയ്യുന്നു:
നബി ﷺ പറഞ്ഞു:
> “ആരെങ്കിലും ഇരുമ്പുപകരണം കൊണ്ട് ആത്മഹത്യ ചെയ്താൽ, നരകത്തിൽ അവൻ അതേ ഇരുമ്പുകൊണ്ട് തന്നെ സ്വയം കുത്തിക്കൊണ്ടിരിക്കും. വിഷം കഴിച്ച് ആത്മഹത്യ ചെയ്താൽ നരകത്തിൽ അതുതന്നെ കുടിച്ചുകൊണ്ടിരിക്കും. മലമുകളിൽ നിന്ന് ചാടി ആത്മഹത്യ ചെയ്താൽ നരകത്തിൽ എന്നും ചാടിക്കൊണ്ടിരിക്കും.”
(സ്വഹീഹുൽ ബുഖാരി: 5778, സ്വഹീഹ് മുസ്ലിം: 109)
ഇത് ആത്മഹത്യയുടെ ഗൗരവത്തെ വ്യക്തമാക്കുന്നതാണ്.ആത്മഹത്യ ചെയ്തയാൾ കാഫിറാകുമോ?
ഇല്ല.
അഹ്ലുസ്സുന്ന വൽജമാഅയുടെ വിശ്വാസം: മഹാപാപം ചെയ്തതുകൊണ്ട് മാത്രം ഒരു മുസ്ലിം ഇസ്‌ലാമിൽ നിന്ന് പുറത്താകുകയില്ല, ആ പാപം ഹലാൽ എന്ന് വിശ്വസിച്ചിട്ടില്ലെങ്കിൽ എന്നാണ്.
ഇമാം ത്വഹാവി رحمه الله പറയുന്നു:
> ” അഹ്ലുൽ ഖിബ്‌ല (കിബ്ലക്കാരിൽ) ആരെയും ഒരു പാപംകൊണ്ട് കാഫിറാക്കുകയില്ല.”
(അഖീദത്തു ത്വഹാവിയ്യ)
അതിനാൽ ആത്മഹത്യ ചെയ്തയാൾ പാപിയാണ്, പക്ഷേ മുസ്ലിമാണ്.
നബി ﷺ ആത്മഹത്യ ചെയ്ത വ്യക്തിക്ക് മയ്യിത്ത് നിസ്കരിച്ചോ?
ഇവിടെയാണ് പ്രധാന തെളിവ് നാം വിലയിരുത്തേണ്ടത്
ജാബിർ ബിൻ സമുറ رضي الله عنهപറയുന്നു:
> “ഒരു വ്യക്തി അമ്പ് ഉപയോഗിച്ച് ആത്മഹത്യ ചെയ്തു. നബി ﷺ അദ്ദേഹത്തിന് മയ്യിത്ത് നിസ്കരിച്ചില്ല.”
(സ്വഹീഹ് മുസ്ലിം: 978)
ഈ ഹദീസ് ഉദ്ധരിച്ചുകൊണ്ടാണ് ചില ആളുകൾ ആത്മഹത്യ ചെയ്തവർക്ക് മയ്യിത്ത് നിസ്കരിക്കരുത് എന്ന് പറയുന്നത്.
എന്നാൽ
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്.
നബി ﷺ മാത്രം നിസ്കരിച്ചില്ല.
സ്വഹാബാക്കൾ നിസ്കരിച്ചു.
നബി ﷺ അവരെ വിലക്കിയിട്ടില്ല.
ഇമാം നവവി പറയുന്നു:
> “നബി ﷺ നിസ്കരിക്കാതിരുന്നത് ജനങ്ങളെ ഇത്തരം പാപത്തിൽ നിന്ന് പിന്തിരിപ്പിക്കാനായിരുന്നു. മറ്റുള്ളവർ നിസ്കരിക്കണം.”
(ശർഹ് മുസ്ലിം)
നബി ﷺ എന്തുകൊണ്ട് നിസ്കരിച്ചില്ല?
