കവരത്തി: ലക്ഷദ്വീപിലെ കടമത്ത് ഗവൺമെന്റ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെയും പ്രിൻസിപ്പലിനെയും പുനർനിയമിച്ച് ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉത്തരവിറക്കി. അധ്യാപകരുടെ കരാർ പുതുക്കാത്തതും പഠനപ്രവർത്തനങ്ങൾ പ്രതിസന്ധിയിലായതും ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ ഉന്നയിച്ച് കടമത്ത് ഗവൺമെന്റ് കോളേജിൽ വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധങ്ങൾക്കു പിന്നാലെ കരാർ അധ്യാപകരുടെ പുനർനിയമന ഉത്തരവ് പുറത്തിറങ്ങി. ലക്ഷദ്വീപ് എം.പി. ഹംദുള്ള സഈദ് വിദ്യാഭ്യാസ സെക്രട്ടറിയുമായി നടത്തിയ ഇടപെടലും വിഷയത്തിൽ ശ്രദ്ധേയമായി. 2026 ഒക്ടോബർ 21-ന് ഡയറക്ടർ ഓഫ് എജ്യുക്കേഷൻ അവിനാഷ് സിംഗ് പുറപ്പെടുവിച്ച ഉത്തരവുകൾ പ്രകാരം വിവിധ വിഷയങ്ങളിലായി അധ്യാപകരെയാണ് നിയമിച്ചിരിക്കുന്നത്.
കോളേജിൽ കരാർ അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നതിനുള്ള ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും ഇടക്കാല ക്രമീകരണത്തിന്റെ ഭാഗമായാണ് നിയമനമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 2026 സെപ്റ്റംബർ 3 മുതൽ നവംബർ 30 വരെയോ തുടർ ഉത്തരവുകൾ ഉണ്ടാകുന്നതുവരെയോ ആണ് നിയമന കാലാവധി.
ഹിന്ദി, മലയാളം, സാമ്പത്തികശാസ്ത്രം, ഇംഗ്ലീഷ്, ടൂറിസം ആൻഡ് സർവീസ് ഇൻഡസ്ട്രി, സോഫ്റ്റ്വെയർ ഡെവലപ്മെന്റ്, കാറ്ററിങ് ആൻഡ് ഹോസ്പിറ്റാലിറ്റി തുടങ്ങിയ വിഷയങ്ങളിലാണ് അസിസ്റ്റന്റ് പ്രൊഫസർമാരെ നിയമിച്ചിരിക്കുന്നത്. ഡോ. രേഖ ഗോവിന്ദനെ പ്രിൻസിപ്പലായും പുനർനിയമിച്ചിട്ടുണ്ട്.
യുജിസി യോഗ്യതയുള്ളവർക്കും യോഗ്യതയില്ലാത്തവർക്കും വ്യത്യസ്ത പ്രതിമാസ പ്രതിഫലമാണ് ഉത്തരവുകളിൽ നിർദേശിച്ചിരിക്കുന്നത്. യുജിസി യോഗ്യതയുള്ള ചില വിഭാഗങ്ങളിൽ 50,000 രൂപയും പ്രിൻസിപ്പലിന് ഒരു ലക്ഷം രൂപയുമാണ് പ്രതിമാസ പ്രതിഫലം. യുജിസി യോഗ്യതയില്ലാത്ത വിഭാഗങ്ങളിൽ 45,000 രൂപയും 25,000 രൂപയും പ്രതിമാസ പ്രതിഫലമായി നിശ്ചയിച്ചിട്ടുണ്ട്.
നിയമനം ലഭിച്ചവർ വകുപ്പിന്റെ നിബന്ധനകൾക്കനുസരിച്ചുള്ള സമ്മതപത്രം സമർപ്പിക്കുകയും കരാർ ബോണ്ടിൽ ഒപ്പുവെക്കുകയും വേണം. ഹാജർ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പ്രതിഫലം നൽകുക. ഉത്തരവ് റദ്ദാക്കാനോ ഭേദഗതി ചെയ്യാനോ വകുപ്പിന് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.
