സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരം

കവരത്തി, അഗത്തി, കല്പേനി, കടമത്ത് ദ്വീപുകൾക്ക് പിന്നാലെ കിൽത്താൻ ദ്വീപിലും സീപ്ലെയിൻ പരീക്ഷണ പറക്കൽ വിജയകരമായി പൂർത്തിയാക്കി. ആദ്യമായി സീപ്ലെയിൻ ദ്വീപിലെത്തിയതോടെ വലിയ ആവേശത്തിലാണ് നാട്ടുകാർ. സീപ്ലെയിൻ കാണാനായി നിരവധി പേർ കടപ്പുറത്ത് തടിച്ചുകൂടി. ദ്വീപുകൾ തമ്മിലുള്ള ഗതാഗത സൗകര്യം കൂടുതൽ ശക്തിപ്പെടുത്തുന്നതിനും വിനോദസഞ്ചാര മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തിയ പരീക്ഷണ പറക്കലാണ് ഇത്.

സീപ്ലെയിൻ സർവീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകൾ വിലയിരുത്തുന്നതിനായി ബന്ധപ്പെട്ട വകുപ്പുകളുടെയും സാങ്കേതിക വിദഗ്ധരുടെയും സാന്നിധ്യത്തിലായിരുന്നു പരീക്ഷണങ്ങൾ നടന്നത്.


ഡെപ്യൂട്ടി കലക്ടർ ബുസർ ജംഹറിൻ്റേ നേതൃത്വത്തിൽ കിൽത്താൻ ദ്വീപിൽ സീപ്ലെയിനിന് സ്വീകരണം നൽകി. ചടങ്ങിൽ ഖാസി ഇ.എ. കോയ ബാഖവി, മെഡിക്കൽ ഓഫീസർ ഡോ. ജലീൽ, പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എൻജിനീയർ ടി.പി മുഹമ്മദ് കോയ, ഇലക്ട്രിസിറ്റി ജൂനിയർ എൻജിനീയർ നിയമത്തുള്ള എന്നിവരുള്‍പ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുത്തു. കടൽ ജലത്തിൽ തന്നെ ടേക്ക് ഓഫ് ചെയ്യാനും ലാൻഡ് ചെയ്യാനും കഴിയുന്ന സീപ്ലെയിൻ സംവിധാനം ലക്ഷദ്വീപിലെ ഗതാഗത രംഗത്ത് വലിയ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.

സർവീസ് യാഥാർഥ്യമായാൽ ദ്വീപുകൾക്കിടയിലെ യാത്രാസമയം ഗണ്യമായി കുറയുകയും വിനോദസഞ്ചാരികൾക്ക് കൂടുതൽ സൗകര്യപ്രദമായ യാത്രാനുഭവം ലഭിക്കുകയും ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *