ദില്ലിയിലെ കോൺഗ്രസ്സ് സമരം: പോലീസിൻ്റെ ക്രൂര നടപടികൾക്കെതിരെ പ്രതിഷേധത്തിന് LTCC ആഹ്വാനം


കവരത്തി: ചൊവ്വാഴ്ച ദില്ലിയിൽ പ്രധാനമന്ത്രിയുടെ വസതിക്കു മുമ്പിൽ സത്യാഗ്രഹം നടത്തിയ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയേയും പ്രിയങ്കാ ഗാന്ധി, കെ.സി.വേണുഗോപാൽ, ഹംദുല്ലാസ ഈദ് തുടങ്ങിയ പ്രമുഖരായ നേതാക്കൻമാരേയും പ്രതിപക്ഷ എം.പി.മാരേയുമെല്ലാം നിഷ്ഠൂരമായി വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കിയ പോലീസ് നടപടിക്കെതിരെയും, നീറ്റ് ചോദ്യപ്പേപ്പർ ചോർന്നതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രാജിവെക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന കൊക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരെ നിഷ്ഠൂരമായി മർദ്ദിച്ച പോലീസ് നടപടിക്കെതിരേയും പാർട്ടി ആപ്പീസുകളിൽ പ്രതിഷേധം സംഘടിപ്പിക്കാൻ ബ്ലോക്ക് കമ്മിറ്റികളോടും യൂത്ത് കോൺഗ്രസ്സ്, മഹിളാ കോൺഗ്രസ്സ്, എൻ.എസ്.യു.ഐ.തുടങ്ങിയ പോഷക സംഘടനകളോടും ടെറിട്ടോറിയൽ കോൺഗ്രസ്സ് കമ്മിറ്റി നിർദ്ദേശിച്ചു.
ലക്ഷദ്വീപിൻ്റെ നിലവിലുള്ള പ്രത്യേക സാഹചര്യം മനസ്സിലാക്കിയാണ് പ്രതിഷേധം പാർട്ടി ഓഫീസുകളിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചത്.അനുമതി ലഭിക്കാനുള്ള കാലതാമസവും തടസ്സങ്ങളും, പ്രതിഷേധ ഇടങ്ങളുടെ ഒറ്റപ്പെടലുമെല്ലാമാണ് കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
LTCC യുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.പി.അഹ് മദ് കോയയാണ് നിർദ്ദേശം നൽകിക്കൊണ്ട് സന്ദേശം അയച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *