കൊച്ചി: കൽപേനി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ യുവാവിനെതിരായ എഫ്‌ഐആർ കേരള ഹൈക്കോടതി റദ്ദാക്കി. കൽപേനി സ്വദേശിയായ അഷ്ഹർ ഷബീബിനെതിരെ രജിസ്റ്റർ ചെയ്ത ക്രൈം നമ്പർ 5/2026 കേസാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ റദ്ദാക്കിയത്. 2026 ജൂൺ 23-ന് പുറപ്പെടുവിച്ച ഉത്തരവിലാണ് കോടതി നടപടി സ്വീകരിച്ചത്.
എം.വി. കോറൽസ് കപ്പലിൽ ടിക്കറ്റില്ലാതെ യാത്ര ചെയ്തതും ഒരു യുവാവിനെ ഭീഷണിപ്പെടുത്തി ആക്രമിച്ചതുമാണ് പോലീസ് റിപ്പോർട്ടിൽ ആരോപിച്ചിരുന്നത്. എന്നാൽ റിപ്പോർട്ട് സമർപ്പിച്ച പോലീസ് കോൺസ്റ്റബിളിന് സംഭവത്തെക്കുറിച്ച് നേരിട്ടുള്ള അറിവില്ലായിരുന്നുവെന്നും രഹസ്യാന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയതെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിൽ ചുമത്തിയ ഭാരതീയ ന്യായ സംഹിതയിലെ 318(3), 223, 329(4) വകുപ്പുകൾ പ്രഥമദൃഷ്ട്യാ നിലനിൽക്കുന്നതല്ലെന്ന് കോടതി വിലയിരുത്തി. പൊതുഗതാഗതത്തിനായി ഉപയോഗിക്കുന്ന കപ്പലിൽ ടിക്കറ്റില്ലാതെ പ്രവേശിച്ചതുകൊണ്ട് മാത്രം ‘ഹൗസ് ട്രെസ്‌പാസ്’ കുറ്റം നിലവിൽ വരില്ലെന്നും, അത്തരം കുറ്റം ചുമത്താൻ ആവശ്യമായ നിയമപരമായ ഘടകങ്ങൾ കേസിൽ ഇല്ലെന്നും കോടതി വ്യക്തമാക്കി.
കേസ് രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പരാതിയിലെ ആരോപണങ്ങൾ നിയമപരമായി കുറ്റകൃത്യമാകുന്നുണ്ടോയെന്ന് പരിശോധിക്കാതെയാണ് സ്റ്റേഷൻ ഹൗസ് ഓഫീസർ നടപടി സ്വീകരിച്ചതെന്ന് കോടതി വിമർശിച്ചു. ഇത്തരത്തിൽ അടിസ്ഥാനരഹിതമായ കേസുകൾ രജിസ്റ്റർ ചെയ്യുന്നത് കോടതിയുടെ നടപടിക്രമങ്ങളുടെ ദുരുപയോഗമാണെന്നും നിരപരാധികളെ അനാവശ്യമായി ക്രിമിനൽ കേസുകളിൽ കുടുക്കുന്നതിന് വഴിയൊരുക്കുമെന്നും കോടതി നിരീക്ഷിച്ചു.
ഭാവിയിൽ അടിസ്ഥാനമില്ലാത്ത കേസുകൾ രജിസ്റ്റർ ചെയ്യാതിരിക്കാൻ ബന്ധപ്പെട്ട പോലീസ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകണമെന്ന് ലക്ഷദ്വീപ് പോലീസ് സൂപ്രണ്ടിനോട് ഹൈക്കോടതി നിർദേശിച്ചു. ഇതോടെ കൽപേനി പോലീസ് രജിസ്റ്റർ ചെയ്ത എഫ്‌ഐആറും തുടർനടപടികളും പൂർണമായും റദ്ദാക്കി.
ഇല്ലാത്ത കുറ്റങ്ങൾ ചുമത്തിയും ചെറിയ തെറ്റ് കുറ്റങ്ങൾക്ക് കഠിനശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തിയും കേസെടുക്കുന്ന സാഹചര്യങ്ങൾ നിലനിൽക്കുമ്പോൾ ഇത്തരം ഉത്തരവുകൾ കോടതികൾക്ക് ജനങ്ങൾക്കിടയിലുണ്ടാകുന്ന പ്രതീക്ഷ വർദ്ധിപ്പിക്കുന്നതാണ്. വ്യക്തിവിരോധം തീർക്കാൻ അധികാരം വിനിയോഗിക്കുന്ന നിയമപാലകരായ വ്യക്തികൾക്കെതിരെ നടപടി എടുത്ത് മാതൃകാപരമായി ശിക്ഷിക്കേണ്ടതുമാണ്.ലക്ഷദ്വീപ് കോൺഗ്രസ്സിൻ്റെ സമുന്നത നേതാവുംL TCC ജനറൽ സെക്രട്ടറിയുമായ എം.കെ.കോയാ കൽപ്പേനിയുടെ മകനാണ് അഷ്ഹർ ഹബീബ്.
