കവരത്തി: ലക്ഷദ്വീപിന്റെ സവിശേഷമായ ജൈവവ്യവസ്ഥയെയും ദ്വീപുവാസികളുടെ ജീവിതത്തെയും ആസ്പദമാക്കി നേച്ചർ കൺസർവേഷൻ ഫൗണ്ടേഷനും (NCF) ലക്ഷദ്വീപ് വനം-പരിസ്ഥിതി വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഖയാൽ’ ഫെസ്റ്റിവലിന്റെ സമാപന പരിപാടി മാർച്ച് 24-ന് കവരത്തിയിൽ നടക്കും. കവരത്തി പഞ്ചായത്ത് സ്റ്റേജിൽ വൈകുന്നേരം 4 മണി മുതലാണ് പരിപാടികൾ ആരംഭിക്കുന്നത്.
കഴിഞ്ഞ 30 വർഷമായി ലക്ഷദ്വീപിലെ സാമൂഹിക-പാരിസ്ഥിതിക മേഖലകളിൽ എൻ.സി.എഫ് നടത്തിവരുന്ന ഗവേഷണ ഫലങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുക, ലക്ഷദ്വീപിലെ പ്രകൃതിയും ജീവിതവും ആഘോഷമാക്കുക എന്നീ ലക്ഷ്യത്തോടെയാണ് പരിപാടി വിഭാവനം ചെയ്തിരിക്കുന്നത്. ഇതിനോടകം കടമത്ത്, അമിനി, ചെത്‌ലത്ത്, കൽപേനി, അഗത്തി, കില്ത്താൻ, ആൻഡ്രോത്ത് എന്നീ ഏഴ് ദ്വീപുകളിൽ വിജയകരമായി പൂർത്തിയാക്കിയ ശേഷമാണ് ഖയാൽ സമാപനത്തിനായി കവരത്തിയിൽ എത്തുന്നത്. വിവിധ ദ്വീപുകളിലായി മൂവായിരത്തിലധികം ആളുകൾ ഇതിനകം ഈ ആഘോഷത്തിന്റെ ഭാഗമായിക്കഴിഞ്ഞു.
ലക്ഷദ്വീപിന്റെ പരിസ്ഥിതി, സംസ്കാരം എന്നിവയോടൊപ്പം ലോകത്താകമാനമുള്ള സമുദ്ര വിജ്ഞാനങ്ങളെയും കോർത്തിണക്കുന്ന വിപുലമായ പ്രദർശനം ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാവുന്ന ഗെയിമുകൾ ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്. റംസാൻ കാലത്തെ ദ്വീപുജീവിതവും മീൻപിടുത്തവും പ്രമേയമാകുന്ന ‘ഒന്നാം ഫിറ’, ലഗൂണുകളെയും ഉപജീവനത്തെയും ആസ്പദമാക്കിയുള്ള ‘ബില്ലം’ എന്നീ ഡോക്യുമെന്ററികളുടെ പ്രദർശനവും അന്നേ ദിവസം നടക്കും.
കൂടാതെ കവരത്തിയിലെ ‘അർബൻ ഡാൻസേഴ്‌സ്’ അവതരിപ്പിക്കുന്ന നൃത്തവിസ്മയം, ദ്വീപിലെ പ്രാദേശിക പ്രതിഭകളുടെ കലാസൃഷ്ടികൾ അടങ്ങിയ സ്റ്റാളുകൾ, വൈവിധ്യമാർന്ന രുചിക്കൂട്ടുകളുമായി പ്രത്യേക ഭക്ഷണശാലകൾ എന്നിവയും മേളയ്ക്ക് മിഴിവേകും. റംസാൻ മാസത്തോടനുബന്ധിച്ച് പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി പ്രത്യേക ഇഫ്താർ വിരുന്നും പഞ്ചായത്ത് സ്റ്റേജിൽ ക്രമീകരിച്ചിട്ടുണ്ട്. കവരത്തിയിലെ മുഴുവൻ നാട്ടുകാരെയും ദ്വീപ് സന്ദർശിക്കാൻ എത്തിയ അതിഥികളെയും ഈ സാംസ്കാരിക വിരുന്നിലേക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.
