കൊച്ചി: ലക്ഷദ്വീപ് യാത്ര ആഗ്രഹിക്കുന്നവർക്ക് സന്തോഷ വാർത്ത. കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് രാജ്യത്തെ ആദ്യത്തെ വാണിജ്യാടിസ്ഥാനത്തിലുള്ള സീ പ്ലെയിൻ (Seaplane) സർവീസ് അടുത്തയാഴ്ചയോടെ ആരംഭിക്കും. ‘സ്കൈ ഹോപ്’ കമ്പനിയാണ് ഈ സർവീസ് നടത്തുന്നത്. പരീക്ഷണപ്പറക്കലുകൾ വിജയകരമായി പൂർത്തിയാക്കിയ വിമാനം, ഉദ്ഘാടന തിയതി പ്രഖ്യാപിക്കുന്നതോടെ ആദ്യ യാത്രികരുമായി പറന്നുയരും.
കേന്ദ്ര സർക്കാരിന്റെ റീജനൽ കണക്ടിവിറ്റി പദ്ധതിയായ ‘ഉഡാൻ’ (UDAN)-ൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ ഏകദേശം 6000 രൂപയിൽ താഴെ മാത്രമായിരിക്കും യാത്രാച്ചെലവ് എന്നാണ് പ്രതീക്ഷിക്കുന്നത്.
‘ട്വിൻ ഓട്ടർ’ എന്ന ഇരട്ടച്ചങ്കൻ
കാനഡയിൽ നിർമ്മിച്ച ‘വൈക്കിങ് ഡിഎച്ച്സി–6–400 ട്വിൻ ഓട്ടർ’ എന്ന ആംഫിബിയൻ (കരയിലും വെള്ളത്തിലും ഇറങ്ങാൻ കഴിയുന്ന) വിമാനമാണ് ഈ സർവീസിനായി ഉപയോഗിക്കുന്നത്.
രണ്ട് പൈലറ്റുമാരും ഒരു ക്യാബിൻ ക്രൂവും ഉൾപ്പെടെ 20 പേർക്ക് ഒരേസമയം യാത്ര ചെയ്യാം. മണിക്കൂറിൽ 337 കിലോമീറ്റർ വേഗതയുണ്ടിതിന്.
കൊച്ചിയിൽ നിന്ന് ലക്ഷദ്വീപിലേക്ക് പരമാവധി 1.20 മണിക്കൂർ സമയം എടുക്കും പറന്നെത്താൻ. യാത്രാസമയം കുറവായതിനാൽ വിമാനത്തിനുള്ളിൽ ശുചിമുറിയോ ഭക്ഷണ സൗകര്യമോ ഉണ്ടായിരിക്കില്ല.
ഈ വിമാനം പറത്തുന്ന രണ്ട് പൈലറ്റുമാരിൽ ഒരാൾ മലയാളി ആണെന്നത് അഭിമാനകരമാണ്. ആംഫിബിയൻ വിമാനങ്ങൾ പറത്താൻ ലൈസൻസുള്ള ഇന്ത്യയിലെ ഏക വ്യക്തിയായ കോട്ടയം നെടുംകുന്നം സ്വദേശി ക്യാപ്റ്റൻ അരുൺ ഗോപാണ് വിമാനത്തിന്റെ മുഖ്യ പൈലറ്റ്. ഫിജി സ്വദേശിയായ മിന്റേഷ് പ്രസാദാണ് രണ്ടാമത്തെ പൈലറ്റ്.
കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്ന സീ പ്ലെയിൻ ലക്ഷദ്വീപിലെ 5 പ്രധാന ദ്വീപുകളെയാണ് ബന്ധിപ്പിക്കുന്നത്.
1. കൽപേനി (ആദ്യ സ്റ്റോപ്പ്)
2. കവരത്തി (ദ്വീപ് തലസ്ഥാനം)
3. അഗത്തി
4. കടമത്ത്
5. കിൽത്താൻ
ഈ ദ്വീപുകളിലെല്ലാം വിമാനമിറങ്ങാനുള്ള വാട്ടർ റൺവേകളും പാസഞ്ചർ ടെർമിനലുകളും പൂർണ്ണസജ്ജമായിക്കഴിഞ്ഞു.
ഈ വിമാനത്തിൽ ജലത്തിൽ ലാൻഡ് ചെയ്യാനുള്ള ‘ഫ്ലോട്ടുകൾ’ ഘടിപ്പിച്ചത് യുഎസ് കമ്പനിയായ വിപ് എയറിന്റെ നേതൃത്വത്തിൽ ഡെറാഡൂണിൽ വെച്ചായിരുന്നു. ഇന്ത്യയിൽ ആദ്യമായാണ് ഇത്തരമൊരു പ്രക്രിയ നടക്കുന്നത്. ഇതിനുശേഷം ഫ്ലോട്ടുകളുടെ പ്രവർത്തനം പരിശോധിക്കാൻ വിമാനം ആദ്യമായി ലാൻഡ് ചെയ്തത് പുണ്യനദിയായ ഗംഗയിലായിരുന്നു.
സുരക്ഷാ കാരണങ്ങളാൽ പകൽ സമയങ്ങളിൽ മാത്രമേ സീ പ്ലെയിൻ സർവീസ് ഉണ്ടാവുകയുള്ളൂ. കടലിൽ രാത്രി ലാൻഡിങ് അനുവദനീയമല്ല. രാവിലെ കൊച്ചിയിൽ നിന്ന് തിരിച്ച് സന്ധ്യയോടെ മടങ്ങിയെത്തുന്ന രീതിയിലാണ് ക്രമീകരണം. ലക്ഷദ്വീപിലെ പെട്ടെന്നുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ വെല്ലുവിളിയാണെങ്കിലും പൈലറ്റുമാർ തത്സമയം കാലാവസ്ഥ വിലയിരുത്തി തീരുമാനമെടുക്കുന്ന ‘വിഷ്വൽ ഫ്ലൈറ്റ് റൂൾസ്’ പാലിച്ചായിരിക്കും സർവീസ് നടത്തുക.
കടപ്പാട്: 𝐈𝐬𝐥𝐚𝐧𝐝 𝐕𝐢𝐞𝐰 ❷❹𝐧𝐞𝐰𝐬
