ലക്ഷദ്വീപിൽ പൊതു കേഡർ ജീവനക്കാരുടെ കേന്ദ്രീകൃത വിന്യാസം; പുതിയ ഉത്തരവ്


കവരത്തി: ലക്ഷദ്വീപ് ഭരണകൂടം ഫിഷറീസ്, കൃഷി, പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പുകളിലെ പൊതു കേഡർ ജീവനക്കാരുടെ വിന്യാസം കേന്ദ്രികരിച്ച് പുതിയ ഉത്തരവ് പുറത്തിറക്കി. സൂപ്രണ്ട്, സ്റ്റെനോഗ്രാഫർ, യു.ഡി ക്ലർക്ക്, എൽ.ഡി ക്ലർക്ക് ഉൾപ്പെടെയുള്ള ജീവനക്കാരെ ഏകീകൃത ഭരണ നിയന്ത്രണത്തിലാക്കുന്നതിനായാണ് നടപടി.

വകുപ്പുകൾ പ്രത്യേകം ഭരണ നിയന്ത്രണത്തിൽ പ്രവർത്തിച്ചതിനെ തുടർന്ന് ജീവനക്കാരുടെ ക്രമരഹിതമായ വിന്യാസവും ഭരണസംബന്ധമായ ബുദ്ധിമുട്ടുകളും ഉണ്ടായിരുന്നുവെന്ന് ഉത്തരവിൽ പറയുന്നു. ഇതിനെ പരിഹരിച്ച് ആവശ്യാനുസൃതമായി ജീവനക്കാരെ വിന്യസിക്കാനും ഭരണ സംവിധാനം കാര്യക്ഷമമാക്കാനുമാണ് കേന്ദ്രികൃത സംവിധാനം നടപ്പാക്കുന്നതെന്ന് ഭരണകൂടം വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി കവരത്തിയിലെ ഫിഷറീസ്, കാർഷികം, പ്രിന്റിംഗ് & സ്റ്റേഷനറി വകുപ്പുകളിലെ പൊതു കേഡർ ജീവനക്കാരെ 2026 മെയ് 25 ന് രാവിലെ മുതൽ നിലവിലെ ചുമതലകളിൽ നിന്ന് ഒഴിവാക്കി സർവീസസ് വകുപ്പിലെ സ്പെഷ്യൽ സെക്രട്ടറിയുടെ മുമ്പാകെ റിപ്പോർട്ട് ചെയ്യാൻ നിർദേശിച്ചു. തുടർന്ന് ഭരണ ആവശ്യങ്ങൾ പരിഗണിച്ച് പുതിയ നിയമനങ്ങൾ നൽകുന്നതായിരിക്കും.

അതേസമയം, വിവിധ ദ്വീപുകളിലെ കാർഷിക വകുപ്പിൽ പ്രവർത്തിക്കുന്ന പൊതു കേഡർ ജീവനക്കാരെയും നിലവിലെ സ്ഥാനങ്ങളിൽ നിന്ന് ഒഴിവാക്കി ബന്ധപ്പെട്ട ദ്വീപുകളിലെ ഡെപ്യൂട്ടി കളക്ടർ/ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ മുമ്പാകെ റിപ്പോർട്ട് ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്.

ബന്ധപ്പെട്ട വകുപ്പ് മേധാവികൾ ഉത്തരവ് അടിയന്തിരമായി നടപ്പിലാക്കുകയും കൈക്കൊണ്ട നടപടികളുടെ വിവരം  സർവീസസ് വകുപ്പിന് സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
സ്പെഷ്യൽ സെക്രട്ടറി (സർവീസസ്) പത്മാകർ രാം ത്രിപാഠിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ലക്ഷദ്വീപിലെ പൊതു ജനത്തിനും ഉദ്യോഗസ്ഥൻമാർക്കും ബുദ്ധിമുട്ടുകളും തടസ്സങ്ങളും ഉണ്ടാക്കുന്ന ഉത്തരവുകൾ തുക്ലക്ക് പരിഷ്ക്കാരം പോലെ ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. അതിൻ്റെ ഭാഗമായിട്ടു വേണം ഇതും കാണാൻ. എല്ലാം ഭരണപരിഷ്ക്കാരത്തിൻ്റെ പേരിൽ. ഇവിടെ ഭരിക്കപ്പെടുന്നവൻ്റെ വികാരം മാത്രം നാൾക്കുനാൾ ലംഘിക്കപ്പെട്ടുകൊണ്ടേയിരിക്കുന്നു.