കവരത്തി: ലക്ഷദ്വീപ് ഭരണകൂടത്തിന്റെ പുതിയ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി മിനിസ്റ്റീരിയൽ ജീവനക്കാരെ സെക്രട്ടേറിയറ്റിൽ കേന്ദ്രീകരിച്ച് പുനർവിന്യസിക്കുന്ന നടപടിക്കെതിരെ ലക്ഷദ്വീപ് ഗവൺമെന്റ് എംപ്ലോയീസ് യൂണിയൻ (LGEU). പുതിയ പരിഷ്കാരങ്ങളുടെ ഭാഗമായി പുറപ്പെടുവിച്ച പൊതുസ്ഥലംമാറ്റ ഉത്തരവ് മരവിപ്പിക്കണമെന്നും നിലവിലുള്ള അംഗീകൃത സ്ഥലംമാറ്റ നയം കർശനമായി പാലിക്കണമെന്നും ആവശ്യപ്പെട്ട് യൂണിയന്റെ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി ഭരണകൂടത്തിന് നിവേദനം നൽകി.
നേരത്തെ വിവിധ വകുപ്പുകളിലും ദ്വീപുകളിലുമായി ജീവനക്കാരെ വിന്യസിച്ചിരുന്ന സംവിധാനം ഭരണപരമായ പ്രവർത്തനങ്ങൾ സുഗമമാക്കിയിരുന്നുവെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. ജീവനക്കാരുടെ വലിയൊരു വിഭാഗത്തെ സെക്രട്ടേറിയറ്റിന് കീഴിൽ കേന്ദ്രീകരിക്കുകയും വിവിധ വകുപ്പുകളിൽ നിന്നും പുറംദ്വീപുകളിൽ നിന്നുമുള്ള അവരുടെ സേവനം മാറ്റുകയും ചെയ്യുന്നത് ജീവനക്കാർക്കിടയിൽ ആശങ്കയും അസംതൃപ്തിയും സൃഷ്ടിച്ചിരിക്കുകയാണെന്നും നിവേദനത്തിൽ പറയുന്നു.
ദ്വീപുകളുടെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ പരിഗണിച്ച് ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ മാനുഷികവും പ്രായോഗികവുമായ സമീപനം സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു. സ്വന്തം ദ്വീപുകളിൽ സേവനമനുഷ്ഠിക്കാനുള്ള അവസരം, വിരമിക്കലിന് അടുത്തെത്തിയ ജീവനക്കാർക്കുള്ള പരിഗണന, അടുത്തിടെ സ്ഥലംമാറ്റം ലഭിച്ചവർക്ക് അനുവദിക്കേണ്ട കുറഞ്ഞ സേവനകാലാവധി എന്നിവ പുതിയ ഉത്തരവിൽ പരിഗണിച്ചിട്ടില്ലെന്നാണ് സംഘടനയുടെ ആരോപണം.
സ്ഥലംമാറ്റം കാരണം പത്താം, പന്ത്രണ്ടാം ക്ലാസ് ബോർഡ് പരീക്ഷകൾക്കായി നിലവിലെ കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ജീവനക്കാരുടെ മക്കൾക്കും പ്രയാസങ്ങൾ നേരിടേണ്ടിവരുമെന്ന് യൂണിയൻ ചൂണ്ടിക്കാട്ടി. ഇത്തരം സാഹചര്യങ്ങളിൽ കുട്ടികളുടെ ഭാവി പരിഗണിച്ച് മാനുഷികമായ സമീപനം സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
മിനിസ്റ്റീരിയൽ ജീവനക്കാരെ അതത് വകുപ്പുകളിൽ നിന്ന് മാറ്റുന്നത് അവിടങ്ങളിലെ ദൈനംദിന ഭരണപ്രവർത്തനങ്ങളെയും സാമ്പത്തിക നടപടികളെയും ബാധിക്കുമെന്ന ആശങ്കയും യൂണിയൻ ഉന്നയിച്ചു. അടിയന്തര അവധി അനുവദിക്കൽ, മെഡിക്കൽ അഡ്വാൻസുകൾ, സർവീസ് ബുക്ക് പുതുക്കൽ, സാമ്പത്തിക കണക്കുകൾ കൈകാര്യം ചെയ്യൽ തുടങ്ങിയ നടപടികളിൽ കാലതാമസം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ചെലവുചുരുക്കലിന്റെ പേരിൽ നിരവധി തസ്തികകൾ ഒഴിച്ചിട്ടിരിക്കെ നൂറുകണക്കിന് ജീവനക്കാരെ കുടുംബസമേതം വിവിധ ദ്വീപുകൾക്കിടയിൽ സ്ഥലംമാറ്റുന്നത് വലിയ സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്നും യൂണിയൻ ആരോപിച്ചു. ഉയർന്ന തസ്തികകളിലെ ഒഴിവുകൾ യോഗ്യരായ ജീവനക്കാരെക്കൊണ്ട് നികത്തണമെന്നും ആവശ്യപ്പെട്ടു.
പുതിയ പൊതുസ്ഥലംമാറ്റ ഉത്തരവും ഭരണപരിഷ്കാരങ്ങളും മരവിപ്പിക്കുക, നിലവിലുള്ള സ്ഥലംമാറ്റ നയം പാലിക്കുക, ഒഴിഞ്ഞുകിടക്കുന്ന തസ്തികകൾ അടിയന്തരമായി നികത്തുക, അംഗീകൃത സർവീസ് യൂണിയനുകളുമായി കൂടിയാലോചിച്ച് പരിഷ്കാരങ്ങൾ പുനഃപരിശോധിക്കുക എന്നിവയാണ് LGEU മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങൾ. ജീവനക്കാരുടെ ക്ഷേമവും ഭരണസംവിധാനത്തിന്റെ കാര്യക്ഷമതയും ഉറപ്പാക്കാൻ ഭരണകൂടം അടിയന്തരമായി ഇടപെടണമെന്നാണ് യൂണിയന്റെ ആവശ്യം.
