ലക്ഷദ്വീപിലെ മദ്യനിരോധനം പുനഃസ്ഥാപിക്കണം; കൊച്ചിയിൽ എസ് വൈ എസ് ധർണ്ണ

കൊച്ചി: ലക്ഷദ്വീപിൽ മദ്യനിരോധനം പിൻവലിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. സമ്പൂർണ്ണ മദ്യനിരോധനം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് എസ് വൈ എസ് പ്രവർത്തകർ കൊച്ചിയിലെ ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ ഓഫീസിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

ധർണ്ണ സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കെ എസ് എം ഷാജഹാൻ സഖാഫിയുടെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ വി എച്ച് അലി ദാരിമി, സയ്യിദ് സി ടി ഹാഷിം തങ്ങൾ, എം പി അബ്ദുൽ ജബ്ബാർ സഖാഫി, എം എം അബ്ദുൽ കരീം ഹാജി മണക്കാടൻ, സി എ ഹൈദ്രോസ് ഹാജി, കെ സി അബ്ദുൽ ഖാദിർ സഖാഫി (അഗത്തി), ഹാഷിം അഹ്സനി (കവരത്തി) എന്നിവർ സംസാരിച്ചു.

അതേസമയം, ലക്ഷദ്വീപിൽ അര നൂറ്റാണ്ടിലേറെയായി നിലവിലുണ്ടായിരുന്ന മദ്യനിരോധന നിയമം റദ്ദാക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടി പിൻവലിക്കണമെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന കമ്മിറ്റിയും കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. 1979-ലെ മദ്യനിരോധന നിയമം ഒഴിവാക്കി അടുത്തിടെ പ്രാബല്യത്തിൽ കൊണ്ടുവന്ന **’ലക്ഷദ്വീപ് എക്സൈസ് റെഗുലേഷൻ 2026’** പിൻവലിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെയും കേന്ദ്രഭരണ പ്രദേശങ്ങളെയും അപേക്ഷിച്ച് കുറ്റകൃത്യനിരക്ക് ഏറ്റവും കുറവുള്ളതും സുരക്ഷിതവുമായ പ്രദേശങ്ങളിലൊന്നാണ് ലക്ഷദ്വീപെന്ന് ഔദ്യോഗിക കണക്കുകൾ വ്യക്തമാക്കുന്നുവെന്ന് സംഘടന ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിൽ മദ്യനിരോധനം പിൻവലിക്കുന്ന നടപടി ദ്വീപ് സമൂഹത്തിന്റെ സമാധാനപരമായ സാമൂഹികാന്തരീക്ഷത്തെയും സാംസ്കാരിക മൂല്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പ്രകടിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *