മദ്യ നിരോധനം തുടരണം: SJM കളക്ടർ വഴി രാഷ്ട്രപതിക്ക് നിവേദനം നൽകി

കവരത്തി: ലക്ഷദ്വീപിൽ പുതുതായി നടപ്പിലാക്കിയ എക്സൈസ് റഗുലേഷൻ ഉത്തരവ് പൂർണ്ണമായും പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ (SJM) ലക്ഷദ്വീപ് ജില്ലാ കമ്മിറ്റി ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതി മാഡം ദ്രൗപദി മുർമുവിന് നിവേദനം സമർപ്പിച്ചു. ലക്ഷദ്വീപ് ജില്ലാ കളക്ടർ ശിവം ചന്ദ്ര ഐ.എ.എസിന് നേരിട്ടെത്തിയാണ് സംഘടന ഭാരവാഹികൾ രാഷ്ട്രപതിക്കുള്ള നിവേദനം കൈമാറിയത്.

വിവിധ ദ്വീപുകളിലെ 30ൽ അധികം മദ്രസകളിൽ സേവനം ചെയ്യുന്ന ഉസ്താദുമാരുടെ സംഘടനയാണ് സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ. ഇത് മതപരമായ ഒരു വിഷയം മാത്രമായി നോക്കി കാണരുത് എന്നും ഇതുണ്ടാക്കുന്ന സാമൂഹിക വിപത്ത് ദൂരവ്യാപകവും അപകടകരവും ആണെന്നും ഭാരവാഹികൾ അഭിപ്രായപ്പെട്ടു.

ദ്വീപ് സമൂഹത്തിന്റെ ആശങ്കകൾ പൂർണ്ണമായും അവഗണിച്ചുകൊണ്ട് പുറപ്പെടുവിച്ച ഈ നിയമം അടിയന്തരമായി പിൻവലിക്കാൻ രാഷ്ട്രപതിയുടെ ഭാഗത്തുനിന്ന് ഇടപെടലുണ്ടാകണമെന്ന് എസ് ജെ എം ഭാരവാഹികളായ ഷെയ്ക്കോയ ബാഖവി (പ്രസിഡന്റ്), ഹാഷിം അഹ്സനി (ജനറൽ സെക്രട്ടറി), അബ്ദുൽ സമദ് കോയ ദാരിമി (ട്രഷറർ) എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.