ലക്ഷദ്വീപിലെ മദ്യനിരോധനം പുനഃസ്ഥാപിക്കണം; കേന്ദ്ര നടപടി പിൻവലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത്

കോഴിക്കോട്: ലക്ഷദ്വീപിൽ പതിറ്റാണ്ടുകളായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നിയമം റദ്ദാക്കിയ കേന്ദ്ര സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. അടുത്തിടെ പ്രാബല്യത്തിൽ വന്ന ‘ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’ പിൻവലിച്ച് സമ്പൂർണ മദ്യനിരോധനം പുനഃസ്ഥാപിക്കണമെന്നാണ് സംഘടനയുടെ ആവശ്യം.

സമാധാനപരമായ ജീവിതം നയിക്കുന്ന ദ്വീപ് ജനതയുടെ സാമൂഹിക സുരക്ഷയും സാംസ്കാരിക അന്തരീക്ഷവും തകർക്കാൻ ഇത്തരം നീക്കങ്ങൾ ഇടയാക്കുമെന്ന് സംഘടന അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് കുറ്റകൃത്യങ്ങൾ വളരെ കുറവുള്ളതും ഏറ്റവും സുരക്ഷിതവുമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപെന്ന് ഔദ്യോഗിക കണക്കുകൾ തന്നെ വ്യക്തമാക്കുന്നതായും മുസ്‌ലിം ജമാഅത്ത് ചൂണ്ടിക്കാട്ടി.

ഈ വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുന്നതിന്റെ ഭാഗമായി കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ ധർണ വിജയിപ്പിക്കണമെന്നും സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു.

സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്റാഹീം ഖലീൽ അൽബുഖാരി അധ്യക്ഷത വഹിച്ച യോഗത്തിൽ വണ്ടൂർ അബ്ദുറഹ്മാൻ ഫൈസി, പേരോട് അബ്ദുറഹ്മാൻ സഖാഫി, വി. എച്ച്. അലി ദാരിമി, സയ്യിദ് ത്വാഹാ തങ്ങൾ സഖാഫി, സി. പി. സൈദലവി, മജീദ് കക്കാട്, സുലൈമാൻ സഖാഫി മാളിയേക്കൽ, കുറ്റമ്പാറ അബ്ദുറഹ്മാൻ ദാരിമി, മുഹമ്മദ് പറവൂർ, എം. കെ. ഹാമിദ്, ജി. അബൂബക്കർ, അബൂബക്കർ പടിക്കൽ എന്നിവർ പങ്കെടുത്തു.

നാളെ എസ്.വൈ.എസ് ധർണ

ലക്ഷദ്വീപിലെ മദ്യനിരോധനം ഒഴിവാക്കിയ നടപടിക്കെതിരെ സമ്പൂർണ മദ്യനിരോധനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ്.വൈ.എസ് നാളെ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ ധർണ സംഘടിപ്പിക്കും.

രാവിലെ 10 മണിക്ക് ആരംഭിക്കുന്ന ധർണ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് കെ. എസ്. എം. ഷാജഹാൻ സഖാഫി അധ്യക്ഷത വഹിക്കും. വി. എച്ച്. അലി ദാരിമി, സയ്യിദ് സി. ടി. ഹാശിം തങ്ങൾ, എം. പി. അബ്ദുൽ ജബ്ബാർ സഖാഫി, എം. എം. അബ്ദുൽ കരീം ഹാജി മണക്കാടൻ, സി. എ. ഹൈദ്രോസ് ഹാജി, കെ. സി. അബ്ദുൽ ഖാദിർ സഖാഫി (അഗത്തി), ഹാശിം അഹ്സനി (കവരത്തി) എന്നിവർ ധർണയിൽ സംസാരിക്കും.


Leave a Reply

Your email address will not be published. Required fields are marked *