ടിക്കറ്റ് ഹാക്കറെയും സംഘത്തെയും കണ്ടെത്തി!  മുന്നറിയിപ്പുമായി സോഷ്യൽ മീഡിയ പോസ്റ്റ്

ലക്ഷദ്വീപിലേക്കുള്ള യാത്രാ കപ്പൽ ടിക്കറ്റുകളുമായി ബന്ധപ്പെട്ട ഹാക്കിങ് വിവാദത്തിൽ പുതിയ വഴിതിരിവ്. കിൽത്താൻ ദ്വീപിലെ സാമൂഹിക-രാഷ്ട്രീയ പ്രവർത്തകനായ മഹദാ ഹുസൈൻ വിഷയത്തിൽ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തി. ഹാക്കറെയും സംഘത്തെയും തിരിച്ചറിഞ്ഞതായി അവകാശപ്പെട്ടുകൊണ്ട് അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മുന്നറിയിപ്പ് പോസ്റ്റ്  ശ്രദ്ധ നേടുകയാണ്.

നാളുകളായി കപ്പൽ ടിക്കറ്റ് ബുക്കിംഗുമായി ബന്ധപ്പെട്ട തട്ടിപ്പുകളെക്കുറിച്ച് നിരവധി പരാതികൾ പോലീസിനും പോർട്ട് ഡിപ്പാർട്ട്മെന്റിനും നൽകിയിട്ടുണ്ടെങ്കിലും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷൻ യാതൊരു കാര്യമായ നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് മഹദാ ഹുസൈൻ ആരോപിക്കുന്നു. ടിക്കറ്റ് റിലീസ് ചെയ്യുന്ന സമയത്ത് നിമിഷങ്ങൾക്കകം മുഴുവൻ ടിക്കറ്റുകളും അപ്രത്യക്ഷമാകുന്നത് സാധാരണ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടിക്കറ്റുകൾ ഔദ്യോഗികമായി തീർന്നതിനു ശേഷവും വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ ടിക്കറ്റുകൾ ലഭ്യമാണെന്ന സന്ദേശങ്ങൾ പ്രചരിക്കുന്നതും ഹാക്കിങ് പ്രവർത്തനങ്ങളുടെ തെളിവാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. മിനിക്കോയി സ്വദേശിയായ ഒരാളാണ് പ്രധാന ‘ടിക്കറ്റ് ഹാക്കർ’ എന്നും, ഇത് സാധാരണ ബോട്ടുകൾ ഉപയോഗിച്ചുള്ള ബുക്കിംഗ് അല്ലാതെ ഗുരുതരമായ സൈബർ കുറ്റകൃത്യമാണെന്നും അദ്ദേഹം പറഞ്ഞു.

ചികിത്സയ്ക്കും വിദ്യാഭ്യാസത്തിനുമായി വൻകരയിലേക്ക് പോകേണ്ട ദ്വീപുകാർക്ക് ടിക്കറ്റ് ലഭിക്കാതെ വരുമ്പോൾ, ഈ സാഹചര്യം ചൂഷണം ചെയ്ത് ചിലർ പണം സമ്പാദിക്കുന്നതായും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്നവരെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും മഹദാ ഹുസൈൻ അവകാശപ്പെട്ടു.

കൂടാതെ, ചില ഉന്നത ഉദ്യോഗസ്ഥരുമായി ഹാക്കർമാർക്ക് ബന്ധമുണ്ടാകാമെന്ന ആരോപണവും അദ്ദേഹം ഉന്നയിച്ചു. വിഷയത്തിൽ സ്വതന്ത്രവും വിദഗ്ധവുമായ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

ഹാക്കിങ് പ്രവർത്തനങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്ന് കടുത്ത ഭാഷയിൽ മുന്നറിയിപ്പ് നൽകിയ മഹദാ ഹുസൈൻ, നിയമനടപടികളോടൊപ്പം പൊതുജനങ്ങളിലേക്ക് വിവരങ്ങൾ പുറത്തുവിടുന്നതിനും തയ്യാറാണെന്ന് വ്യക്തമാക്കി. വിഷയത്തിൽ ബന്ധപ്പെട്ട അധികാരികളുടെ ഭാഗത്ത് നിന്ന് ഇതുവരെ ഔദ്യോഗിക പ്രതികരണം ഉണ്ടായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *