ഡൽഹിയിലെ ലക്ഷദ്വീപ് ഹൗസ് ഇനി ടാറ്റയുടെ ‘ജിഞ്ചർ’ ഹോട്ടൽ; ചട്ടലംഘനമെന്ന് റിപ്പോർട്ടുകൾ

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലയായ ചാണക്യപുരിയിൽ സ്ഥിതി ചെയ്യുന്ന ലക്ഷദ്വീപ്, ദാമൻ ആൻഡ് ദിയു ഗസ്റ്റ് ഹൗസുകൾ ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ‘ജിഞ്ചർ’ (Ginger) ഹോട്ടൽ ശൃംഖല ഏറ്റെടുത്തു. കേന്ദ്രഭരണ പ്രദേശങ്ങളുടെ ഔദ്യോഗിക ആവശ്യങ്ങൾക്കായി നീക്കിവെച്ച ഭൂമിയിൽ സ്വകാര്യ ഹോട്ടൽ പ്രവർത്തിക്കുന്നത് ഡൽഹി മാസ്റ്റർ പ്ലാനിന്റെയും ഭൂവിനിയോഗ ചട്ടങ്ങളുടെയും ലംഘനമാണെന്ന ആരോപണം ശക്തമാകുന്നു.


സർക്കാർ ആവശ്യങ്ങൾക്കായി കുറഞ്ഞ നിരക്കിൽ അനുവദിച്ച ‘ഇൻസ്റ്റിറ്റ്യൂഷണൽ’ ഭൂമിയിലാണ് ഇപ്പോൾ 59 മുറികളുള്ള ജിഞ്ചർ ഹോട്ടൽ പ്രവർത്തിക്കുന്നത്. ഇതിൽ വെറും 12 മുറികൾ മാത്രമാണ് കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർക്കായി മാറ്റിവെച്ചിട്ടുള്ളത്.
നേരത്തെ ദ്വീപ് നിവാസികൾക്കും ഉദ്യോഗസ്ഥർക്കും 750 രൂപയ്ക്ക് ലഭ്യമായിരുന്ന മുറികൾക്ക് ഇപ്പോൾ ജിഞ്ചർ ഹോട്ടൽ ഈടാക്കുന്നത് പ്രതിദിനം 7,000 രൂപയ്ക്ക് മുകളിലാണ്.


വെറും ശുചീകരണത്തിനും പരിപാലനത്തിനുമുള്ള (Maintenance) കരാർ എന്ന നിലയിലാണ് നീക്കങ്ങൾ തുടങ്ങിയതെങ്കിലും, ഫലത്തിൽ 15 വർഷത്തേക്ക് വസ്തുവിന്റെ പൂർണ്ണ നിയന്ത്രണം ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന് (IHCL) കൈമാറുകയായിരുന്നുവെന്ന് ഔട്ട്ലുക്ക് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.
ഡൽഹി ഡെവലപ്‌മെന്റ് ആക്ട് പ്രകാരം ഇളവ് നിരക്കിൽ അനുവദിച്ച ഭൂമി ഇത്തരത്തിൽ വാണിജ്യ ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ പാടില്ലെന്ന് മുൻ ഡി.ഡി.എ പ്ലാനിംഗ് കമ്മീഷണർ എ.കെ. ജെയിൻ വ്യക്തമാക്കി. ഇത് നിയമവിരുദ്ധമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.


അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ ഭരണത്തിന് കീഴിലാണ് ഈ വിവാദമായ കൈമാറ്റം നടന്നത്. 2019-ൽ ആരംഭിച്ച ഗസ്റ്റ് ഹൗസ് നവീകരണ പ്രവർത്തനങ്ങൾക്ക് പിന്നാലെ 2023-ലാണ് ഹോട്ടൽ ശൃംഖലയുമായുള്ള കരാറിൽ ഒപ്പിട്ടത്. നിലവിൽ ലക്ഷദ്വീപ് ഹൗസിന്റെ പ്രധാന കവാടം അടഞ്ഞുകിടക്കുകയാണെന്നും ഹോട്ടൽ ലോബി വഴിയാണ് പ്രവേശനമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ലക്ഷദ്വീപ് ജനതയുടെയും ദാമൻ ആൻഡ് ദിയു ഭരണകൂടത്തിന്റെയും സ്വത്തായ ഗസ്റ്റ് ഹൗസ് സമുച്ചയം സ്വകാര്യ കുത്തകകൾക്ക് വിട്ടുനൽകിയതിനെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.

കടപ്പാട്: ഔട്ട്ലുക്ക്