പ്രതിഷേധങ്ങളും പ്രകടനങ്ങളും: നിയന്ത്രണങ്ങൾ പിൻവലിക്കണം: എം.പി

ദില്ലി :- ലക്ഷദ്വീപിൽ ജനാധിപത്യ പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കും ജില്ലാ ഭരണകൂടം ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്ന് ലക്ഷദ്വീപ് എം.പി.ഹംദുല്ലാ സഈദ് കേന്ദ്ര ആഭ്യന്തര മന്ത്രിയോട് ആവശ്യപ്പെട്ടു.2026 ജൂൺ 10ന് ജില്ലാ മജിസ്ട്രേറ്റ് പുറപ്പെടുവിച്ച ഉത്തരവിലൂടെ പ്രതിഷേധങ്ങൾ, പ്രകടനങ്ങൾ, ധർണ കർ, പൊതുയോഗങ്ങൾ എന്നിവയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതായും, അഞ്ച് പേരോ അതിലധികമോ പങ്കെടുക്കുന്ന പരിപാടികൾക്ക് അഞ്ച് ദിവസം മുമ്പ് പോലീസിൻ്റെ മുൻകൂർ അനുമതി നിർബന്ധമാക്കിയതായും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടുന്നു. ഈ നിയന്ത്രണങ്ങൾ ഭരണഘടനയുടെ അനുച്ഛേദം 19 ഉറപ്പു നൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശത്തിനും ഭിന്നാഭിപ്രായം പ്രകടിപ്പിക്കാനുള്ള അവകാശത്തിനും വിരുദ്ധമാണെന്നും ഹംദുല്ലാ അഭിപ്രായപ്പെട്ടു. സമാധാനപരമായ പ്രതിഷേധങ്ങളുടെ ദീർഘകാല പാരമ്പര്യമുള്ള ലക്ഷദ്വീപിൽ ഇത്തരം നിയന്ത്രണങ്ങൾക്ക് യാതൊരു ന്യായീകരണവുമില്ലെന്നും ആഭ്യന്തര വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം കൂടിയായ അദ്ദേഹം വ്യക്തമാക്കി. ജനാധിപത്യപരമായ അഭിപ്രായപ്രകടനവും സമാധാനപരമായ പ്രതിഷേധവും നിരുത്സാഹപ്പെടുത്തുന്നുവെന്ന ധാരണ ലക്ഷദ്വീപ് ഭരണകൂടം  ഏർപ്പെടുത്തിയ നിയന്ത്രങ്ങൾ സൃഷ്ടിച്ചേക്കാമെന്നത് തന്നെ കൂടുതൽ ആശങ്കപ്പെടുത്തുന്നുവെന്ന്  അദ്ദേഹം  അമിത് ഷാ യ്ക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ഇത് നമ്മുടെ ഭരണഘടനയുടെ ആത്മാവിനും രാജ്യത്തിൻ്റെ ജനാധിപത്യ പാരമ്പര്യങ്ങൾക്കും വിരുദ്ധമാണ്.ജനങ്ങൾക്ക് അവരുടെ ആശങ്കകൾ ഉന്നയിക്കാനും പൊതു ചർച്ചകളിൽ പങ്കെടുക്കാനും സമാധാനപരവും നിയമാനുസൃതവുമായ മാർഗ്ഗങ്ങളിലൂടെ യുക്തിസഹമായ അവസരങ്ങൾ ലഭിക്കേണ്ടതുണ്ടെന്നും അദ്ദേഹം ചൂട്ടിക്കാട്ടി.കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനാണ് കേന്ദ്ര ഭരണ പ്രദേശങ്ങളുടെ ഭരണനിർവഹണത്തിൻ്റെ ആകെ ഉത്തരവാദിത്തമുള്ളത്. അതിനാൽ ഈ വിഷയം അങ്ങയുടെ ഓഫീസ് പരിശോധിക്കുകയും ജനാധിപത്യ പ്രതിഷേധങ്ങൾക്കും പൊതുയോഗങ്ങൾക്കും മേൽ ലക്ഷദ്വീപ് ഭരണകൂടം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ പുന:പരിശോധിച്ച് പിൻവലിക്കാൻ നിർദ്ദേശം നൽകുകയും ചെയ്യണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.ലക്ഷദ്വീപ് ജനതയുടെ ഭരണഘടനാപരമായ അവകാശങ്ങളും പൗരസ്വാതന്ത്ര്യങ്ങളും സംരക്ഷിക്കപ്പെടുകയും, സ്ഥാപിതമായ ജനാധിപത്യ മാനദണ്ഡങ്ങൾക്കും ഭരണഘടനാ തത്വങ്ങൾക്കും അനുസൃതമായി സമാധാനപരമായ ജനാധിപത്യ അഭിപ്രായപ്രകടനങ്ങൾ തുടരാൻ സാഹചര്യമൊരുക്കുകയും ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.