കവരത്തി : ലക്ഷദ്വീപിലെ കടമത്ത്, കൽപ്പേനി എന്നീ ദ്വീപുകളിൽ ആധുനിക സംവിധാനങ്ങളോട് കൂടിയ കടൽ ഭീമൻ കടൽ പാലങ്ങളുടെയും അനുബന്ധ റോഡുകളുടെയും 885 കോടി രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. കേന്ദ്രഭരണ പ്രാദേശമായ ദമൻ ദിയുവിൽ നിന്ന് ഓൺലൈനായി ഉദ്ഘാടനം നടത്തുകയായിരുന്നു. എന്നാൽ അതേ ദിവസം കവരത്തി ബിജെപി ആസ്ഥാനത്തു ലക്ഷദ്വീപ് ബിജെപി അധ്യക്ഷൻ കെ എൻ കാസ്മിക്കോയ നടത്തിയ വാർത്താ സമ്മേളനത്തിൽ ഭരണകൂടത്തിനെതിരെ രൂക്ഷമായ വിമർശനം.വികസന പ്രവർത്തനങ്ങളുടെ പേരിൽ റോഡിന്റെ വശങ്ങളിലുള്ള തെങ്ങുകൾ വെട്ടിമാറ്റുന്നത് ദ്വീപിന്റെ പരിസ്ഥിതിക്ക് ദോഷം ചെയ്യുമെന്നും വികസന പ്രവർത്തനങ്ങളുടെ പേരിൽ തെങ്ങുകൾ വെട്ടിമാറ്റുന്നതിനെതിരെ ശക്തമായ പ്രതിഷേധം അറിയിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.വെട്ടിമാറ്റുന്നതെങ്ങുകൾക്ക് പകരം ന്യായമായ നഷ്ട പരിഹാരം ഉടമസ്ഥർക്ക് നൽകണമെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിൽ ജനറൽ സെക്രട്ടറി ഷഹർബാൻ,വൈസ് പ്രസിഡന്റ് ജാഫർ ഷാ, വഖഫ് ബോർഡ് അധ്യക്ഷൻ അബ്ദുൽ ഖാദർ, ഡോക്ടർ മുത്തുകോയ തുടങ്ങിയവർ പങ്കെടുത്തു.
