അഞ്ച് ദ്വീപുകളിൽ വാട്ടർ എയറോഡ്രോം ഡയറക്ടർമാരെ നിയമിച്ചു; പോർട്ട് അസിസ്റ്റൻ്റുമാർക്ക് അധിക ചുമതല

കവരത്തി: ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിൽ സീപ്ലെയിൻ പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിൻ്റെ ഭാഗമായി വാട്ടർ എയറോഡ്രോം/എയർപോർട്ട് ഡയറക്ടർമാരെ നിയമിച്ചുകൊണ്ട് ഭരണകൂടം ഉത്തരവിറക്കി. അഗത്തി, കവരത്തി, കൽപേനി, കടമത്ത്, കിൽത്താൻ എന്നീ ദ്വീപുകളിലെ വാട്ടർ എയറോഡ്രോമുകളുടെ പ്രവർത്തന ചുമതലയാണ് അതത് ദ്വീപുകളിലെ പോർട്ട് അസിസ്റ്റൻ്റുമാർക്ക് അധികമായി നൽകിയത്.

പുതിയ ഉത്തരവ് പ്രകാരം അഗത്തിയിൽ ശ്രീ. മുഹമ്മദ് കാസിം സി.കെ, കടമത്തിൽ ശ്രീമതി. റഹ്മത്ത് ബീഗം എം, കൽപേനിയിൽ ശ്രീ. റസൂലുദ്ദീൻ പി.എൻ, കവരത്തിയിൽ ശ്രീ. മുഹമ്മദ് ഷാഫി പി.ടി, കിൽത്താനിൽ ശ്രീ. മുഹമ്മദ് അലി കെ.സി എന്നിവരാണ് ഡയറക്ടർമാരായി ചുമതലയേറ്റത്. സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വാട്ടർ എയറോഡ്രോമുകളുടെ പ്രവർത്തനം സുഗമമാക്കുകയാണ് ഈ നിയമനത്തിലൂടെ ലക്ഷ്യമിടുന്നത്. അടുത്ത ഉത്തരവ് ഉണ്ടാകുന്നത് വരെ ഇവർ ഈ അധിക ചുമതലയിൽ തുടരുമെന്ന് പോർട്ട്, ഷിപ്പിംഗ് & ഏവിയേഷൻ വകുപ്പ് ഡയറക്ടർ ഡോ. ഗിരി ശങ്കർ ഐ.എ.എസ് അറിയിച്ചു.