പണ്ഡിതന്മാർ പറയുന്നു:
ഇത് ശിക്ഷയല്ല.
ഇത് സാമൂഹത്തിന് പാഠമാകാൻ വേണ്ടിയായിരുന്നു.
ജനങ്ങൾക്ക് ആത്മഹത്യയുടെ ഗൗരവം ബോധ്യപ്പെടുത്താൻ നേതാവെന്ന നിലയിൽ നബി ﷺ വിട്ടുനിന്നു.
അതുപോലെ തന്നെ,
കടം തിരിച്ചടയ്ക്കാൻ സ്വത്തില്ലാത്ത ചിലരുടെ ജനാസനിസ്കാരത്തിലും ആദ്യകാലത്ത് നബി ﷺ പങ്കെടുത്തില്ല.എന്നാൽ അവിടുന്ന് നിസ്കരിക്കാതെ സ്വഹാബാക്കളോട് നിസ്കരിക്കാൻ പറഞ്ഞിട്ടുമുണ്ട്.
പിന്നീട് അല്ലാഹു സമ്പത്ത് നൽകിയപ്പോൾ അവിടുന്ന് തന്നെയാണ് നിസ്കരിച്ചത്.
ഇനിസ്വഹാബാക്കളുടെ നിലപാട് എന്തായിരുന്നു ?
സ്വഹാബാക്കൾ ആത്മഹത്യ ചെയ്ത മുസ്ലിമിനെ
കുളിപ്പിച്ചു.
കഫൻ ചെയ്തു.
ജനാസ നിസ്കരിച്ചു.
മുസ്ലിംകളുടെ ഖബർസ്ഥാനിൽ മറവ് ചെയ്തു.
അവരെ കാഫിറായി ഗണിച്ചിട്ടില്ല.
നാല് മദ്ഹബുകളുടെ അഭിപ്രായം പരിശോധിക്കുമ്പോഴും നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ജനാസ നമസ്കരിക്കാം എന്ന് തന്നെയാണ്.
ഹനഫി മദ്‌ഹബ്
മയ്യിത്ത് നിസ്കരിക്കണം.
(അൽഹിദായ)
മാലികി മദ്ഹബും
ജനാസ നിസ്കരിക്കണംഎന്ന് തന്നെയാണ് പറയുന്നത്.
എന്നാൽ സമൂഹത്തിലെ പ്രമുഖർ വിട്ടുനിൽക്കുന്നത് നല്ലതാണെന്ന് ചിലർ പറയുന്നുണ്ട്.
ശാഫിഈ മദ്ഹബിലും
മയ്യിത്ത് നിസ്കരിക്കണംഎന്നുതന്നെയാണ് ഉള്ളത്.
ഹമ്പലിമദ്ഹബിലും
മയ്യിത്ത് നിസ്കരിക്കണം എന്നുണ്ട്.
ഇമാം ഇബ്നു ഖുദാമ رحمه الله അതുതന്നെയാണ് അഭിപ്രായപ്പെട്ടിട്ടുള്ളത്.
ശൈഖുൽ ഇസ്ലാംഇബ്നു തൈമിയ്യ رحمه الله
പറയുന്നു:
> “ആത്മഹത്യ ചെയ്തവന് ജനാസ നിസ്കരിക്കപ്പെടും. എന്നാൽ സമൂഹത്തിലെ നേതാക്കളോ പ്രമുഖ പണ്ഡിതന്മാരോ ജനങ്ങൾക്ക് പാഠമാകാൻ വിട്ടുനിൽക്കുന്നതിൽ തെറ്റില്ല.”
(മജ്മൂഉൽ ഫതാവാ)
ശൈഖ് ഇബ്നു ബാസ് رحمه الله
പറയുന്നു:
> “ആത്മഹത്യ ചെയ്തയാൾ മുസ്ലിമാണ്.
അയാളെ കുളിപ്പിക്കുകയും കഫൻ ചെയ്യുകയും ജനാസ നിസ്കരിക്കുകയും മുസ്ലിം ഖബർസ്ഥാനിൽ മറവ് ചെയ്യുകയും വേണംഎന്ന് പറയുന്നുണ്ട്.”
– ശൈഖ് ഇബ്നു ഉഥൈമീൻ رحمه الله
പറയുന്നു:
> “സാധാരണ മുസ്ലിംകൾ ജനാസ നിസ്കരിക്കണം.
ഭരണാധികാരിയോ വലിയ പണ്ഡിതനോ വിട്ടുനിൽക്കുന്നത് ജനങ്ങൾക്ക് ഉപദേശമാകും.”
ഇനി മുസ്ലിം ഖബർസ്ഥാനിൽ മറവ് ചെയ്യാമോ എന്നാണ് ചില ചോദിക്കുകഎന്നാൽ അതെ എന്ന് തന്നെയാണ് ഉത്തരം.
കാരണം,
അയാൾ മുസ്ലിമാണ്.
അതുകൊണ്ട് മുസ്ലിം ഖബർസ്ഥാനിൽ തന്നെ മറവ് ചെയ്യണം.
അയാൾക്ക് വേണ്ടി ദുആ ചെയ്യാവുന്നതുമാണ്.വേണ്ടി
അല്ലാഹുവിനോട് പാപമോചനത്തിനും കാരുണ്യത്തിനും ആയി പ്രാർത്ഥിക്കണം.
കാരണം,
അയാൾ മഹാപാപം ചെയ്ത മുസ്ലിമാണ്.
കാഫിറല്ല.
അതിനാൽ
ആത്മഹത്യ ഇസ്‌ലാമിൽ അതിഗുരുതരമായ മഹാപാപമാണ്. അതിനെ ഒരു കാരണവശാലും ന്യായീകരിക്കാനാവില്ല. എന്നാൽ ആത്മഹത്യ ചെയ്തതുകൊണ്ട് മാത്രം ഒരാൾ ഇസ്‌ലാമിൽ നിന്ന് പുറത്താകുന്നില്ല.
അയാളെ കുളിപ്പിക്കണം.
കഫൻ ചെയ്യണം.
അയാൾക്കായി മയ്യിത്ത് നിസ്കരിക്കണം.
മുസ്ലിം ഖബർസ്ഥാനിൽ മറവ് ചെയ്യുകയും വേണം.
അയാൾക്കുവേണ്ടി പ്രാർത്ഥിക്കുകയും ചെയ്യണം.
അതേസമയം, സമൂഹത്തിന് ആത്മഹത്യയുടെ ഗൗരവം ബോധ്യപ്പെടുത്തുന്നതിനായി പ്രമുഖ പണ്ഡിതന്മാരോ നേതാക്കളോ മയ്യിത്ത് നിസ്കാരത്തിൽ പങ്കെടുക്കാതിരിക്കുന്നത് നബി ﷺയുടെ പ്രവർത്തനത്തെ അടിസ്ഥാനമാക്കി അനുവദനീയമാണെന്ന് നിരവധി പണ്ഡിതന്മാർ വ്യക്തമാക്കിയിട്ടു മുണ്ട്.
അല്ലാഹു നമ്മെയും നമ്മുടെ കുടുംബങ്ങളെയും എല്ലാ മഹാപാപങ്ങളിൽ നിന്നും കാത്തുരക്ഷിക്കട്ടെ. വിഷമങ്ങളും പരീക്ഷണങ്ങളും ക്ഷമയോടെ നേരിടാനുള്ള തൗഫീഖ് നൽകുകയും, നല്ല അന്ത്യത്തോടുകൂടി ഈ ലോകത്തുനിന്ന് വിടപറയാനുള്ള അനുഗ്രഹം നൽകുകയും ചെയ്യട്ടെ.
آمين يا رب العالمين
ഫൈസി ലക്ഷദ്വീപ്
