സത്യസന്ധതയുടെ മാതൃകയായി മുഹമ്മദ് റയാൻ; സ്വർണ്ണമാല ഉടമയ്ക്ക് തിരികെ നൽകി കൊച്ചുമിടുക്കൻ

കിൽത്താൻ: സത്യസന്ധതയിലൂടെ ഏവരുടെയും അഭിനന്ദനം ഏറ്റുവാങ്ങി ലക്ഷദ്വീപിലെ പി.എം. ശ്രീ ജൂനിയർ ബേസിക് സ്കൂൾ കിൽത്താനിലെ രണ്ടാം സി ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയാൻ.

സ്കൂൾ പരിസരത്ത് നിന്ന് ലഭിച്ച വിലപിടിപ്പുള്ള സ്വർണ്ണമാല തന്റെതല്ലെന്ന് തിരിച്ചറിഞ്ഞ റയാൻ, യാതൊരു മടിയും കൂടാതെ അത് സ്കൂൾ ഹെഡ്മാസ്റ്റർ ദസ്തകീർ സാറിന് കൈമാറുകയായിരുന്നു. സ്വന്തം താൽപര്യത്തേക്കാൾ മറ്റൊരാളുടെ അവകാശത്തിന് പ്രാധാന്യം നൽകിയ ഈ കൊച്ചുമിടുക്കന്റെ പ്രവർത്തി വിദ്യാർത്ഥികൾക്കും സമൂഹത്തിനും ഒരുപോലെ മാതൃകയായി.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നഷ്ടപ്പെട്ട സ്വർണ്ണമാല രണ്ടാം ബി ക്ലാസ് വിദ്യാർത്ഥിനിയായ ഇഷാ ശൗഖിന്റേതാണെന്ന് കണ്ടെത്തിയത്. തിരികെ ലഭിക്കുമെന്ന പ്രതീക്ഷ നഷ്ടപ്പെട്ടിരുന്ന മാല കൈയിൽ തിരിച്ചെത്തിയതോടെ ഇഷാ ശൗഖിനും കുടുംബത്തിനും വലിയ സന്തോഷമായി.

റയാന്റെ മാതൃകാപരമായ സത്യസന്ധതയെ അഭിനന്ദിച്ച് ഇഷാ ശൗഖിന്റെ പിതാവും പ്രദേശത്തെ എസ്.എച്ച്.ഒയുമായ ഷൗഖ് സാർ ഒരു പാരിതോഷികം സമ്മാനിച്ചു. സ്കൂൾ അസംബ്ലിയിൽ വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ ദസ്തകീർ സാർ റയാന് ആ പാരിതോഷികം കൈമാറി.

ചെറിയ പ്രായത്തിൽ തന്നെ വലിയൊരു ജീവിതമൂല്യമാണ് മുഹമ്മദ് റയാൻ സമൂഹത്തിന് മുന്നിൽ അവതരിപ്പിച്ചിരിക്കുന്നത്. സത്യസന്ധതയും നന്മയും ഇന്നും സമൂഹത്തിൽ ജീവിച്ചിരിക്കുന്നുവെന്ന സന്ദേശം ഈ കൊച്ചുമിടുക്കന്റെ പ്രവർത്തി വീണ്ടും ഓർമ്മപ്പെടുത്തുന്നു.

മുഹമ്മദ് റയാനെ മികച്ച മൂല്യങ്ങളോടെ വളർത്തിയ മാതാപിതാക്കൾക്കും അധ്യാപകർക്കും സമൂഹത്തിന്റെ അഭിനന്ദനങ്ങൾ. നാളെയുടെ നല്ല പൗരനായി വളരാൻ മുഹമ്മദ് റയാന് എല്ലാവിധ ആശംസകളും.

Leave a Reply

Your email address will not be published. Required fields are marked *